ചെറിയ ഒരു തുമ്പ് കിട്ടി, മൂക്കിൻ തുമ്പത്തുള്ള വീട്ടിലെ വലിയ രഹസ്യം കണ്ട് ഞെട്ടി പൊലീസ്, ഒടുവിൽ മിന്നൽ റെയ്ഡ്
ചെറിയ ഒരു തുമ്പിൽ നിന്നാണ് മൂക്കിൻ തുമ്പത്ത് ഏറെക്കാലമായി പ്രവർത്തിക്കുന്ന തോക്ക് നിർമ്മാണ ശാല ബിഹാർ പൊലീസ് കണ്ടെത്തിയത്. ഭോജ്പുർ ചന്ദ ഗ്രാമത്തിലെ ഒരു വീട്ടിലാണ് നിർമ്മാണ ശാല പ്രവർത്തിച്ചത്.
പാറ്റ്ന: ബിഹാറിലെ ഭോജ്പുർ ജില്ലയിൽ അനധികൃത തോക്ക് നിർമ്മാണ ശാല. കഴിഞ്ഞ ദിവസം രാത്രി നടന്ന റെയ്ഡിൽ ഏഴ് പേരെ പൊലീസ് പിടികൂടി. നിർമ്മാണ ശാല പ്രവർത്തിച്ച വീട്ടിൽ നിന്ന് പാതി പണി കഴിഞ്ഞ തോക്കുകളും അസംസ്കൃത വസ്തുക്കളും പൊലീസ് പിടിച്ചെടുത്തു. ചെറിയ ഒരു തുമ്പിൽ നിന്നാണ് മൂക്കിൻ തുമ്പത്ത് ഏറെക്കാലമായി പ്രവർത്തിക്കുന്ന തോക്ക് നിർമ്മാണ ശാല ബിഹാർ പൊലീസ് കണ്ടെത്തിയത്. ഭോജ്പുർ ചന്ദ ഗ്രാമത്തിലെ ഒരു വീട്ടിലാണ് നിർമ്മാണ ശാല പ്രവർത്തിച്ചത്.
സ്ഥലം മനസ്സിലാക്കിയ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് നടപടി തുടങ്ങി. രാത്രിക്ക് രാത്രി വീട് വളഞ്ഞു. പിടിയാലുകുമെന്ന് ഉറപ്പായതോടെ പ്രതികൾ ചിതറിയോടുകയായിരുന്നു. തോക്കു നിർമ്മാണ കേന്ദ്രത്തിന്റെ തലവനും വീട്ടുടമസ്ഥനുമായ വിരേന്ദ്ര കുമാർ ശ്രീവാസ്തവ അടക്കം ഏഴ് പേരെ പൊലീസ് സാഹസികമായി പിടികൂടി. ഇവരിൽ 3 പേർ നാടൻ തോക്ക് നിർമ്മാണത്തിൽ അതിവിദഗ്ധരാണ്.
സംഘത്തിൽ ബാക്കിയുണ്ടായിരുന്നവർ ഇരുട്ടിൽ മറഞ്ഞു. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നും ബിഹാർ പൊലീസ് അറിയിച്ചു. നിർമ്മാണം പൂർത്തിയാക്കിയ ഒരു തോക്കും നിർമ്മാണത്തിലിരുന്ന 35 തോക്കുകളും മറ്റ് വസ്തുക്കളും പൊലീസ് കണ്ടുകെട്ടി. ഇവർ ആർക്കാണ് തോക്കുകൾ കൈമാറിയതെന്നടക്കമുള്ള കാര്യങ്ങളിലും അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം