കനത്ത മഴയില്‍ മുങ്ങി മുംബൈ നഗരം; പ്രധാന റോഡുകൾ വെള്ളത്തിൽ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
മുംബൈ, റായ്ഗഡ്, രത്നഗിരി, സിന്ധുദുർഗ് എന്നീ ജില്ലകളിൽ ഇന്നും റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിലും പൂനെയിലും ഇന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.
മുംബൈ: മഹാരാഷ്ട്രയിൽ ഇന്നും കനത്ത മഴ തുടരുകയാണ്. മുംബൈ, റായ്ഗഡ്, രത്നഗിരി, സിന്ധുദുർഗ് എന്നീ ജില്ലകളിൽ ഇന്നും റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിലും പൂനെയിലും ഇന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. റെയിൽ വ്യോമ ഗതാഗതത്തെ ഇന്നും കനത്ത മഴ ബാധിച്ചേക്കും. ഇന്നലെ 50 വിമാനങ്ങളാണ് ഇന്നലെ മുംബൈ വിമാനത്താവളത്തിൽ നിന്ന് വഴിതിരിച്ച് വിടുകയോ റദ്ദാക്കുകയോ ചെയ്തത്. മുംബൈ പൂനെ റൂട്ടിൽ പല ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. മുംബൈയിൽ പലയിടത്തും രൂക്ഷമായ വെള്ളക്കെട്ടുണ്ട്. ഉയർന്ന തിരമാല ജാഗ്രതയും മുംബൈ തീരത്ത് നൽകിയിട്ടുണ്ട്. മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ് നൽകുന്നത്.
അതേസമയം, തീരദേശ കർണാടകയിലും മഴ ശക്തമാണ്. ഉത്തരകന്നഡ, ഉഡുപ്പി ജില്ലകളിൽ 5 ദിവസത്തേക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ 36 മണിക്കൂറിൽ തീരദേശ കർണാടകയിൽ പെയ്തത് ഈ സീസണിലെ റെക്കോഡ് മഴയാണ്. കഴിഞ്ഞ 36 മണിക്കൂറിൽ 150 മുതൽ 152 മില്ലിമീറ്റർ വരെ പെയ്തു. മംഗളുരു, ഉഡുപ്പി, കാർവാർ മേഖലകളിൽ താഴ്ന്ന ഇടങ്ങളിൽ വെള്ളം കയറി. മംഗളുരു നഗരത്തിൽ പലയിടത്തും വെള്ളക്കെട്ടാണ്. ഉഡുപ്പി, സിർസി, യെല്ലാപൂർ, സിദ്ധാപൂർ, മൽനാട് മേഖലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. തീരദേശ കർണാടകയിലെ വിവിധ റിസർവോയറുകൾ നിറഞ്ഞതിനാൽ ഡാമുകൾ തുറന്ന് വിട്ടു. പുഴകൾ നിറഞ്ഞ് ഒഴുകുന്നതിനാൽ കുട്ടികളെ അടക്കം ക്യാമ്പുകളിലേക്ക് മാറ്റിയത് റബ്ബർ ചങ്ങാടത്തിലാണ്. ബംഗളുരു നഗരത്തിൽ അടുത്ത 24 മണിക്കൂറിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ന് ഉഡുപ്പി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മംഗളുരു, ദക്ഷിണ കന്നഡ ജില്ലകളിലും അവധിയാണ്. ദക്ഷിണ കന്നഡ ജില്ലയിൽ ഇന്ന് റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മംഗളൂരു താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും.
അസമിൽ പ്രളയ ദുരിതം തുടരുകയാണ്. സംസ്ഥാനത്ത് ആകെ മരണസംഖ്യ 72 ആയി ഉയർന്നു. അരുണാചൽ പ്രദേശിലെ കർസിംഗയിൽ മണ്ണിടിച്ചിൽ കാരണം പ്രധാനപാതകൾ അടച്ചു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ അടുത്ത അഞ്ച് ദിവസവും ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉത്തർപ്രദേശിലും കനത്ത മഴ തുടരുകയാണ്. അയോധ്യയിൽ സരയു നദി കരകവിഞ്ഞൊഴുകിയതോടെ പ്രദേശത്ത് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. ഉത്തരാഖണ്ഡിൽ പ്രളയം രൂക്ഷമായ ചമ്പാവത് മേഖലയിൽ നിന്നും നാനൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു. ഉത്തർപ്രദേശിലും കനത്ത മഴ തുടരുകയാണ്.