മുഖ്യമന്ത്രിക്കെതിരായ അന്വേഷണ ഉത്തരവ്, പ്രതികരിച്ച് ഡി കെ ശിവകുമാർ; 'സിദ്ധരാമയ്യ രാജി വക്കില്ല, പാർട്ടി ഒപ്പം'
സിദ്ധരാമയ്യക്കെതിരായ നടപടി ഗവർണറെ ഉപയോഗിച്ചുള്ള ബി ജെ പിയുടെ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണെന്നും ഡി കെ പറഞ്ഞു
ബംഗളൂരു: മൈസുരു അർബൻ ഡവലപ്മെന്‍റ് അതോറിറ്റി ഭൂമി ഇടപാടിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകിയ വിഷയത്തിൽ പ്രതികരിച്ച് ഉപ മുഖ്യമന്ത്രിയും പി സി സി അധ്യക്ഷനുമായ ഡി കെ ശിവകുമാർ രംഗത്ത്. സിദ്ധരാമയ്യക്കെതിരായ നടപടി ഗവർണറെ ഉപയോഗിച്ചുള്ള ബി ജെ പിയുടെ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണെന്നാണ് ഡി കെ പറഞ്ഞത്. ഭരണഘടന വിരുദ്ധമായ ഈ നടപടിയിലൂടെ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ കഴിയില്ല. സിദ്ധരാമയ്യ രാജിവയ്ക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും പാർട്ടി അദ്ദേഹത്തിന് ഒപ്പം ശക്തമായി നിലകൊളളുമെന്നും ശിവകുമാർ വ്യക്തമാക്കി.
നേരത്തെ വിഷയത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയും രംഗത്തെത്തിയിരുന്നു. തന്നെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകിയത് ഗൂഢാലോചനയുടെ ഭാഗമെന്നാണ് കർണാടക മുഖ്യമന്ത്രി പറഞ്ഞത്. ഗവർണറുടെ നടപടി രാഷ്ട്രീയ പ്രേരിതമാണ്. ഈ നീക്കം പ്രതീക്ഷിച്ചിരുന്നു. പ്രതിപക്ഷം ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും പരീക്ഷിച്ചത് ബി ജെ പി ഇവിടെയും പരീക്ഷിക്കുന്നു. ഭരണഘടന വിരുദ്ധമായ നടപടിയെ നിയമപരമായി നേരിടാനാണ് തീരുമാനം. അതിന് പാർട്ടി തനിക്കൊപ്പമുണ്ടെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.
അതേസമയം മൈസുരു അർബൻ ഡവലപ്മെന്‍റ് അതോറിറ്റി ഭൂമി ഇടപാടിലെ അഴിമതിക്കേസിലാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകിയത്. മൂന്ന് സാമൂഹ്യപ്രവർത്തകർ നൽകിയ പരാതിയിലാണ് ഗവർണർ തവർ ചന്ദ് ഗെഹ്‍ലോട്ടിന്റെ നടപടി. മൈസുരു അർബൻ ഡവലപ്മെന്‍റ് അതോറിറ്റി (മുഡ) വഴി സിദ്ധരാമയ്യയുടെ ഭാര്യയായ ബി എൻ പാർവതിക്ക് അനധികൃതമായി മൈസുരുവിലെ കണ്ണായ ഭാഗത്ത് 3.17 ഏക്കർ ഭൂമി നൽകിയെന്നതാണ് കേസ്. നേരത്തേ മുഡയ്ക്ക് വേണ്ടി സിദ്ധരാമയ്യയുടെ ഭാര്യ കുടുംബസ്വത്തായി കിട്ടിയ കുറച്ച് ഭൂമി കൈമാറിയിരുന്നു. ഇതിന് പകരമായി അനധികൃതമായി വൻതോതിൽ ഭൂമി കൈമാറ്റം നടത്തിയെന്നതാണ് കേസ്. 1988 ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17, സെക്ഷൻ 218 പ്രകാരമാണ് ഗവർണർ മുഖ്യമന്ത്രിക്കെതിരെ വിചാരണക്ക് അനുമതി നൽകിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം