സീറ്റ് മാറിയിരുന്നിട്ടും രക്ഷയില്ല, എയർ ഇന്ത്യയിലെ ദുരിതം എണ്ണിപ്പറഞ്ഞ് എംപി; ക്ഷമാപണവുമായി കമ്പനി

വിമാനത്തിനുള്ളിൽ സീറ്റുകൾ വളരെ പഴയതും പൂപ്പൽ പിടിച്ചതുമായിരുന്നു. സീറ്റിലെ ട്രേബിളാണെങ്കിൽ ലൂസ്. അത് ആം റെസ്റ്റിൽ നേരെ ഇരിക്കുന്നതുപോലുമില്ല. ഭക്ഷണം കഴിക്കാനും ഐപാഡ് ഉപയോഗിക്കാനുമൊക്കെ പ്രയാസപ്പെട്ടുവെന്ന് എംപി

MP from Tamilnadu details bad experience in Air India flight and company apologises

ചെന്നൈ: എയർ ഇന്ത്യയുടെ സേവന നിലവാരത്തെ ചോദ്യം ചെയ്തും രൂക്ഷ വിമർശനം ഉന്നയിച്ചും തമിഴ്നാട്ടിൽ നിന്നുള്ള രാജ്യസഭാ അംഗം പുഷ്പനാഥൻ വിൽസൺ. സാമൂഹിക മാധ്യമമായ എക്സിലാണ് അദ്ദേഹം പോരായ്മകളും ശോചനീയാവസ്ഥയും എണ്ണിപ്പറഞ്ഞത്. സിവിൽ വ്യോമയാന മന്ത്രിയെയും അദ്ദേഹം ചോദ്യം ചെയ്തു. രാജ്യത്തെ മുൻ അഡീഷണൽ സോളിസിറ്റർ ജനറൽ കൂടിയാണ് പുഷ്പനാഥൻ വിൽസൺ.

ചെന്നൈയിൽ നിന്ന് ദില്ലിയിലേക്കുള്ള വിമാനം പുറപ്പെടേണ്ടിയിരുന്നത് ഞായറാഴ്ച രാത്രി 8.40ന് ആയിരുന്നെങ്കിലും സാങ്കേതിക തടസം പറഞ്ഞ് ഒരു മണിക്കൂർ വൈകിയെന്ന് അദ്ദേഹം പറയുന്നു. വിമാനത്തിനുള്ളിൽ സീറ്റുകൾ വളരെ പഴയതും പൂപ്പൽ പിടിച്ചതുമായിരുന്നു. സീറ്റിലെ ട്രേബിളാണെങ്കിൽ ലൂസ്. അത് ആം റെസ്റ്റിൽ നേരെ ഇരിക്കുന്നതുപോലുമില്ല. ഭക്ഷണം കഴിക്കാനും ഐപാഡ് ഉപയോഗിക്കാനുമൊക്കെ പ്രയാസപ്പെട്ടു. മറ്റൊരു സീറ്റിലേക്ക് തനിക്ക് മാറേണ്ടി വന്നുവെന്നും എന്നാൽ അവിടെയും ട്രേ ടേബിൾ തകരാറിലായിരുന്നുവെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു.

പ്രവർത്തിക്കാത്ത റിക്ലൈന‌ർ സീറ്റുകൾ, ശരിയായ വിധത്തിൽ പരിപാലിക്കാത്ത ടോയ്‍ലറ്റുകൾ, ബ്ലാങ്കറ്റുകൾ നൽകാത്ത അവസ്ഥ എന്നിവയും അദ്ദേഹം ചൂണ്ടിക്കാട്ടി. വിമാന സ‍ർവീസുകളുടെ സമയകൃത്യതയും വിമാനത്തിലെ സൗകര്യങ്ങളും യാത്രാക്കൂലിയും സുരക്ഷയും കമ്പനികളുടെ കാര്യക്ഷമതയുമൊക്കെ പരിശോധിക്കാൻ ഒരു സ്വതന്ത്ര ഏജൻസിയെ നിയമപരമായ അധികാരങ്ങളോടെ നിയോഗിക്കണമെന്നും പുഷ്പനാഥൻ വിൽസൺ ആവശ്യപ്പെട്ടു. 

എംപിയുടെ ട്വീറ്റിന് പിന്നാലെ ക്ഷമാപണവുമായി എയർ ഇന്ത്യ രംഗത്തെത്തി. യാത്രയിൽ നേരിടേണ്ടി വന്ന ബുദ്ധിമുട്ടിൽ ഖേദിക്കുന്നുവെന്നും ഇത് സംബന്ധിച്ച് ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും കമ്പനി പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios