Asianet News MalayalamAsianet News Malayalam

അസമിൽ പ്രളയം, കാസിരംഗയിൽ കൊല്ലപ്പെട്ടത് 6 കാണ്ടാമൃഗങ്ങൾ ഉൾപ്പെടെ 130 വന്യജീവികൾ

വെള്ളപ്പൊക്കത്തിൽ നിന്ന് 97 വന്യജീവികളെ രക്ഷിച്ചതായും ദേശീയ പാർക്ക് അധികൃതർ വിശദമാക്കിയിട്ടുണ്ട്

More than 130 wild animals, including at least six rare rhinos died in flooding at assam
Author
First Published Jul 9, 2024, 8:19 AM IST | Last Updated Jul 9, 2024, 8:19 AM IST

കാസിരംഗ: അസമിൽ പ്രളയത്തിൽ കൊല്ലപ്പെട്ടത് ആറ് കാണ്ടാമൃഗമെന്ന് റിപ്പോർട്ട്.  130 വന്യ ജീവികളാണ് പ്രളയത്തിൽ കാസിരംഗ ദേശീയ പാർക്കിൽ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. അടുത്ത കാലങ്ങളിലുണ്ടായതിൽ ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കമാണ് അസമിലുണ്ടായിരിക്കുന്നത്. ചത്ത വന്യജീവികളിൽ ബഹുഭൂരിപക്ഷവും മുങ്ങിമരിച്ചതാണെന്നാണ് ബിബിസി റിപ്പോർട്ട്. 117 ഹോഗ് മാനുകൾ, 2 സാമ്പാർ മാൻ, ഒരു കുരങ്ങൻ,  ഒരു നീർനായ എന്നിവയാണ് വെള്ളപ്പൊക്കത്തിൽ കൊല്ലപ്പെട്ടത്. 

നേരത്തെ 2017ൽ 350 വന്യജീവികളാണ് വെള്ളപ്പൊക്കത്തിലും വാഹനങ്ങൾ തട്ടിയും കൊല്ലപ്പെട്ടത്. വെള്ളപ്പൊക്കത്തിൽ നിന്ന് 97 വന്യജീവികളെ രക്ഷിച്ചതായും ദേശീയ പാർക്ക് അധികൃതർ വിശദമാക്കിയിട്ടുണ്ട്. 25ഓളം ജീവികൾക്ക് ചികിത്സ നൽകുകയാണെന്നും ശേഷിച്ചവയെ ചികിത്സ നൽകി തിരികെ അയച്ചതായും പാർക്ക് അധികൃതർ വിശദമാക്കുന്നത്. ലോകത്തിൽ തന്നെ ഏറ്റവുമധികം ഒറ്റക്കൊമ്പൻ കാണ്ടാമൃഗമുള്ള ദേശീയ പാർക്കാണ് കാസിരംഗയിലേത്. 

അതേസമയം വെള്ളപ്പൊക്കത്തിൽ സംസ്ഥാനത്ത് ആകെ മരണസംഖ്യ 72 ആയി ഉയർന്നു. അരുണാചൽ പ്രദേശിലെ കർസിംഗയിൽ മണ്ണിടിച്ചിൽ കാരണം പ്രധാനപാതകൾ അടച്ചു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ അടുത്ത അഞ്ച് ദിവസവും ശക്തമായ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഉത്തർപ്രദേശിലും കനത്ത മഴ തുടരുകയാണ്. അയോധ്യയിൽ സരയു നദി കരകവിഞ്ഞൊഴുകിയതോടെ പ്രദേശത്ത് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിൽ പ്രളയം രൂക്ഷമായ ചമ്പാവത് മേഖലയിൽ നിന്നും നാനൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios