പുരുഷന്മാര്‍ കര്‍ഷക സമരത്തില്‍ വയലുകളുടെ നിയന്ത്രണമേറ്റെടുത്ത് സ്ത്രീകള്‍
കാര്‍ഷിക കലണ്ടറിലെ നിര്‍ണ്ണായക സമയമാണ് ഇത്. എന്നാല്‍ വീടുകളിലെ പുരുഷന്മാരോട് ഈ സമയത്ത് സമരത്തില്‍ നിന്ന് പിന്തിരിയാന്‍ ആവശ്യപ്പെടാന്‍ എങ്ങനെയാണ് കഴിയുകയെന്നാണ് സ്ത്രീകളുടെ പ്രതികരണം.
മീററ്റ്: പുരുഷന്മാര്‍ കാര്‍ഷിക നിയമത്തിനെതിരായ സമരവുമായി ദില്ലിയിലേക്ക് പോയതിന് പിന്നാലെ മുഴുവന്‍ സമയ കൃഷിയിലേക്ക് തിരിഞ്ഞ് ഉത്തര്‍പ്രദേശിലെ ഈ ഗ്രാമത്തിലെ സ്ത്രീകള്‍. ഉത്തര്‍പ്രദേശിലെ ഗേശ്പൂര്‍ ഗ്രാമത്തിലെ വയലുകളിലെ കാഴ്ചകള്‍ ഇപ്പോള്‍ ഇങ്ങനെയാണ്.
ട്രാക്ടറുകളുമായി നിലമുഴുതുന്ന സ്ത്രീകള്‍, അടുത്ത കൃഷിയ്ക്കായി മണ്ണൊരുക്കുന്ന സ്ത്രീകള്‍, വിളവുകള്‍ സംരക്ഷിക്കുന്ന സ്ത്രീകള്‍. വീട്ടമ്മമാര്‍ മുതല്‍ വിദ്യാര്‍ഥികള്‍ വരെ ഇത്തരത്തില്‍ കാര്‍ഷികമേഖലയില്‍ സജീവമാണ്.
വയലുകള്‍ സംരക്ഷിച്ചില്ലെങ്കില്‍ കൃഷി മോശമാകുമെന്നാണ് ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയായ നിഷു ചൌധരി ടൈംസ് ഓഫ് ഇന്ത്യയോട് പറയുന്നത്. ഹോസ്റ്റലില്‍ നിന്ന് ലോക്ക്ഡൌണ്‍കാലത്ത് വീട്ടിലേക്ക് എത്തിയതാണ് നിഷു. മുതിര്‍ന്ന സഹോദരന്മാര്‍ പിതാവിനൊപ്പം ദില്ലിയിലേക്ക് പോയതാണ്. അതോടെ അമ്മയ്ക്കും അമ്മായിമാര്‍ക്കും ഒപ്പം പാടത്തേക്ക് ഇറങ്ങി. ഈ മേഖലയിലെ മിക്ക കൃഷിയിടങ്ങളിലും സമാനമായ സ്ഥിതിയാണെന്നും നിഷു പറയുന്നു.
പുതിയ കാര്‍ഷിക നിയമത്തിനെതിരായ സമരം ചെയ്ത് ദില്ലിയിലേക്കുള്ള കാര്‍ഷിക യാത്രയില്‍ ഭാഗമാണ് ഇവിടുത്തെ വീടുകളിലെ പുരുഷന്മാരില്‍ ഏറിയ പങ്കും. പഞ്ചാബിലും ഹരിയാനയിലും കൊയ്ത്തുകാലം കഴിഞ്ഞിരുന്നു. എന്നാല്‍ ഉത്തര്‍ പ്രദേശില്‍ കൊയ്ത്ത് കാലം ആരംഭിക്കുന്നതേയുള്ളുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. കരിമ്പ് വിളവെടുപ്പാണ് പ്രാഥമികമായി ഈ മേഖലയില്‍ നടക്കുന്നത്. ഗോതമ്പ് കൃഷിയ്ക്കായി മഞ്ഞൊരുക്കലിന്‍റെ കാലവും ഇതാണ്.
ഗേശ്പൂരിന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള ദാരുള്ള ഗ്രാമത്തിലും സമാനമാണ് സ്ഥിതി. കാര്‍ഷിക കലണ്ടറിലെ നിര്‍ണ്ണായക സമയമാണ് ഇത്. എന്നാല്‍ വീടുകളിലെ പുരുഷന്മാരോട് ഈ സമയത്ത് സമരത്തില്‍ നിന്ന് പിന്തിരിയാന്‍ ആവശ്യപ്പെടാന്‍ എങ്ങനെയാണ് കഴിയുകയെന്നാണ് അമ്പത്തിയഞ്ചുകാരിയായ മുകേഷ് ദേവി പറയുന്നത്. ഉത്തര്‍ പ്രദേശിലെ പ്രധാന കാര്‍ഷിക വിളയാണ് കരിമ്പ്. മില്ലുകളുടെ പ്രവര്‍ത്തനവും നവംബറോടെ ആരംഭിക്കും.
അമ്പതിനായിരം കോടിയുടെ കരിമ്പാണ് ഓരോ വര്‍ഷവും ഇവിടെ ഉത്പാദിപ്പിക്കുന്നത്. മുസാഫര്‍നഗറിലും, റായ്പൂരിലും സമാനമായ സാഹചര്യങ്ങളാണ്. പക്ഷേ പുരുഷന്മാരുടെ പോരാട്ടം കാര്‍ഷിക മേഖലയ്ക്ക് അത്യാവശ്യമെന്നാണ് വീടുകളിലെ സ്ത്രീകളുടേയും പ്രതികരണം.