പെൺകുട്ടിയാണോ എന്ന് പരിശോധിക്കാൻ ഗർഭിണിയായ ഭാര്യയുടെ വയറു കീറിയ സംഭവത്തിൽ ജീവപര്യന്തം ശിക്ഷ വിധിച്ചു

ഭാര്യയുടെ ജീവൻ രക്ഷിക്കാനായെങ്കിലും ഗർഭസ്ഥ ശിശുവിന് ആ ക്രൂരത അതിജീവിക്കാനായില്ല. 

man who cut open his wifes womb with knife to find the gender of foetus sentenced for life in UP

ബറേലി: ഗർഭസ്ഥ ശിശുവിന്റെ ലിംഗ നിർണയം നടത്താൻ കത്തി ഉപയോഗിച്ച് ഭാര്യയുടെ വയറു കീറിയ സംഭവത്തിൽ ഭർത്താവിന് ജീവപര്യന്തം തടവ്. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. 46 വയസുകാരനായ പന്നാലാൽ എന്നയാളെയാണ് അ‍ഡീഷണൽ ജില്ലാ ആന്റ് സെഷൻസ് ജഡ്ജി സൗരഭ് സക്സേന ശിക്ഷിച്ചത്. 

2020 സെപ്റ്റംബറിലായിരുന്നു സംഭവം. എട്ട് മാസം പ്രായമുള്ള അനിത ദേവി എന്ന സ്ത്രീയുടെ വയറാണ് ഭ‍ർത്താവ് കത്തികൊണ്ട് കീറിയത്. ഭാര്യ വീണ്ടും ഒരു പെൺകുഞ്ഞിനെ പ്രസവിക്കാൻ പോകുന്നുവെന്ന് ഒരു ജ്യോത്സ്യൻ പറ‌ഞ്ഞതനുസരിച്ച് അത് പരിശോധിക്കാനായിരുന്നത്രെ വയറു കീറിയത്. അനിത ദേവിയെ പൊലീസ് ദില്ലിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ജീവൻ രക്ഷിക്കാനായെങ്കിലും ഗർഭസ്ഥ ശിശുവിന് ആ ക്രൂരത അതിജീവിക്കാനായില്ല. 

വധശ്രമം, സ്ത്രീയുടെ അനുമതിയില്ലാതെ ഗർഭം അലസിപ്പിക്കാനുള്ള ശ്രമം തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തത്. 2021ൽ കുറ്റപത്രം സമർപ്പിച്ചു. 25 വർഷം മുമ്പ് അനിത ദേവിയെ വിവാഹം ചെയ്ത് പ്രതിക്ക് അഞ്ച് പെൺമക്കളുണ്ട്. ആറാമത് ഭാര്യ ഗർഭിണിയായപ്പോൾ ആൺകുട്ടിയായിരിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാൽ അതും പെൺകുട്ടിയാണെന്ന് ജ്യോത്സ്യൻ പ്രവചിച്ചതിന് പിന്നാലെ ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചു. 

ഗർഭം അലസിപ്പിക്കാൻ അനിത തയ്യാറാവാത്തതിന്റെ പേരിൽ വീട്ടിൽ മർദനവും പതിവായിരുന്നു. ഇതിനൊടുവിലായിരുന്നു ക്രൂരത. ഭാര്യയുടെ വയറു കീറിയതിനെ തുടർന്ന് മരിച്ച നിലയിൽ പുറത്തെടുത്തത് ആൺ കുഞ്ഞിനെയുമായിരുന്നു. അബദ്ധം പറ്റിയതാണെന്നായിരുന്നു പ്രതി ആദ്യം വാദിച്ചതെങ്കിലും ഭാര്യയുടെ മൊഴികൾ കേസിൽ നിർണായകമായി.  പ്രതിക്ക് ശിക്ഷ ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് അനിതയുടെ സഹോദരി പ്രതികരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ 

Latest Videos
Follow Us:
Download App:
  • android
  • ios