അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദലിനുനേരെ വധശ്രമം; വെടിയുതിര്‍ത്തത് സുവര്‍ണ ക്ഷേത്രത്തിനുള്ളിൽ വെച്ച്
അകാലിദള്‍ നേതാവും പഞ്ചാബ് മുൻ മുഖ്യമന്ത്രിയുമായ സുഖ്ബീര്‍ സിങ് ബാദലിനുനേരെ വധശ്രമം.സുവര്‍ണ ക്ഷേത്രത്തിനുള്ളിൽ വെച്ചാണ് വെടിവെയ്പ്പുണ്ടായത്.
ദില്ലി: അകാലിദൾ നേതാവും പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയുമായ സുഖ്ബീർ സിങ് ബാദലിന് നേരെ വധശ്രമം. അമൃത്‍സറിലെ സുവർണക്ഷേത്രത്തിൽ വെച്ചാണ് ബാദലിന് നേരെ നാരായൺ സിംഗ് ഛോടാ എന്നയാൾ വെടിയുതിർത്തത്. അക്രമിയെ ബാദലിന് അടുത്തുണ്ടായിരുന്നവരും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് പിടികൂടി. അക്രമത്തിൽ വൻ പ്രതിഷേധം ഉയരുന്നതിനിടെ ജനങ്ങൾ സംയമനം പാലിക്കണമെന്ന് പഞ്ചാബ് സർക്കാർ അഭ്യർത്ഥിച്ചു.
തലനാരിഴയ്ക്കാണ് സുഖ്ബീർ സിങ് ബാദൽ രക്ഷപ്പെട്ടത്. മതനിന്ദയടക്കം ആരോപണം നേരിടുന്ന സുഖ് ബീർ ബാദലിന് സിഖ് പരമോന്നത സംഘടനയായ അകാല്‍ തഖ്ത് ശിക്ഷ വിധിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി സുവര്‍ണക്ഷേത്രത്തിന്‍റെ കവാടത്തിന് മുന്നിൽ സേവനം ചെയ്യുമ്പോഴായിരുന്നു സംഭവം. കാലിലെ പൊട്ടലിന് പ്ലാസ്റ്ററിട്ട സുഖ്ബീർ ബാദൽ വീൽചെയറിലിരിക്കുന്നതിനിടെയാണ് തോക്കുമായി അക്രമി തൊട്ടടുത്ത് എത്തിയത്. വെടിവെക്കാൻ ശ്രമിക്കുന്നതിനിടെ കൂടിനിന്നവരും സുരക്ഷജീവനക്കാരും ചേർന്ന് ഇയാളെ കീഴ്പ്പെടുത്തി. വെടിയുണ്ട് ലക്ഷ്യം തെറ്റി സുവർണ ക്ഷേത്രത്തിന്‍റെ മതിലിലാണ് തറച്ചത്.
രണ്ട് തവണയാണ് അക്രമി വെടിവച്ചത്. ക്രിമിനൽ കേസുകളിൽ പ്രതിയായ നരെയ്ൻ സിങ് ഛോടാ എന്നയാളാണ് വെടിവച്ചത്. ഇയാൾക്ക് ഖാലിസ്ഥാൻ സംഘടനയായ ബബർ ഖൽസുമായി ബന്ധമുണ്ടെന്നാണ് വിവരം. നിലവിൽ ഒരു കേസിൽ ജാമ്യത്തിലിറങ്ങിയ നരെയൻ സിംഗ് ഛോടാ മുമ്പ് തീവ്രവാദ കേസിൽ ജയിലിലായിരുന്നു. സംഭവം അറിഞ്ഞ് സുഖ്ബീറിന്‍റെ ഭാര്യയും അകാലിദൾ എംപിയുമായ ഹർസിമ്രത് സിംഗ് ബാദൽ സുവർണ ക്ഷേത്രത്തിൽ എത്തി. പഞ്ചാബ് സർക്കാർ ക്രമസമാധാനം നിലനിർത്തുന്നതിൽ പരാജയപ്പെട്ടെന്ന് അകാലിദളും ബിജെപിയും കോൺഗ്രസും കുറ്റപ്പെടുത്തി.
2007- 2017ലെ അകാലിദൾ ഭരണകാലത്ത് സിഖ് ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയുടെ ഫണ്ട് പരസ്യങ്ങൾക്ക് ദുരുപയോഗം ചെയ്തു എന്നതുൾപ്പടെ ചൂണ്ടിക്കാട്ടിയാണ് അകാൽ തക്ത് ബാദലിന് ശിക്ഷ വിധിച്ചത്. ഇതിനു പിന്നാലെ സുഖ്ബീര്‍ സിങ് ബാദല്‍ ശിരോമണി അകാലിദള്‍ അധ്യക്ഷസ്ഥാനം രാജിവച്ചിരുന്നു. ഇന്നലെയും ഇന്നുമായി ഒരു മണിക്കൂർ വീതം ശുചീകരണം അടക്കമുള്ള സേവനമാണ് ശിക്ഷയായി നൽകിയത്. ഇതിനായി ഇന്ന് സുവർണ ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് ഈ സംഭവം നടന്നത്. പഞ്ചാബിലാകെ നിരീക്ഷണം ശക്തമാക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, പ്രതി നരെയ്ൻ സിങ് ഛോടയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. ഇയാൾക്കെതിരെ നിലവിൽ 21 കേസുണ്ടെന്ന് പൊലീസ് അറിയിച്ചു.