ഹിജാബ് ധരിച്ച വിദ്യാർത്ഥിനികളെ തടഞ്ഞ അധ്യാപകന് മികച്ച പ്രധാനാധ്യാപകനുള്ള അവാർഡ്; വിവാദമായതോടെ മരവിപ്പിച്ചു
ഉഡുപ്പി കുന്ദാപുരയിലെ സർക്കാർ പ്രീ യൂണിവേഴ്സിറ്റി കോളേജിലെ അധ്യാപകനായ ബി ജി രാമകൃഷ്ണയ്ക്ക് നൽകാനിരുന്ന പുരസ്കാരമാണ് മരവിപ്പിച്ചത്.
ബെംഗളൂരു: ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ തടഞ്ഞ അധ്യാപകന് മികച്ച പ്രധാനാധ്യാപകനുള്ള പുരസ്കാരം. വിവാദമായതോടെ പുരസ്കാര പ്രഖ്യാപനം കർണാടക സർക്കാർ മരവിപ്പിച്ചു. ഉഡുപ്പി കുന്ദാപുരയിലെ സർക്കാർ പ്രീ യൂണിവേഴ്സിറ്റി കോളേജിലെ അധ്യാപകനായ ബി ജി രാമകൃഷ്ണയ്ക്ക് നൽകാനിരുന്ന പുരസ്കാരമാണ് മരവിപ്പിച്ചത്.
ഹിജാബ് വിവാദം കത്തി നിന്ന കാലത്ത് വിദ്യാർത്ഥിനികളെ കോളേജിലേക്ക് കയറ്റാൻ രാമകൃഷ്ണ വിസമ്മതിച്ചിരുന്നു. കുട്ടികളെ ഗേറ്റിൽ വച്ച് തടഞ്ഞ് തിരിച്ച് പോകാൻ ഇദ്ദേഹം ആവശ്യപ്പെടുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ഇന്നലെ മികച്ച അധ്യാപകർക്കുള്ള പുരസ്കാരങ്ങൾ സർക്കാർ പ്രഖ്യാപിച്ചതിൽ രാമകൃഷ്ണയും ഉൾപ്പെട്ടിരുന്നു. ഇതിനെതിരെ മതേതരസംഘടനകളടക്കം വലിയ പ്രതിഷേധം ഉയർത്തിയതിന് പിന്നാലെയാണ് ബി ജി രാമകൃഷ്ണയ്ക്ക് പുരസ്കാരം നൽകാനുള്ള തീരുമാനം സർക്കാർ മരവിപ്പിച്ചത്.