സംസ്ഥാന വരുമാനം കൂട്ടാൻ പഠനം; അമേരിക്കൻ കൺസൾട്ടിംഗ് ഏജൻസിക്ക് കരാർ നൽകി കർണാടക സർക്കാർ, ഫീസ് 9.5 കോടി
ഗ്യാരന്‍റികൾ കൊണ്ട് സർക്കാർ ഖജനാവ് കാലിയാക്കിയെന്ന് ബിജെപി. മോദിയുടെ വിഷൻ 2047 പദ്ധതിയുടെ ബ്ലൂപ്രിന്‍റ് തയ്യാറാക്കിയത് ബിസിജിയായിരുന്നുവെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു
ബെംഗളൂരു: സംസ്ഥാന വരുമാനം കൂട്ടാനുള്ള വഴികളെക്കുറിച്ച് പഠിക്കാൻ അമേരിക്കൻ കൺസൾട്ടിംഗ് ഏജൻസിക്ക് കരാർ നൽകി കർണാടക സർക്കാർ. വൻ ഫീസ് നൽകിയാണ് സർക്കാർ കൺസൾട്ടിംഗ് ഏജൻസിയെ വച്ചത്. മസാച്യുസൈറ്റ്സ് ആസ്ഥാനമായുള്ള ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പിനാണ് (ബിസിജി) കരാർ നൽകിയിരിക്കുന്നത്. ആറ് മാസത്തെ പഠനത്തിന് ബിസിജിക്ക് കർണാടക സർക്കാർ നൽകുക 9.5 കോടി രൂപയാണ്.
സംസ്ഥാന വരുമാനം വർദ്ധിപ്പിക്കുന്നതിനെ കുറിച്ച് പഠിക്കാൻ മാർച്ചിൽ സ്വകാര്യ ഏജൻസികളുടെ ടെണ്ടർ ക്ഷണിച്ചിരുന്നു. കെപിഎംജി, ഇ&വൈ, ബിസിജി എന്നീ ഗ്രൂപ്പുകളാണ് ടെണ്ടറിൽ പങ്കെടുത്തത്. ഇതിൽ നിന്നാണ് ബിസിജിയെ തെരഞ്ഞെടുത്തത്. ബിസിജിയുടെ സംഘം ധനവകുപ്പുമായി ചർച്ചകൾ തുടങ്ങി. ഇവരുടെ ചില നിർദേശങ്ങൾ അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റിലുണ്ടായേക്കും.
ഗ്യാരന്‍റികൾ കൊണ്ട് സർക്കാർ ഖജനാവ് കാലിയാക്കിയതിന്‍റെ തെളിവാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ബി വൈ വിജയേന്ദ്ര കുറ്റപ്പെടുത്തി. സംസ്ഥാനത്തെ പുതിയ കാലത്തെ ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് തീറെഴുതുന്നുവെന്നും വിജയേന്ദ്ര ആരോപിച്ചു. അതേസമയം നരേന്ദ്ര മോദിയുടെ വിഷൻ 2047 പദ്ധതിയുടെ ബ്ലൂപ്രിന്‍റ് തയ്യാറാക്കിയത് ബിസിജിയായിരുന്നുവെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. അപ്പോൾ ബിജെപിക്ക് എതിർപ്പുണ്ടായിരുന്നില്ലേയെന്നും കോൺഗ്രസ് ചോദിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം