നവജാത ശിശുവിന്റെ മൃതദേഹം വാട്ടർ ടാങ്കിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം അമ്മയിലേക്ക്; ഭയം കാരണം ചെയ്തതെന്ന് മൊഴി

ബന്ധുക്കൾ കുറ്റപ്പെടുത്തുമെന്ന ഭയം കൊണ്ടാണ് തട്ടിക്കൊണ്ടു പോയതെന്ന കഥയുണ്ടാക്കിയതെന്ന് യുവതി പറഞ്ഞു.

investigation finally pointed towards mother in the death of one month old baby

ബംഗളുരു: ഒരു മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം വാട്ടർ ടാങ്കിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ചെന്നെത്തിയത് അമ്മയിലേക്ക് തന്നെ. കുഞ്ഞിന് മരുന്ന് കൊടുത്തതിന് പിന്നാലെ മരിച്ചുവെന്നും ബന്ധുക്കൾ തന്നെ കുറ്റപ്പെടുത്തുമെന്ന് ഭയന്ന് മൃതദേഹം വാട്ടർ ടാങ്കിൽ കൊണ്ടുപോയി ഇടുകയായിരുന്നു എന്നും അമ്മ മൊഴി നൽകി. തൊട്ടിലിൽ കിടക്കുകയായിരുന്ന കുഞ്ഞിനെ, താൻ ബാത്ത് റൂമിൽ പോയി മടങ്ങി വരുമ്പോൾ കണ്ടില്ലെന്നായിരുന്നു അമ്മ നേരത്തെ പറഞ്ഞിരുന്നത്. 

സൗത്ത് ഈസ്റ്റ് ബംഗളുരുവിലെ സൂര്യനഗറിൽ ഏതാനും ദിവസം മുമ്പാണ് നവജാത ശിശുവിന്റെ മൃതദേഹം വീടിന് മുകളിലുള്ള വാട്ടർ ടാങ്കിൽ കണ്ടെത്തിയത്. ഡ്രൈവറായി ജോലി ചെയ്യുന്ന മനുവിന്റെയും (25) വിദ്യാർത്ഥിനിയായ അർചിതയുടെയും (20) മകളാണ് മരിച്ചത്. വ്യത്യസ്ത ജാതിയിൽപ്പെട്ട ഇരുവരും ബന്ധുക്കളുടെ എതിർപ്പ് അവഗണിച്ച് വിവാഹം ചെയ്തതിനാൽ ദുരഭിമാനക്കൊല ഉൾപ്പെടെയുള്ള സാധ്യതകൾ പൊലീസ് പരിശോധിച്ചിരുന്നു. പരിസരത്തുള്ള കെട്ടിടങ്ങളിലെ സിസിടിവി ദ്യശ്യങ്ങൾ പരിശോധിച്ചെങ്കിലും ആരും വീട്ടിലേക്ക് കയറുന്നത് കണ്ടെത്താനായിരുന്നില്ല. ഇതോടെ സമീപത്തെ കെട്ടിടങ്ങളുടെ മുകളിൽ നിന്ന് വീടിനകത്തേക്ക് കയറിയിരിക്കാനുള്ള സാധ്യതയും പൊലീസ് പരിഗണിച്ചു. 

പ്രസവ ശേഷം അർചിത സ്വന്തം വീട്ടിലാണ് കഴിഞ്ഞിരുന്നത്. തൊട്ടിലിൽ കിടന്ന കുഞ്ഞിനെ കാണാതായെന്ന വിവരം അ‍ർചിത ആദ്യം അമ്മൂമ്മയോടാണ് പറഞ്ഞത്. അമ്മൂമ്മ അർചിതയുടെ അച്ഛനെ വിവരമറിയിച്ചു. ഫാക്ടറിൽ ജോലി ചെയ്യുന്ന അദ്ദേഹം പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിനിടെ കുഞ്ഞിന്റെ അച്ഛൻ തന്നെയാണ് വാട്ടർ ടാങ്കിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്.

ഏഴാം മാസത്തിലാണ് കു‌ഞ്ഞിനെ പ്രസവിച്ചതെന്നതിനാൽ ചില ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. മാസം തികയാതെ പ്രസവിച്ചതു കൊണ്ട് ഒരു മാസത്തോളം കുഞ്ഞ് ആശുപത്രിയിലും കഴി‌ഞ്ഞു. ശ്വസന സംബന്ധമായ അസുഖങ്ങൾക്കുള്ള ചികിത്സ തുടർന്നു വരികയായിരുന്നു. അതുകൊണ്ടു തന്നെ കുഞ്ഞിന് വീട്ടിൽ വെച്ച് കൊടുക്കാൻ ചില മരുന്നുകളും ആശുപത്രിയിൽ നിന്ന് നൽകി. സംഭവ ദിവസം, ഒരു മരുന്ന് കൊടുത്ത് നിമിഷങ്ങൾക്കകം കുഞ്ഞ് മരണപ്പെട്ടു എന്നാണ് അർചിതയുടെ മൊഴി.

എന്നാൽ ഭർത്താവിന്റെ ബന്ധുക്കൾ കുഞ്ഞ‌് മരിച്ചതിന് തന്നെ കുറ്റപ്പെടുത്തുമോ എന്ന ആശങ്കയുണ്ടായിരുന്നുവെന്നും അത് കാരണം മൃതദേഹം വാട്ടർ ടാങ്കിൽ ഇട്ട ശേഷം കുഞ്ഞിനെ കാണാനില്ലെന്ന കള്ളക്കഥയുണ്ടാക്കിയെന്നും യുവതി പറ‌ഞ്ഞു. കുഞ്ഞിന്റെ ചികിത്സയ്ക്ക് വേണ്ടി കുടുംബം അഞ്ച് ലക്ഷത്തോളം രൂപയാണ് ഇതിനോടകം ചെലവാക്കിയിരുന്നതും. അതേസമയം കുഞ്ഞ് നേരത്തെ തന്നെ മരിച്ചിരുന്നോ എന്ന് ഉറപ്പുവരുത്താൻ ഫോറൻസിക് പരിശോധനാ ഫലം കാത്തിരിക്കുകയാണ് പൊലീസ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios