കടുവകളെ കയറ്റി അയയ്ക്കാൻ ഇന്ത്യ, ഈ വര്‍ഷം നാലെണ്ണത്തിനെ കംബോഡിയയിലേക്ക് കൊണ്ടുപോകും
നേരത്തെ ആഫ്രിക്കയിൽ നിന്ന് ചീറ്റപ്പുലികളെ ഇന്ത്യ കൊണ്ടുവന്നിരുന്നു. കുനോ ദേശീയപാർക്കിലാണ് ചീറ്റകളെ പുനരധിവസിപ്പിച്ചത്.
ദില്ലി: ഇന്ത്യയിൽ നിന്ന് നാല് കടുവകളെ കംബോഡിയയിലേക്ക് അയയ്ക്കാൻ സർക്കാർ തീരുമാനം. നവംബർ-ഡിസംബർ നാല് കടുവകളെ കംബോഡിയയിലേക്ക് അയയ്ക്കുമെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. 2022ൽ ലോകത്തിലെ ആദ്യത്തെ അന്തർദേശീയ കടുവ പുനരുദ്ധാന പദ്ധതിക്കായി കംബോഡിയയുമായി കരാർ ഒപ്പിട്ടിരുന്നു. കംബോഡിയയിൽ നിന്നുള്ള ഉദ്യോഗസ്ഥർ, നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി, കംബോഡിയയിലെ ഇന്ത്യൻ അംബാസഡർ ദേവയാനി ഖോബ്രഗഡെ എന്നിവർ ഓൺലൈൻ മീറ്റിംഗിൽ പങ്കെടുക്കുകയും നവംബർ-ഡിസംബർ മാസങ്ങളിൽ കംബോഡിയയിലേക്ക് നാല് കടുവകളെ അയക്കാനുള്ള നിർദ്ദേശം ചർച്ച ചെയ്യുകയും ചെയ്തു. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം കാത്തിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. നേരത്തെ ആഫ്രിക്കയിൽ നിന്ന് ചീറ്റപ്പുലികളെ ഇന്ത്യ കൊണ്ടുവന്നിരുന്നു. കുനോ ദേശീയപാർക്കിലാണ് ചീറ്റകളെ പുനരധിവസിപ്പിച്ചത്.