3 കോടിയുടെ പാലം വയലിന് നടുവിൽ, പക്ഷേ അടുത്തെങ്ങും ഒരു റോഡില്ല കാണാൻ; വിചിത്ര നിർമാണത്തിൽ ബിഹാറിൽ അന്വേഷണം
എങ്ങനെ നോക്കിയാലും അടുത്തെങ്ങും ഒരു റോഡ് കണ്ടെത്താൻ കഴിയാത്ത സ്ഥലത്താണ് വയലിന് നടുവിൽ ഇങ്ങനെയൊരു പാലം തലയുയർത്തി നിൽക്കുന്നത്
ലക്നൗ: ബിഹാറിലെ അറാറിയ ജില്ലയിൽ നിർമാണം പൂർത്തിയായ പാലത്തെച്ചൊല്ലി വിവാദം കനക്കുകയാണ്. മൂന്ന് കോടി രൂപ ചിലവഴിച്ച് നിർമിച്ച പാലം ഒരു വലിയ പാടത്തിന് നടവിൽ 'തലയുയർത്തി' നിൽക്കുകയാണ്. പക്ഷേ അടുത്തെങ്ങും ഒരു റോഡുമില്ല. ചുറ്റിലും നോക്കിയാലും റോഡിന്റെ പൊടിപോലുമില്ല കാണാൻ. അപ്രോച്ച് റോഡുകളില്ലാതെ പണിത പാലം വാർത്തകളിൽ ഇടംപിടിച്ചതോടെ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചിരിക്കുകയാണ്.
പരമാനന്ദപൂർ ഗ്രാമത്തിൽ ഏകദേശം മൂന്ന് കിലോമീറ്റർ റോഡും ഒരു പാലവും ഉൾപ്പെട്ട നിർമാണ പദ്ധതിക്കായി ബിഹാറിലെ മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് നിർമാണ പദ്ധതി പ്രകാരം പ്ലാൻ തയ്യാറാക്കിയിരുന്നു. ഇവിടെ മഴക്കാലത്ത് ഒരു പുഴപോലെ വെള്ളം ഒഴുകുന്ന സ്ഥലമാണെന്ന് നാട്ടുകാർ പറയുന്നു. ആ സമയം ഇതുവഴി സഞ്ചരിക്കാനാവില്ല. അല്ലാത്ത സമയങ്ങളിൽ ഒരു പ്രശ്നവും ഉണ്ടാവില്ല.
ഈ പ്രശ്നം പരിഹരിച്ച് മഴക്കാലത്തും യാത്ര സുഗമമാക്കാൻ ലക്ഷ്യമിട്ടാണ് റോഡും പാലവും നിർമിക്കാൻ പദ്ധതി തയ്യാറാക്കിയത്. പാലം നിർമിക്കാൻ വേണ്ട സ്ഥലം ജില്ലാ ഭരണകൂടം ഏറ്റെടുത്തു. പക്ഷേ റോഡിനുള്ള സ്ഥലം ഏറ്റെടുക്കാനുള്ള ശ്രമം വിജയിച്ചില്ല. എന്നാൽ റോഡിനുള്ള ശ്രമം എങ്ങുമെത്തിയില്ലെങ്കിലും പാലം നിർമാണവുമായി മുന്നോട്ട് പോകാൻ ജില്ലാ ഭരണകൂടം വിചിത്രമായ തീരുമാനമെടുക്കുകയായിരുന്നു എന്നാണ് വിവരം.
പാലം നിർമിച്ചതിൽ അതീവ സന്തുഷ്ടരാണെന്ന് നാട്ടുകാർ പറയുന്നു. പക്ഷേ റോഡില്ലാത്ത ഗ്രാമത്തിൽ പാലത്തിന് പിന്നാലെ റോഡും നിർമിക്കപ്പെടുമെന്ന് കരുതിയിരുന്നെങ്കിലും പിന്നെ ഒന്നും ഉണ്ടായില്ലെന്നും ഇപ്പോൾ നിരാശ മാത്രമാണെന്നും അവർ പരാതിപ്പെടുന്നു. ഭൂവുടമ ആദ്യം സ്ഥലം വിട്ടുനൽകാൻ തയ്യാറായെങ്കിലും പിന്നീട് അയാൾ വാക്കുമാറിയെന്നാണ് നാട്ടുകാരുടെ അറിവ്. ഭൂമിക്ക് പണം ചോദിച്ചതോടെ റോഡ് പാതിവഴിയിലായി.
അതേസമയം സംഭവം ശ്രദ്ധയിൽപ്പെട്ടതായും എക്സിക്യൂട്ട് എഞ്ചിനീയറിൽ നിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും അറാറിയ ജില്ലാ മജിസ്ട്രേറ്റ് ഇനായത് ഖാൻ പറഞ്ഞു. സ്ഥലത്ത് പോയി കാര്യം മനസിലാക്കാൻ സബ് ഡിവിഷണൽ ഓഫീസറോടും സർക്കിൾ ഓഫീസറോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭൂമി ലഭിച്ചില്ലെങ്കിൽ പാലം മാത്രമായി എങ്ങനെ നിർമിച്ചു എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കുകയാണെന്നാണ് അറിയിച്ചിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം