പൊലീസ് ഉപദ്രവിച്ചു, വസ്ത്രങ്ങള്‍ വലിച്ചുകീറി, 35വര്‍ഷത്തില്‍ ഇതാദ്യം; ദില്ലി പൊലീസിനെതിരെ ആനി രാജ
മോദി സര്‍ക്കാര്‍ ഇസ്രായേലിനെ പ്രീതിപ്പെടുത്താൻ പൊലീസ് സഹായത്തോടെ പ്രവര്‍ത്തകരെ ബലമായി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ആനി രാജ ആരോപിച്ചു
ദില്ലി: പലസ്തീൻ ഐക്യദാര്‍ഢ്യ പരിപാടിക്കിടെയുണ്ടായ അറസ്റ്റ് നടപടിയിൽ കേന്ദ്ര സര്‍ക്കാരിനും ദില്ലി പൊലീസിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ നേതാവ് ആനി രാജ.35 വര്‍ഷം ദില്ലിയില്‍ പ്രതിഷേധ സമരങ്ങള്‍ നടത്തിയിട്ട് ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ല. ആദ്യമായാണ് പൊലീസിന്‍റെ ഭാഗത്തുനിന്ന് ഇത്തരമൊരു അസാധാരണ നടപടിയുണ്ടാകുന്നത്. പലസ്തീൻ എന്ന പേരുകേള്‍ക്കുമ്പോള്‍ ഹാലിളകുന്ന മോദി സര്‍ക്കാര്‍ ഇസ്രായേലിനെ പ്രീതിപ്പെടുത്താൻ പൊലീസ് സഹായത്തോടെ പ്രവര്‍ത്തകരെ ബലമായി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ആനി രാജ ആരോപിച്ചു.
പൊലീസ് തന്നെയും മറ്റു പ്രവർത്തകരെയും ഉപദ്രവിച്ചുവെന്നും തന്‍റെ വസ്ത്രങ്ങൾ വലിച്ചു കീറിയെന്നും ഉച്ചയൂണ് പോലും നൽകാതെ കസ്റ്റഡിയിൽ വെച്ചുവെന്നും ആനി രാജ ആരോപിച്ചു. ഇന്ന് രാവിലെയാണ് സംഭവം. പലസ്തീൻ ഐക്യദാർഢ്യം പരിപാടിയില്‍ പങ്കെടുത്ത സിപിഐ നേതാവ് ആനി രാജയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ക്വിറ്റ് ഇന്ത്യ ദിനത്തോട് അനുബന്ധിച്ചായിരുന്നു പലസ്തീൻ ഐക്യദാർഢ്യ പരിപാടി നടത്തിയത്. ഖാൻ മാർക്കറ്റ് പരിസരത്ത് വെച്ചാണ് ആനി രാജയെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തത്. വൈകിട്ടോടെയാണ് ആനി രാജയെ ജാമ്യത്തില്‍ വിട്ടത്.