മഹാരാഷ്ട്രയിൽ ബിജെപിക്ക് വീണ്ടും തിരിച്ചടി; വനിതാ നേതാവ് പാർട്ടി വിട്ടു, എൻസിപിയിലേക്കെന്ന് സൂചന
യുപിഎ സർക്കാരിൽ ഗ്രാമവികസന, പാർലമെന്‍ററികാര്യ സഹമന്ത്രിയായിരുന്നു സൂര്യകാന്താ. നാലു തവണ എംപിയും ഒരു തവണ എംഎൽഎയുമായിട്ടുണ്ട്.
മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിലെ വമ്പൻ പരാജയത്തിന് പിന്നാലെ മഹാരാഷ്ട്രയിൽ ബിജെപിക്ക് വീണ്ടും തിരിച്ചടി. മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സൂര്യകാന്താ പാട്ടീൽ ബിജെപി വിട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്നു പാർട്ടിയുമായി അകൽച്ചയിലായിരുന്നു സൂര്യകാന്താ. 'എല്ലാറ്റിനും നന്ദി, കഴിഞ്ഞ 10 വർഷത്തിൽ ഒരുപാട് കാര്യങ്ങൾ പഠിച്ചു' എന്നാണ് പാർട്ടി വിട്ട ശേഷം പാട്ടീൽ പ്രതികരിച്ചത്. ബിജെപി വിട്ട നേതാവ് എൻസിപി ശരദ് പവാറിനൊപ്പം ചേരുമെന്നാണ് സൂചന.
യുപിഎ സർക്കാരിൽ ഗ്രാമവികസന, പാർലമെന്‍ററികാര്യ സഹമന്ത്രിയായിരുന്നു സൂര്യകാന്താ. നാലു തവണ എംപിയും ഒരു തവണ എംഎൽഎയുമായിട്ടുണ്ട്. ആദ്യം കോൺഗ്രസിലും പിന്നീട് എൻസിപിയിലും പ്രവർത്തിച്ച ശേഷം 2014ലാണ് സൂര്യകാന്താ ബിജെപിയിൽ ചേർന്നത്. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹിങ്കോളി ലോക്സഭാ മണ്ഡലത്തിൽ പാർട്ടി സീറ്റ് നിഷേധിച്ചതോടെ സാമൂഹ്യമാധ്യമങ്ങളിലൂടെ പരസ്യമായി സൂര്യകാന്ത പാട്ടീൽ പ്രതിഷേധമറിയിച്ചിരുന്നു.
Read More : പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കം; എംപിമാരുടെ സത്യപ്രതിജ്ഞ ആരംഭിച്ചു, ആദ്യം മോദി