മുൻ ഡിജിപിയുടെ വീട്ടിലെ ഫ്യൂസ് ഊരി ഊർജ വകുപ്പ് സെക്രട്ടറിയായ മുൻ ഭാര്യ; അനാവശ്യ ചെലവ് ഒഴിവാക്കാനെന്ന് മറുപടി
വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെ പീഡിപ്പിച്ചെന്ന കേസിൽ രാജേഷ് ദാസ് കുറ്റക്കാരനാണെന്ന് വിചാരണ കോടതി കഴിഞ്ഞ വർഷം വിധിച്ചിരുന്നു.
ചെന്നൈ: വീട്ടിലെ വൈദ്യുതി വിച്ഛേദിച്ച സംഭവത്തിൽ മുൻ ഭാര്യയായ ഐഎഎസ് ഓഫീസർക്കെതിരെ മുൻ ഡിജിപി. മുൻ സ്‌പെഷ്യൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് രാജേഷ് ദാസ് താമസിക്കുന്ന വീട്ടിലെ വൈദ്യുത കണക്ഷൻ മെയ് 20നാണ് വിച്ഛേദിച്ചത്. ഊർജ വകുപ്പ് സെക്രട്ടറിയും മുൻ ഭാര്യയുമായ ബീല വെങ്കിടേശനാണ് ഇതിന് പിന്നിലെന്നാണ് രാജേഷ് ദാസിന്‍റെ ആരോപണം. ബീല അധികാര ദുർവിനിയോഗം നടത്തിയെന്നും രാജേഷ് ദാസ് ആരോപിച്ചു. ലൈംഗിക പീഡന കേസിൽ രാജേഷ് ദാസ് കുറ്റക്കാരനാണെന്ന് വിചാരണ കോടതി കഴിഞ്ഞ വർഷം വിധിച്ചിരുന്നു.
മെയ് 19നാണ് തമിഴ്‌നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷൻ (TANGEDCO) ഉദ്യോഗസ്ഥർ രാജേഷ് ദാസിന്‍റെ വീട്ടിലെത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. രാജേഷ് ദാസ് എതിർത്തതോടെ വൈദ്യുത വകുപ്പ് ഉദ്യോഗസ്ഥർ മടങ്ങിപ്പോയി. അടുത്ത ദിവസം തന്നെ ഊർജ വകുപ്പ് സെക്രട്ടറിയുടെ കത്തുമായി എത്തി വൈദ്യുതി വിച്ഛേദിച്ചു. 'കുടിശ്ശികയുണ്ടായിരുന്നില്ല. കോടതി ഉത്തരവുമില്ല. എന്നിട്ടും തന്‍റെ സമ്മതം പോലും ചോദിക്കാതെ വൈദ്യുതി വിച്ഛേദിച്ചു' എന്നാണ് രാജേഷ് ദാസിന്‍റെ ആരോപണം.
എന്നാൽ കഴിഞ്ഞ മൂന്ന് മാസമായി വീട് ഒഴിഞ്ഞുകിടക്കുകയാണെന്നാണ് ബീലയുടെ മറുപടി. വൈദ്യുത കണക്ഷൻ തന്‍റെ പേരിലാണ്. അനാവശ്യ ചെലവ് ഒഴിവാക്കാനാണ് വൈദ്യുതി വിച്ഛേദിച്ചതെന്നും ഊർജ്ജ വകുപ്പ് സെക്രട്ടറി വ്യക്തമാക്കി. ഉദ്യോഗസ്ഥർ അവരുടെ കടമയാണ് ചെയ്തെന്നും അവർ പറഞ്ഞു.
തന്‍റെ കീഴിൽ ജോലി ചെയ്യുന്ന ഐപിഎസ് ഉദ്യോഗസ്ഥയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ രാജേഷ് ദാസ് കുറ്റക്കാരനാണെന്ന് വില്ലുപുരത്തെ വിചാരണ കോടതി കഴിഞ്ഞ വർഷം വിധിച്ചിരുന്നു. വിധിക്കെതിരെ രാജേഷ് ദാസ് ഹർജി നൽകിയെങ്കിലും മദ്രാസ് ഹൈക്കോടതി തള്ളി. തുടർന്ന് സുപ്രീംകോടതിയെ സമീപിച്ചു. ഹർജി കോടതിയുടെ പരിഗണനയിലായതിനാൽ മെയ് 17 ന് രാജേഷ് ദാസിന്‍റെ അറസ്റ്റ് താത്കാലികമായി സ്റ്റേ ചെയ്തു.
'ഓർക്കുമ്പോൾ ഇന്നും പേടിയാണ്'; 158 പേരെ നഷ്ടമായ അപകടം, മംഗലാപുരം വിമാന ദുരന്തം നടന്നിട്ട് 14 വർഷം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം