ബിജെപിക്കാരനായതിനാൽ മയ്യിത്ത് നമസ്കാരം നടത്തിയില്ലെന്ന് മകന്‍റെ പരാതി, യുപിയിൽ ഇമാമിനെതിരെ കേസെടുത്ത് പൊലീസ്
പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രാദേശിക എസ്പി നേതാക്കളും പറഞ്ഞു. കുന്ദർക്കി നിയമസഭ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി വിവാദമുണ്ടാക്കുകയാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
ബറേലി: ബിജെപി പ്രവർത്തകനായ പിതാവിന്റെ മയ്യിത്ത് നമസ്കാരം നടത്താൻ വിസ്സമ്മതിച്ചെന്ന യുവാവിന്റെ പരാതിയിൽ ഇമാമിനെതിരെ കേസ്. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് സംഭവം. അലിദാദ് ഖാൻ എന്ന 72കാരൻ്റെ സംസ്‌കാര ചടങ്ങിലാണ് ഇമാം മയ്യിത്ത് നമസ്കാരം നടത്താൻ വിസമ്മതിച്ചതെന്ന് മകൻ നൽകിയ പരാതിയിൽ പറയുന്നു. പരാതിയെ തുടർന്ന് ഇമാമിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
തൻ്റെ കുടുംബം ബിജെപിയെ പിന്തുണയ്ക്കുന്നതിനാലും പിതാവ് 10 വർഷത്തിലേറെയായി ബിജെപിയിൽ അംഗമായിരുന്നതിനാലുമാണ് ഇമാം പ്രാർത്ഥന നിരസിച്ചതെന്ന് മകൻ ദിൽനവാസ് ഖാൻ നൽകിയ പരാതിൽ പറയുന്നു. സമാജ്‌വാദി പാർട്ടി പ്രവർത്തകരാണ് നീക്കത്തിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
എൻ്റെ പിതാവിന് ബിജെപിയുടെ നയങ്ങൾ ഇഷ്ടമായിരുന്നു, പാർട്ടി നേതാക്കൾ എല്ലായ്പ്പോഴും ബഹുമാനത്തോടെയാണ് പെരുമാറിയിരുന്നത്. എല്ലാ മീറ്റിംഗുകളിലും വേദിയിൽ ഇടം നൽകി. പല മുസ്ലീം നേതാക്കൾക്കും ഇത് ഇഷ്ടപ്പെട്ടില്ല. എൻ്റെ പിതാവ് മരിച്ചപ്പോൾ ഇമാം നമസ്കാരത്തിന് വിസമ്മതിച്ചു. ബിജെപിക്കാരെന്ന് പറഞ്ഞ് എസ്.പി പ്രവർത്തകരും ഞങ്ങളെ അപമാനിച്ചു - മകൻ പറഞ്ഞു. പരാതി പിൻവലിക്കാൻ എൻ്റെ മേൽ എസ്പി നേതാക്കൾ സമ്മർദ്ദം ചെലുത്തുകയാണെന്നും മകൻ ആരോപിച്ചു. ജൂലൈ 29 ന് അലിദാദ് ഖാൻ കുന്ദർക്കിയിൽ ഹൃദയാഘാതം മൂലമാണ് മരിച്ചത്. മൊറാദാബാദ് ജില്ലാ മജിസ്‌ട്രേറ്റ് എസ്എസ്പിയോട് ആരോപണങ്ങൾ പരിശോധിക്കാൻ ആവശ്യപ്പെട്ടു. കുടുംബം ഇസ്‌ലാമിനെ അപമാനിക്കുകയും വിശ്വാസത്തെ ചോദ്യം ചെയ്യുകയും ചെയ്തതിനാൽ മയ്യിത്ത് നമസ്കാരത്തിന് മറ്റാരെയെങ്കിലും സമീപിക്കാൻ താൻ പറഞ്ഞിരുന്നെന്ന് ഇമാം റാഷിദ് പറഞ്ഞു.
പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രാദേശിക എസ്പി നേതാക്കളും പറഞ്ഞു. കുന്ദർക്കി നിയമസഭ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി വിവാദമുണ്ടാക്കുകയാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി. ഇമാം മൗലാന റഷീദിനും നാല് എസ്പി പ്രവർത്തകരായ ഷമീം ഖാൻ, ശാരദത്ത് ഖാൻ, അസ്ലം, മതീൻ ഖാൻ എന്നിവർക്കുമെതിരെ ബിഎൻഎസ് സെക്ഷൻ 171 (തെരഞ്ഞെടുപ്പിൽ അനാവശ്യ സ്വാധീനം) പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) (കുന്ദർക്കി) രാജീവ് കുമാർ ശർമ പറഞ്ഞു.