മകളെ ഉപദ്രവിച്ചയാളെ കുവൈത്തില്‍ നിന്നെത്തി കൊലപ്പെടുത്തിയെന്ന് പ്രതി ; കുടുംബത്തര്‍ക്കമെന്ന് പോലീസ്

എന്നാല്‍ പിന്നീട് ഭാര്യാ സഹോദരിയുടെ അമ്മായിയച്ഛന്‍ തന്റെ മകളെ ഉപദ്രവിച്ചുവെന്നും , ആ കുടുംബം അത് ഒത്തു തീര്‍പ്പാക്കാന്‍ നോക്കിയെന്നും പ്രതി പറയുന്നു. 

father came from Kuwait and killed  who molested his daughter police says family dispute

തിരുപ്പതി: 12 വയസ്സുള്ള തന്റെ മകളെ ഉപദ്രവിച്ചയാളെ  ഇന്ത്യയിലെത്തി കൊലപ്പെടുത്തി കുവൈറ്റിലേക്ക് തിരിച്ചു പോയി പിതാവ്. കൊലപാതകം ഏറ്റുപറഞ്ഞു കൊണ്ട് പിന്നീട് ഇയാള്‍ പോസ്റ്റ് ചെയ്ത സെല്‍ഫി വീഡിയോ ആണ് സത്യങ്ങള്‍ പുറത്തു കൊണ്ടു വന്നത്. കുവൈറ്റില്‍ ജോലി ചെയ്യുന്ന ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിലെ ഒബുലവാരിപ്പള്ളിയിലാണ് ഇയാളുടെ ജന്മസ്ഥലം. ഇവിടെത്തന്നെയാണ് മകളെ പീഢിപ്പിച്ചയാളും താമസിക്കുന്നത്. ഡിസംബർ 7 ന് ഇങ്ങോട്ടേക്ക് പറന്നെത്തി കത്തി കൊണ്ട് കുത്തി കൊലപാതകം നടത്തുകയായിരുന്നു. സംഭവത്തിനു ശേഷം പ്രതി കുവൈറ്റിലേക്ക് തന്നെ തിരിച്ചു പോകുകയും ചെയ്തു. 

താനും ഭാര്യയും കുവൈറ്റിലാണ് ജോലി ചെയ്യുന്നതെന്നും, മകളെ ഭാര്യാ- സഹോദരിക്കും കുടുംബത്തിനുമൊപ്പമാണ് ആന്ധ്രയില്‍ നിര്‍ത്തിയിരിക്കുന്നതെന്നും വീഡിയോയില്‍ പറയുന്നുണ്ട്. തുടക്കത്തില്‍ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നു. എന്നാല്‍ പിന്നീട് ഭാര്യാ സഹോദരിയുടെ അമ്മായിയച്ഛന്‍ തന്റെ മകളെ ഉപദ്രവിച്ചു. മകള്‍ എതിര്‍ത്തപ്പോള്‍ അവളുടെ വായ പൊത്തിപ്പിടിക്കാന്‍ ശ്രമിച്ചു, പക്ഷെ എങ്ങനെയോ ശബ്ദമുണ്ടാക്കിയപ്പോള്‍ ഭാര്യാ സഹോദരി മുറിയിലേക്ക് ഓടി വന്ന് രക്ഷിച്ചതായും പ്രതി പോസ്റ്റ് ചെയ്ത സെല്‍ഫി വീഡിയോയില്‍ പറയുന്നുണ്ട്. പിന്നീട് വീട്ടുകാർ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും വിഷയം ഒതുക്കിത്തീർക്കാൻ ശ്രമിക്കുകയും ചെയ്‌തെങ്കിലും , പെൺകുട്ടി അമ്മയോട് തനിക്ക് നേരിട്ട ദുരനുഭവം പങ്കുവെച്ചു. 

"നിയമം കൈയിലെടുക്കേണ്ടെന്നാണ് ഞാനും ഭാര്യയും ആദ്യം തീരുമാനിച്ചത്. നാട്ടില്‍ പോയ സമയത്ത് ഞാൻ എന്റെ ഭാര്യയോട് പോലീസ് സ്റ്റേഷനിൽ പോയി പരാതി നല്‍കാന്‍ പറഞ്ഞു. അങ്ങനെ ചെയ്തെങ്കിലും പോലീസുകാര്‍ ഭാര്യാ സഹോദരിയുടെ അമ്മായിയച്ഛനെ വിളിച്ചു വരുത്തി നടപടിയൊന്നും എടുക്കാതെ ശാസിക്കുക മാത്രമാണ് ചെയ്തത്. ഒരിക്കല്‍ കൂടി പരാതി നല്‍കിയപ്പോള്‍ എന്റെ ഭാര്യക്കെതിരെ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. മകളെ ഉപദ്രവിച്ചയാള്‍ക്കെതിരെ നിയമപരമായി പോരാടാനാണ് ഞാന്‍ ആഗ്രഹിച്ചത്. എന്നാല്‍ പോലീസിന്റെ ഈ നിഷ്ക്രിയത്വം നിയമം കൈയിലെടുക്കാൻ എന്നെ നിര്‍ബന്ധിതനാക്കി" അദ്ദേഹം വീഡിയോയിലൂടെ പറഞ്ഞു. 

അതേ സമയം പെൺകുട്ടിയുടെ അമ്മ പരാതി നൽകിയിട്ടില്ലെന്ന് പോലീസ് സബ് ഇൻസ്പെക്ടർ പി മഹേഷ് പറഞ്ഞു. പെൺകുട്ടിയുടെ അമ്മയും സഹോദരിയും തമ്മിൽ കുടുംബ തർക്കങ്ങളുണ്ടെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേര്‍ത്തു. കൊലപാതകത്തിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ട്, പെൺകുട്ടിയുടെ പിതാവിന് പുറമെ ഇയാളുടെ മറ്റ് കുടുംബങ്ങൾക്കും കൊലപാതകത്തിൽ പങ്കുണ്ട്. എല്ലാ വസ്തുതകളും ഉടന്‍ കൊണ്ടു വരുമെന്നും പെൺകുട്ടിയുടെ പിതാവ് വീഡിയോ പുറത്തുവിട്ട് ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും പോലീസ് പറഞ്ഞു. 

തമിഴ്നാട്ടിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 3 വയസുകാരൻ അടക്കം 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം 

Latest Videos
Follow Us:
Download App:
  • android
  • ios