ദില്ലിയിലെ സ്കൂളുകളില്‍ വീണ്ടും ബോംബ് ഭീഷണി സന്ദേശം; അവധി പ്രഖ്യാപിച്ചു
അഗ്നിശമന സേന, പോലീസ്, ബോംബ് ഡിറ്റക്ഷൻ ടീം, ഡോഗ് സ്ക്വാഡുകൾ എന്നിവരും സ്‌കൂളിലെത്തി പരിശോധന നടത്തിവരികയാണെന്ന് അധികൃതർ അറിയിച്ചു.
ദില്ലി: ദില്ലിയിലെ ആറോളം സ്കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. ഇന്ന് രാവിലെ വന്ന ബോംബ് ഭീഷണിയെത്തുടര്‍ന്ന് സ്കൂളുകള്‍ക്ക് അവധി നല്‍കി. പശ്ചിമ വിഹാറിലെ ഭട്‌നഗർ ഇന്റർനാഷണൽ സ്‌കൂൾ, ശ്രീനിവാസ് പുരിയിലെ കേംബ്രിഡ്ജ് സ്‌കൂൾ, ഈസ്റ്റ് ഓഫ് കൈലാഷിലെ ഡിപിഎസ് അമർ കോളനി തുടങ്ങിയ സ്കൂളുകളിലേക്ക് ബോംബ് ഭീഷണിയെത്തി. ഭട്‌നഗർ ഇന്റർനാഷണൽ സ്‌കൂളിലേക്ക് രാവിവെ 4.21 നും, കേംബ്രിഡ്ജ് സ്‌കൂളിലേക്ക് 6.23 നും ഡിപിഎസ് അമർ കോളനിയി സ്കൂളിലേക്ക് 6.35 നുമാണ് ബോംബ് ഭീഷണി സന്ദേശമെത്തി. വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനും സഹായിക്കാനും ഫയർ ടെൻഡറുകൾ അയച്ചിട്ടുണ്ട്. ഈ ആഴ്ചയിൽ ഇത് രണ്ടാം തവണയാണ് ദില്ലിയിലെ സ്‌കൂളുകൾക്ക് ബോംബ് ഭീഷണി ലഭിക്കുന്നത്.
"കുട്ടികള്‍ സ്‌കൂൾ വളപ്പിൽ പ്രവേശിക്കുമ്പോൾ അവരുടെ ബാഗുകൾ ഇടയ്ക്കിടെ പരിശോധിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. കെട്ടിടങ്ങൾ നശിപ്പിക്കാനും ആളുകളെ ഉപദ്രവിക്കാനും ബോംബുകൾക്ക് ശക്തിയുണ്ട്. ഡിസംബർ 13, 14 തുടങ്ങിയ രണ്ട് ദിവസങ്ങളില്‍ ഏതെങ്കിലുമൊരു ദിവസം നിങ്ങളുടെ സ്കൂളില്‍ ബോംബ് പൊട്ടിച്ചിതറും. ഡിസംബർ 14 ന് ചില സ്കൂളുകളിൽ നേരത്തെ തീരുമാനിച്ച രക്ഷാകർതൃ മീറ്റിംഗ് ഉണ്ട്. ഈ സമയം ബോംബുകൾ ബ്ലാസ്റ്റ് ചെയ്യാന്‍ പറ്റിയ നല്ല അവസരമാണ്" ഇമെയില്‍ സന്ദേശത്തോടെ എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു.
അഗ്നിശമന സേന, പോലീസ്, ബോംബ് ഡിറ്റക്ഷൻ ടീം, ഡോഗ് സ്ക്വാഡുകൾ എന്നിവരും സ്‌കൂളിലെത്തി പരിശോധന നടത്തിവരികയാണെന്ന് അധികൃതർ അറിയിച്ചു. അതേ സമയം ഐ പി അഡ്രസ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിച്ചു വരികയാണെന്ന് ഡൽഹി പോലീസ് അറിയിച്ചു.
വിഷയം അത്യന്തം ഗുരുതരവും ആശങ്കാജനകവുമാണെന്ന് ആം ആദ്മി പാർട്ടി തലവനും മുന്‍ ദില്ലി മുഖ്യമന്ത്രിയുമായിരുന്ന അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ബോംബ് ഭീഷണി ഇങ്ങനെ തുടര്‍ക്കഥ ആയാല്‍ ഇത് കുട്ടികളെയും അവരുടെ പഠനത്തെയും ബാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിസംബർ 9 ന് ദില്ലിയിലെ നാല്‍പതിലധികം സ്കൂളുകൾക്ക് സമാനമായ ബോംബ് ഭീഷണി ഇമെയിൽ വഴി ലഭിച്ചിരുന്നു. പിന്നീട് ബോംബ് ഭീഷണി വ്യാജമാണെന്ന് പോലീസ് അറിയിച്ചിരുന്നു. ഇതിനു ശേഷം ഞായറാഴ്ച രാത്രി 11:38 ന് അയച്ച ഇമെയിലിൽ സ്കൂൾ കെട്ടിടങ്ങൾക്കുള്ളിൽ ഒന്നിലധികം ബോംബുകള്‍ വച്ചിട്ടുണ്ടെന്നും ബോംബുകൾ നിർവീര്യമാക്കാൻ അയച്ചയാൾ 30,000 ഡോളര്‍ തരണമെന്നും ആവശ്യപ്പെട്ടുള്ള സന്ദേശമെത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം