വീട്ടിലെ ചെടികളെല്ലാം കാണിച്ച് വിശദമായൊരു ഫേസ്‍ബുക്ക് വീഡിയോ; തൊട്ടുപിന്നാലെ പൊലീസെത്തി, ദമ്പതികൾ അറസ്റ്റിൽ

17 ചെടികളാണ് ദമ്പതികൾ വീട്ടിൽ വളർത്തിയത്. ഇതിന്റെ വിശേഷങ്ങളെല്ലാം അഭിമാനത്തോടെ വീഡിയോയിൽ പറയുകയും ചെയ്തു. 

Facebook video showing all potted plants in the house became an invitation to the house for taking the couple

ബംഗളുരു: വീട്ടിലെ പൂന്തോട്ടവും ബാൽക്കണിയിലും മറ്റ് സ്ഥലങ്ങളിലുമൊക്കെ നട്ടുവളർത്തുന്ന ചെടികളും കാണിച്ചുകൊണ്ടുള്ള യുവതിയുടെ ഫേസ്‍ബുക്ക് പോസ്റ്റ് ഒടുവിൽ അവർക്ക് തന്നെ വിനയായി. ചെടികൾക്കിടയിൽ നട്ടുവളർത്തിയിരുന്ന കഞ്ചാവ് ചെടികൾ വീഡിയോയിലൂടെ നാട്ടുകാരെല്ലാം കണ്ടു. ഒരു പടി കൂടി കടന്ന് കഞ്ചാവ് ചെടികൾ നട്ടു വളർത്തുന്ന കാര്യം യുവതി, അഭിമാനത്തോടെ വീഡിയോയിൽ എടുത്തു പറയുകയും ചെയ്തു.

ബംഗളുരുവിലെ എംഎസ്ആർ നഗറിലാണ് സംഭവം. ഉർമിള കുമാരിയും (38) ഭ‍ർത്താവ് സാഗറുമാണ് (37) സ്വന്തം വീട്ടിൽ കഞ്ചാവ് വള‍ർത്തിയത്. ബാൽക്കണിയിലെ ചെടികൾ കാണിക്കുന്നതിനിടെ കഞ്ചാവ് കൃഷി കാഴ്ചക്കാരുടെ ശ്രദ്ധയിൽ പതിഞ്ഞു. ഇതിന് പുറമെ കഞ്ചാവ് കൃഷി ഉള്ള വിവരം യുവതി വ്യക്തമായിത്തന്നെ പറയുകയും ചെയ്തു. ഒക്ടോബ‍ർ 18നാണ് വീഡിയോ ഫേസ്‍ബുക്ക് പോസ്റ്റ് ചെയ്തത്.

വീഡിയോ കണ്ടവരിൽ ചിലർ വിവരം അധികൃതരെ അറിയിച്ചു. പിന്നാലെ അധികൃതർ വീട്ടിൽ പരിശോധനയ്ക്ക് എത്തി. താഴത്തെ നിലയിൽ ഫാസ്റ്റ് ഫുഡ് വിൽപന കേന്ദ്രം നടത്തുന്ന ദമ്പതികൾക്ക് 17 ചെടിച്ചട്ടികളാണ് വീട്ടിലുണ്ടായിരുന്നത്. ഇതിൽ രണ്ടെണ്ണത്തിൽ കൃഷി ചെയ്തിരുന്നത് കഞ്ചാവ് ചെടികളും. താൻ തന്നെയാണ് വീട്ടിലെ കഞ്ചാവ് ചെടികൾ പക‍ർത്തി ഫേസ്‍ബുക്കിൽ പോസ്റ്റ് ചെയ്തതെന്ന് യുവതി സമ്മതിച്ചു. 

വീഡിയോ ശ്രദ്ധയിൽപ്പെട്ട ഒരു ബന്ധു, പൊലീസ് അന്വേഷിച്ചെത്താൻ സാധ്യതയുണ്ടെന്ന് ഇവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് കേട്ട് ചെടികൾ നശിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇലകളും മറ്റ് അവശിഷ്ടങ്ങളും കണ്ടെടുത്തു. ഇത് തന്നെ 54 ഗ്രാം ഉണ്ടായിരുന്നു. ലാഭമുണ്ടാക്കാനായി കഞ്ചാവ് വിൽക്കാൻ തന്നെയായിരുന്നു പ്ലാനെന്ന് ഇവർ ചോദ്യം ചെയ്യലിൽ സമ്മതിക്കുകയും ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios