ഇ-സ്കൂട്ടർ സ്റ്റോറിലെ തീപിടിത്തം: ഉടമയും മാനേജരും അറസ്റ്റിൽ, അപകടം ബാറ്ററി ചാർജ് ചെയ്യുമ്പോഴെന്ന് സംശയം
26കാരിയായ അക്കൗണ്ടന്‍റ് വെന്തുമരിച്ചതിന് പിന്നാലെയാണ് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്
ബെംഗളൂരു: ഇലക്ട്രിക് സ്‌കൂട്ടർ ഷോറൂമിലുണ്ടായ തീപിടിത്തത്തിൽ സ്റ്റോർ ഉടമയെയും മാനേജരെയും പൊലീസ് അറസ്റ്റ് ചെയ്തു. 26കാരിയായ അക്കൗണ്ടന്‍റ് വെന്തുമരിച്ചതിന് പിന്നാലെയാണ് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ബാറ്ററി ചാർജ് ചെയ്യുന്നതിനിടെ ഷോർട്ട് സർക്യൂട്ട് മൂലമാണ് കടയിൽ തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
ബെംഗളൂരുവിലെ നവരംഗ് ജംഗ്ഷനു സമീപമുള്ള മൈ ഇവി സ്റ്റോറിൽ ചൊവ്വാഴ്ച വൈകിട്ട് 5.30 ഓടെയാണ് തീപിടിത്തമുണ്ടായത്. 26കാരിയായ അക്കൗണ്ടന്‍റ് പ്രിയയ്ക്ക് ദാരുണാന്ത്യം സംഭവിച്ചു. പ്രിയ ഇരുന്ന ക്യാബിനിൽ തീയും പുകയും നിറഞ്ഞിരുന്നു. രാമചന്ദ്രപുര സ്വദേശിനിയായ പ്രിയ ശ്വാസം കിട്ടാതെയും പൊള്ളലേറ്റുമാണ് മരിച്ചത്. ജന്മദിനം ആഘോഷിക്കാനിരിക്കെ തലേ ദിവസമാണ് മരണം സംഭവിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റു. അഞ്ച് ജീവനക്കാർക്ക് രക്ഷപ്പെടാനായി. 45 സ്കൂട്ടറുകൾ കത്തിനശിച്ചു.
കടയുടെ ഉടമയും യശ്വന്ത്പൂർ സ്വദേശിയുമായ പുനീത് ഗൗഡ (36), രാജാജിനഗർ സ്വദേശിയും സ്റ്റോർ മാനേജരുമായ യുവരാജ (37) എന്നിവരെയാണ് രാജാജിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രിയയുടെ സഹോദരന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭാരതീയ ന്യായ് സൻഹിതയുടെ സെക്ഷൻ 106 (അശ്രദ്ധമായ പ്രവൃത്തിയിലൂടെ ഏതെങ്കിലും വ്യക്തിയുടെ മരണം) പ്രകാരം ഇരുവർക്കുമെതിരെ കേസെടുത്തത്. കോടതിയിൽ ഹാജരാക്കി ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.
കടയിൽ അഗ്നിശമന ഉപകരണങ്ങൾ ഇല്ലായിരുന്നുവെന്നും തീപിടിത്തമുണ്ടായാൽ രക്ഷപ്പെടാനുള്ള പരിശീലനം ജീവനക്കാർക്ക് നൽകിയില്ലെന്നും അഗ്നിശമന സേന ഉദ്യോഗസ്ഥർ പറഞ്ഞു. മൂന്ന് ഫയർ എഞ്ചിനുകൾ ഉപയോഗിച്ചാണ് തീയണച്ചത്. ഇലക്ട്രിക് ബാറ്ററി ചാർജ് ചെയ്യുന്നതിനിടെ ഷോർട്ട് സർക്യൂട്ട് മൂലമാണ് കടയിൽ തീപിടിത്തമുണ്ടായതെന്നാണ് ഇപ്പോഴത്തെ നിഗമനം. പൊലീസ് അന്വേഷണം തുടരുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം