മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് രാജ്യസഭയിലേക്ക്, അപൂർവ നടപടി

രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തത്. തീർത്തും അപൂർവമായ നടപടിയാണിത്.

ex cji ranjan gogoi to be nominated to rajyasabha

ദില്ലി: മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് നേരിട്ടാണ് രഞ്ജൻ ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തിരിക്കെ ഏറെ വിവാദങ്ങളുള്ള ഒരു കാലഘട്ടത്തിന് ശേഷം വിരമിച്ച് മാസങ്ങൾക്കുള്ളിലാണ് രഞ്ജൻ ഗൊഗോയിയെ രാജ്യസഭയിലേക്ക് രാഷ്ട്രപതി നേരിട്ട് നാമനിർദേശം ചെയ്യുന്നത്. തീർത്തും അപൂർവമായ നടപടിയാണിത്. 

ഇതിന് മുമ്പ് ചീഫ് ജസ്റ്റിസായിരുന്ന പി. സദാശിവം കേരള ഗവർണറായി ചുമതല വഹിച്ചിട്ടുണ്ടെങ്കിലും രാജ്യസഭയിലേക്ക് മുൻ ചീഫ് ജസ്റ്റിസിനെ നാമനിർദേശം ചെയ്ത നടപടി അത്യപൂർവമാണ്.

വിവാദങ്ങളുടെ കാലഘട്ടം, നിർണായക വിധിപ്രസ്താവങ്ങൾ

 2018 ജനുവരി 12 ന് സുപ്രീം കോടതിയിലെ രഞ്ജൻ ഗൊഗോയ് അടക്കമുള്ള മുതിര്‍ന്ന നാല് ന്യായാധിപര്‍ നടത്തിയ പത്രസമ്മേളനം ഏറെ ശ്രദ്ധേയമായിരുന്നു. കേസുകള്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ ചുമതല നല്‍കുന്നതില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര മാനദണ്ഡങ്ങളും, കീഴ്‌വഴക്കങ്ങളും ലംഘിക്കുന്നു എന്നാരോപിച്ചുകൊണ്ടായിരുന്നു ആ പത്രസമ്മേളനം. അത് സുപ്രീം കോടതിയുടെ ചരിത്രത്തിൽ അഭൂതപൂർവമായ ഒരു സംഭവവികാസമായിരുന്നു.  ജസ്റ്റിസ് ചെലമേശ്വർ, ജസ്റ്റിസ് മദൻ സി ലോക്കുർ, ജസ്റ്റിസ് കുര്യൻ ജോസഫ് എന്നിവരായിരുന്നു ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് പുറമെ അന്ന് വിമതസ്വരവുമായി പത്രസമ്മേളനം നടത്തിയത്. കേസുകള്‍ ജഡ്ജിമാര്‍ക്കിടയില്‍ വീതിച്ചു നല്‍കുന്നതില്‍ ചീഫ് ജസ്റ്റിസ് സ്വേച്ഛാപരമായി പെരുമാറുകയാണെന്നും പ്രധാനകേസുകള്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തന്നെ ഏറ്റെടുക്കുകയാണെന്നും അന്നവർ ആരോപിച്ചിരുന്നു. 

2018  ഒക്ടോബർ 3 -ന്  ദീപക് മിശ്ര വിരമിച്ച ഒഴിവിൽ രഞ്ജൻ ഗൊഗോയ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനാകുന്നു. ഏകദേശം 13 മാസത്തോളമാണ് ചീഫ് ജസ്റ്റിസ് പദവിയിൽ ഗൊഗോയ് തുടർന്നത്. ഈ കാലയളവിനുള്ള 47  കേസുകളിൽ വിധി പറഞ്ഞിട്ടുണ്ട് അദ്ദേഹം. അയോധ്യാ കേസ് അടക്കമുള്ള പല വിധികളും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിലെ നാഴികക്കല്ലുകളായ വിധികളാണ്.  

ex cji ranjan gogoi to be nominated to rajyasabha

എന്നാൽ അത്ര സമാധാനപൂർണമായ ഒരു സേവനകാലമല്ല അദ്ദേഹത്തിന് സുപ്രീംകോടതിയിൽ ഉണ്ടായത്. 2018 ഒക്ടോബർ 10, 11 തീയതികളിൽ ചീഫ് ജസ്റ്റിസിന്റെ വസതിയിൽ വെച്ച് തനിക്കുനേരെ ഗൊഗോയ് ലൈംഗികമായ ആക്രമണത്തിന് മുതിർന്നു എന്ന് അദ്ദേഹത്തിന്റെ ജൂനിയർ കോർട്ട് അസിസ്റ്റന്റായിരുന്ന ഒരു യുവതി, 22  ജഡ്‌ജിമാർക്ക് 2019  ഏപ്രിൽ 19 -ന് അയച്ചുകൊടുത്ത സത്യവാങ്മൂലത്തിൽ ആരോപിച്ചു. അത് ഇന്ത്യൻ നീതിന്യായവ്യവസ്ഥയുടെ അകത്തളങ്ങളിൽ വലിയ കോളിളക്കങ്ങൾ സൃഷ്ടിച്ചു.

 'എന്നെ ഗൊഗോയ് അടക്കം പിടിച്ചു. ഇടുപ്പിൽ കൈചുറ്റി വരിഞ്ഞ് ദേഹത്തോടടുപ്പിച്ചു. ഏറെനേരം വിടാതെ ചേർത്തുപിടിച്ചുവച്ചു. അവസാനം അദ്ദേഹത്തെ തള്ളിമാറ്റി എനിക്ക് രക്ഷപ്പെടേണ്ടി വന്നു. ഞാൻ തള്ളിമാറ്റിയപ്പോൾ അദ്ദേഹത്തിന്റെ തല ഓഫീസ് മുറിയിലെ അലമാരയിൽ ഇടിച്ചു. അദ്ദേഹത്തെപ്പോലെ ഉന്നതസ്ഥാനീയനായ ഒരാൾക്ക് എങ്ങനെ എന്നോട് ഇങ്ങനെ പ്രവർത്തിക്കാനായി എന്ന അമ്പരപ്പായിരുന്നു ഉപദ്രവിക്കപ്പെട്ടതിലുള്ള സങ്കടത്തോടൊപ്പം അപ്പോൾ എനിക്ക്." ഇതായിരുന്നു സത്യവാങ്മൂലത്തിൽ യുവതി പറഞ്ഞിരുന്ന വാചകങ്ങൾ. എന്നാൽ,  ഇതൊക്കെയും വസ്തുതാവിരുദ്ധമായ ആക്ഷേപങ്ങളാണ് എന്നും താൻ നിരപരാധിയാണ് എന്നും ഗൊഗോയ് പലകുറി അവർത്തിച്ചുപറഞ്ഞു. താമസിയാതെ യുവതിയെ ഒഫീഷ്യൽ ഡ്യൂട്ടികളിൽ നിന്ന് പിരിച്ചുവിട്ടു. യുവതിയുടെ ബന്ധുക്കളായ ചില സർക്കാർ ഉദ്യോഗസ്ഥർക്ക് നേരെയും അച്ചടക്ക നടപടികളുണ്ടായി.  

ex cji ranjan gogoi to be nominated to rajyasabha

രഞ്ജൻ ഗൊഗോയിക്കെതിരെ ലൈംഗികാരോപണമുന്നയിച്ച ഈ യുവതിയെ പിന്നീട് ഗൊഗോയിയുടെ പത്നി ഔദ്യോഗിക വസതിയിൽ വിളിച്ചുവരുത്തി നിലത്ത് ദണ്ഡനമസ്കാരം നടത്തി മാപ്പുപറയിച്ചു എന്ന പരാതിയും ഉയർന്നിരുന്നു. എന്തായാലും, പരാതിയുടെ തുടർ നടപടികൾ ഏറെ ഭയപ്പെടുത്തുന്നതാണ് എന്നുമാത്രം പറഞ്ഞുകൊണ്ട് യുവതി കേസുമായി മുന്നോട്ടുപോവാനോ, നടപടികളുമായി സഹകരിക്കാനോ കൂട്ടാക്കിയിരുന്നില്ല.  എന്തായാലും ഈ വിഷയത്തിൽ അന്വേഷണത്തിന് നിയോഗിക്കപ്പെട്ട മൂന്നംഗ ജുഡീഷ്യൽ പാനൽ, രഞ്ജൻ ഗൊഗോയിക്ക് പ്രസ്തുത വിഷയത്തിൽ ക്ലീൻ ചിറ്റ് നൽകി. നിയുക്ത ചീഫ് ജസ്റ്റിസ് ആയ എസ് എ ബോബ്‌ഡെ നയിച്ച, ജസ്റ്റിസ് ഇന്ദു മൽഹോത്രയും, ജസ്റ്റിസ് ഇന്ദിരാ ബാനർജിയും അംഗങ്ങളായ  ആ പാനൽ ആരോപണങ്ങളെല്ലാം തന്നെ വസ്തുതാവിരുദ്ധമാണ് എന്ന നിഗമനത്തിൽ എത്തിച്ചേരുകയാണുണ്ടായത്.  

Latest Videos
Follow Us:
Download App:
  • android
  • ios