6.5 മുതല്‍ 7 ശതമാനംവരെ വളര്‍ച്ചാ പ്രതീക്ഷ, സമ്പദ് വ്യവസ്ഥ ശക്തമെന്ന് സാമ്പത്തികസര്‍വേ, ബജറ്റ് നാളെ

മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് നാളെ.ആദായ നികുതി കുറയ്ക്കുന്നതടക്കം ജനകീയ പ്രഖ്യാപനങ്ങള്‍  ബജറ്റിലുണ്ടാകുമോയെന്ന് ആകാംക്ഷ.

economic survey report in parliament

ദില്ലി: രാജ്യത്തെ സമ്പദ് വ്യവസ്ഥ ശക്തമെന്ന് സാമ്പത്തിക സര്‍വേ. നടപ്പ് സാമ്പത്തിക വര്‍ഷം  8. 2 ശതമാനം വളര്‍ച്ച കൈവരിക്കാനായി. അടുത്ത സാമ്പത്തിക വര്‍ഷം 6.5 മുതല്‍ 7 ശതമാനം വരെ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. റിസർവ്വ് ബാങ്ക് പ്രതീക്ഷിച്ച 7.2 ശതമാനത്തെക്കാൾ കുറവാണിത്.  നാണ്യപ്പെരുപ്പം നിയന്ത്രിക്കാനായെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍  ലോക് സഭയില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വേ അവകാശപ്പെടുന്നു. കഴിഞ്ഞ വർഷത്തെ 6.7 ശതമാനത്തിൽ നിന്ന് 5.4 ശതമാനമായി നാണ്യപ്പെരുപ്പം കുറഞ്ഞു എന്നും സർവ്വെ പറയുന്നു

മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് നാളെ.  ആദായ നികുതി കുറയ്ക്കുന്നതടക്കം ജനകീയ പ്രഖ്യാപനങ്ങള്‍  ബജറ്റിലുണ്ടാകുമോയെന്നതാണ് ആകാംക്ഷ. പ്രത്യേക പദവിയെന്ന ആവശ്യം സഖ്യകക്ഷി സര്‍ക്കാരുകള്‍ ഉന്നയിക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതത്തില്‍ കേന്ദ്രം എന്ത് നിലപാട് സ്വീകരിക്കുമെന്നതും നിര്‍ണ്ണായക ചോദ്യമാണ്.മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി സഖ്യകക്ഷികളെയും പൊതു ജനങ്ങളെയും ഒരു പോലെ  പ്രതീപ്പെടുത്തണമെന്നതിനാല്‍ കൂടുതല്‍ ജനപ്രിയ പ്രഖ്യാപനങ്ങള‍്ക്ക് സാധ്യതയുണ്ട്. ആദായ നികുതി സ്ലാബില്‍ മാറ്റം വരുത്തുമോയെന്നതാണ് പ്രധാന ചോദ്യം. ജിഎസ്ട്ി നിരക്കുകള്‍ പുനപരിശോധിക്കണമെന്ന ആവശ്യവും സര്‍ക്കാരിന് മുന്നിലുണ്ട്. റിയല്‍ എസ്റ്റേറ്റ് മേഖലക്കും, ചെറുകിട വ്യാപാര മേഖലക്കും കൂടുതല്‍ പിന്തുണ നല്‍കിയേക്കും.അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം തൊഴിലവസരം കൂട്ടേണ്ട ബാധ്യതയും സര്‍ക്കാരിനുണ്ട്. റോഡ് വികസനം, റയില്‍വേ, തുറമുഖ വികസനം തുടങ്ങിയ മേഖലകള്‍ക്ക് കൂടുതല്‍ പാക്കേജുകള്‍ പ്രഖ്യാപിച്ചേക്കും. ഡിജിറ്റല്‍ ഇന്ത്യയെന്ന മുദ്രാവാക്യത്തിന് ശക്തി പകരനാള്ള പ്രഖ്യാപനങ്ങളുമുണ്ടാകും.


കർഷകർക്ക് ഇപ്പോൾ നല്കുന്ന ആറായിരം രൂപയുടെ ധനസഹായം എണ്ണായിരം ആയി എങ്കിലും ഉയർത്തണം എന്ന വികാരം ബിജെപി സംസ്ഥാന ഘടകങ്ങളും സർക്കാരിനെ അറിയിച്ചിട്ടുണ്ട്.ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദവി വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ജെഡിയു, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിജെഡി  എന്നീ കക്ഷികള്‍ ബിഹാര്‍, ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങള്‍ക്കായി പ്രത്യേക പദവി ആവശ്യപ്പെട്ടു കഴിഞ്ഞു.തെരഞ്ഞടെുപ്പില്‍ കാലിടറിയതിന്‍റെ ക്ഷീണം കൂടി മറികടക്കാനുള്ള പ്രഖ്യാപനങ്ങള്‍ ഉറപ്പാകുമ്പോള്‍ സഖ്യകക്ഷികളെ പിണക്കാതെ മുന്‍പോട്ട് പോകാനുള്ള മെയ് വഴക്കവും നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന ഏഴാമത് ബജറ്റിനുണ്ടാകുമോയെന്നറിയാന്‍ കാത്തിരിക്കാം.

 

Latest Videos
Follow Us:
Download App:
  • android
  • ios