17 മാസത്തിനുശേഷം മനീഷ് സിസോദിയ ജയിലിൽ നിന്ന് പുറത്തിറങ്ങി; സ്വീകരിച്ച് എഎപി പ്രവര്‍ത്തകരും നേതാക്കളും
ജയിലിന് പുറത്തിറങ്ങിയ സിസോദിയ കെജ്രിവാളിന് ജയ് വിളിച്ചു. ഭരണഘടനയുടെ വിജയമാണിതെന്നും പിന്തുണയ്ക്ക് നന്ദിയെന്നും സിസോദിയ പറഞ്ഞു
ദില്ലി:മദ്യനയ കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ മുൻ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ജയിലില്‍ നിന്ന് പുറത്തിറങ്ങി. 17 മാസത്തോളം തിഹാര്‍ ജയിലില്‍ തടവില്‍ കഴിഞ്ഞശേഷമാണ് പുറത്തിറങ്ങുന്നത്. വൈകിട്ടോടെയാണ് സിസോദിയ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. എഎപി പ്രവര്‍ത്തകരും നേതാക്കളും സ്വീകരിക്കാനെത്തിയിരുന്നു. ജയിലിന് പുറത്തുള്ള പ്രവര്‍ത്തകരെ സിസോദിയ അഭിവാദ്യം ചെയ്തു.
സഞ്ജയ് സിങ് എംപി അടക്കമുള്ള നേതാക്കളും സ്വീകരിക്കാനെത്തിയിരുന്നു. പിന്തുണയ്ക്ക് നന്ദിയെന്ന് സിസോദിയ പറഞ്ഞു. ജയിലിന് പുറത്തിറങ്ങിയ സിസോദിയ കെജ്രിവാളിന് ജയ് വിളിച്ചു. ഭരണഘടനയുടെ വിജയമാണിതെന്നും പിന്തുണയ്ക്ക് നന്ദിയെന്നും സിസോദിയ പറഞ്ഞു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ സിസോദിയ നാളെ രാജ്ഘട്ട് സന്ദര്‍ശിക്കും.
ഒന്നര വർഷത്തിന് ശേഷമാണ് മനീഷ് സിസോദിയക്ക് ജാമ്യം ലഭിക്കുന്നത്. ജാമ്യ തുകയായി 2 ലക്ഷം കെട്ടിവെക്കണമെന്നും പാസ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. വിചാരണ തുടങ്ങാത്തത്തിന്‍റെ പേരിൽ ദീർഘകാലം ഒരാളെ ജയിലിടാനാകില്ലെന്നും അത് മൗലിക അവകാശത്തിൻ്റെ ലംഘനമാണെന്നും നിരീക്ഷിച്ചുകൊണ്ട് കോടതി ജാമ്യം അനുവദിച്ചത്. ഭരണകാര്യങ്ങളിൽ ഇടപെടാൻ അനുവദിക്കരുതെന്ന ഇഡിയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല,
സിബിഐയും ഇഡിയും രജിസ്റ്റർ ചെയ്ത കേസിലായിരുന്നു മനീഷ് സിസോദിയയുടെ അറസ്റ്റ്. ഫെബ്രുവരി 26നാണ് സിബിഐ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തത്. സിബിഐ കേസിനെ ആധാരമാക്കിയെടുത്ത കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ മാർച്ച് 9 നാണ് ഇഡി സിസോദിയയെ അറസ്റ്റ് ചെയ്തത്. കെജ്രിവാളിനെയും മദ്യനയ കേസിൽ ഇഡി അറസ്റ്റ് ചെയ്തിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജാമ്യാപേക്ഷയെ ശക്തമായി എതിർത്ത സിബിഐയും ഇഡിയും സിസോദിയക്കെതിരെ കൃത്യമായ തെളിവുണ്ടെന്ന് കോടതിയിൽ വാദിച്ചിരുന്നു.