ഹൈ ടെൻഷൻ ഇലക്ട്രിക് ലൈൻ പൊട്ടിവീണു, നിമിഷങ്ങൾക്കുള്ളിൽ കത്തിക്കരിഞ്ഞ് ദമ്പതികളും ബൈക്കും
വൈദ്യുത ലൈനുമായി സമ്പർക്കത്തിൽ വന്നതിന് തൊട്ട്പിന്നാലെ ബൈക്കിൽ തീ പടരുകയായിരുന്നു. ഇതിനൊപ്പം വേദ്പാലും മീനയും രക്ഷപ്പെടാനാവാതെ കുടുങ്ങുകയായിരുന്നു
ബറേലി: ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികളുടെ ദേഹത്തേക്ക് ഹൈ ടെൻഷൻ ഇലക്ട്രിക് ലൈൻ പൊട്ടിവീണു. നിമിഷങ്ങൾക്കുള്ളിൽ കത്തിക്കരിഞ്ഞ് ദമ്പതികളും ബൈക്കും. ഉത്തർ പ്രദേശിലെ ബദൌനിലെ മുസാജ്ഹാഗ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് അപകടമുണ്ടായത്. വസീർഗഞ്ചിലുള്ള ബന്ധുവിനെ സന്ദർശിച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ദമ്പതികൾക്കാണ് അതിദാരുണാന്ത്യമുണ്ടായത്.
വേദ്പാൽ ഭാര്യ മീന ദേവി എന്നിവരാണ് കൊല്ലപ്പെട്ടത്. 110വി ഹൈ ടെൻഷൻ ഇലക്ട്രിക് ലൈൻ ആണ് ഇവരുടെ ദേഹത്തേക്ക് പൊട്ടിവീണത്. ദമ്പതികൾക്കും ഇരുചക്രവാഹനത്തിനും തീ പിടിക്കുന്ന വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിട്ടുണ്ട്. വൈദ്യുത ലൈനുമായി സമ്പർക്കത്തിൽ വന്നതിന് തൊട്ട്പിന്നാലെ ബൈക്കിൽ തീ പടരുകയായിരുന്നു. ഇതിനൊപ്പം വേദ്പാലും മീനയും രക്ഷപ്പെടാനാവാതെ കുടുങ്ങുകയായിരുന്നു. ദൂത്ഹരി ഗ്രാമത്തിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടത്. ഓടിക്കൂടിയ പ്രദേശവാസികൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ശ്രമങ്ങൾ പാഴാവുകയായിരുന്നു.
സംഭവത്തിൽ വൈദ്യുതി വകുപ്പിന്റെ പിഴവെന്നാണ് ദമ്പതികളുടെ ബന്ധുക്കൾ ആരോപിക്കുന്നത്. അധികൃതർക്ക് സംഭവിച്ച വീഴ്ച മൂലമാണ് ദമ്പതികൾക്ക് ജീവൻ നഷ്ടമായതെന്നും കുടുംബം പറയുന്നു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായാണ് പവർ കോർപ്പറേഷൻ വിശദമാക്കുന്നത്. പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ് ദമ്പതികളുടെ മൃതദേഹവും ഇരുചക്രവാഹനവുമുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം