രോഗികളുടെ കൂട്ടമരണം നടന്ന ആശുപത്രിയുടെ ശുചിമുറി ഡോക്ടറെ കൊണ്ട് വൃത്തിയാക്കിച്ച് എംപി, കേസെടുത്ത് പൊലീസ്

48 മണിക്കൂറിനിടെ 31 രോഗികൾ മരിച്ചതിന് പിന്നാലെയാണ് എംപി സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആശുപത്രിയില്‍ എത്തിയത്

Case Against Shiv Sena MP After He Makes Hospital Dean Clean Toilet SSM

മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ശുചിമുറി ആശുപത്രി ഡീനിനെ കൊണ്ട് വൃത്തിയാക്കിപ്പിച്ച ശിവസേന (ഷിന്‍ഡേ വിഭാഗം) എംപിക്കെതിരെ കേസെടുത്തു. ഹേമന്ത് പാട്ടീലിന് എതിരെയാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

ശങ്കര്‍റാവു ചവാന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ 48 മണിക്കൂറിനിടെ 31 രോഗികൾ മരിച്ചതിന് പിന്നാലെയാണ് എംപി സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആശുപത്രിയില്‍ എത്തിയത്. ആശുപത്രി ഡീന്‍  ഡോ ശ്യാമറാവു വകോടയെ കൊണ്ടാണ് വൃത്തിഹീനമായ ടോയ്‍ലറ്റ് എംപി വൃത്തിയാക്കിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും അപകീർത്തിപ്പെടുത്തിയെന്നുമുള്ള പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്.

സെപ്തംബർ 30 മുതൽ ഒക്ടോബർ 2 വരെയാണ് ആശുപത്രിയില്‍ ശിശുക്കള്‍ മരിച്ചത്. തുടര്‍ന്ന് വലിയ പ്രതിഷേധം ഉയരുന്നതിനിടെയാണ്  ഹിംഗോളി എംപി ആശുപത്രി സന്ദര്‍ശിച്ച് ഡീനിന്‍റെ കയ്യില്‍ ചൂൽ നൽകിയത്. വൃത്തിഹീനമായ ടോയ്‌ലറ്റ് ഡീന്‍ ശുചിയാക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.  

"സർക്കാർ കോടികൾ ചെലവഴിക്കുന്നു, പക്ഷേ ഇവിടുത്തെ അവസ്ഥ കാണുമ്പോൾ എനിക്ക് വേദനയുണ്ട്. മാസങ്ങളായി ശുചിമുറികൾ വൃത്തിയാക്കുന്നില്ല. ആശുപത്രിയിലെ വാർഡുകളിലെ ടോയ്‌ലറ്റുകൾ പൂട്ടിയിരിക്കുകയാണ്. ടോയ്‌ലറ്റുകളിൽ വെള്ളം ലഭ്യമല്ല"- എംപി ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. 

ഡീനിന്‍റെ പരാതിയെ തുടര്‍ന്ന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 353 ( സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍റെ ജോലി തടസ്സപ്പെടുത്തല്‍ ), 500 ( അപകീര്‍ത്തിപ്പെടുത്തല്‍ ), 506 ( ഭീഷണിപ്പെടുത്തല്‍ ), എസ്‍സി എസ്ടി വകുപ്പ് എന്നിവ പ്രകാരമാണ് കേസെടുത്തത്. 

അതേസമയം രോഗികളുടെ കൂട്ടമരണത്തില്‍ പ്രതികരണവുമായി ആശുപത്രി അധികൃതര്‍ രംഗത്തെത്തിയിരുന്നു. മതിയായ ചികിത്സ നല്‍കാന്‍ കഴിഞ്ഞില്ലെന്ന് തുറന്നു സമ്മതിക്കുകയായിരുന്നു ആശുപത്രി അധികൃതർ. ആവശ്യത്തിനു മരുന്നും സ്റ്റാഫും ഇല്ലെന്ന് അധികൃതർ പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios