കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം: ഇന്ത്യ സഖ്യ നേതാക്കൾ മിണ്ടാത്തത് എന്തുകൊണ്ടെന്ന് ബിജെപി
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിനെതിരെ ഇന്ത്യ സഖ്യത്തിലെ പാർട്ടികൾ മിണ്ടാതിരിക്കുന്നത് രാഷ്ട്രീയം നോക്കിയാണോയെന്ന് സംബിത് പാത്ര
ദില്ലി: നീറ്റ് - നെറ്റ് പരീക്ഷാ വിവാദം ഇന്ത്യ സഖ്യം ആയുധമാക്കിയിരിക്കെ, കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ ഇന്ത്യ സഖ്യത്തിനെതിരെ വിമര്‍ശനവുമായി ബിജെപി രംഗത്ത്. പിന്നാക്ക വിഭാഗക്കാർ കൂടുതൽ താമസിക്കുന്ന സ്ഥലത്താണ് വിഷമദ്യ ദുരന്തമുണ്ടായതെന്നും എന്തുകൊണ്ടാണ് ഇന്ത്യ സഖ്യത്തിലെ നേതാക്കൾ ഇതിനെതിരെ സംസാരിക്കാത്തതെന്നും ബിജെപി നേതാവ് സംബിത് പാത്ര ചോദിച്ചു. അസ്വസ്ഥതപ്പെടുത്തുന്ന സംഭവമാണ് നടന്നതെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം ഇന്ത്യ സഖ്യത്തിലെ പാർട്ടികൾ രാഷ്ട്രീയം നോക്കിയാണോ മിണ്ടാതിരിക്കുന്നത് എന്നും ചോദിച്ചു.
കള്ളക്കുറിച്ചി വിഷമദ്യദുരന്തത്തിൽ മരണം 56 ആയി. വിഷമദ്യത്തിൽ ഉപയോഗിച്ച മെഥനോൾ പ്രധാന വിതരണക്കാരനായ മാധേഷ് വാങ്ങിയത് മറ്റൊരാളുടെ ജിഎസ്ടി നമ്പർ ഉപയോഗിച്ചാണെന്ന് സിബിസിഐഡി സംഘം കണ്ടെത്തി. വ്യാജമദ്യം വാറ്റിയപ്പോഴുള്ള അനുപാതം തെറ്റിയതും പഴകിയ മെഥനോൾ ഉപയോഗിച്ചതുമാണ് ഇത്ര വലിയ ദുരന്തത്തിന് വഴി വച്ചതെന്നാണ് മദ്യസാമ്പിൾ പരിശോധിച്ചപ്പോൾ വ്യക്തമായത്.
പരിശോധനയില്ലാതെ ഇത്രയധികം മെഥനോൾ ചെക്ക് പോസ്റ്റിലൂടെ കടത്താനാകില്ലെന്ന് ഉറപ്പിച്ച പൊലീസ് വീപ്പകൾ കൊണ്ട് വന്ന ദിവസത്തെ ചെക്ക് പോസ്റ്റ് രേഖകൾ പരിശോധിച്ചപ്പോഴാണ് പ്രധാന വിതരണക്കാരനായ മാധേഷ് ഉപയോഗിച്ചത് മറ്റൊരാളുടെ ജിഎസ്ടി നമ്പർ ആണെന്ന് വ്യക്തമായത്. പൻറുട്ടിയിലുള്ള ഒരു ഹോട്ടലുടമ ശക്തിവേലിന്‍റെ പേരിലുള്ള ജിഎസ്‍ടി നമ്പറാണ് മാധേഷ് ഉപയോഗിച്ചത്. താൻ ജിഎസ്‍ടി റജിസ്ട്രേഷന് അപേക്ഷിച്ചിട്ടുണ്ടെന്നും അത് വരെ ഉപയോഗിക്കാൻ തരണമെന്നും ശക്തിവേലിനോട് പറഞ്ഞ മാധേഷ് കമ്മീഷൻ നൽകാമെന്നും വാഗ്ദാനം ചെയ്തു. ഈ ജിഎസ്ടി നമ്പർ ഉപയോഗിച്ച് മാധേഷ് ആന്ധ്രയിൽ നിന്ന് തിന്നറും മെഥനോളും കടത്തി. നാല് തവണയാണ് ആകെ ഈ ജിഎസ്ടി നമ്പർ ചെക്പോസ്റ്റുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ മൂന്ന് തവണ കൊണ്ട് വന്നത് തിന്നറാണ്, നാലാം തവണ കൊണ്ട് വന്നത് മെഥനോളും.
കൊണ്ടുവന്ന സ്റ്റോക്കെല്ലാം സൂക്ഷിച്ചത് പൻറുട്ടിയിൽ ശക്തിവേലിന്‍റെ ഹോട്ടലിന് പിന്നിലായിരുന്നു. മെഥനോൾ വാങ്ങിക്കൊണ്ട് വന്നത് തനിക്കറിയില്ലെന്നാണ് ശക്തിവേൽ മൊഴി നൽകിയിരിക്കുന്നത്. അതേസമയം, മദ്യം വാറ്റിയതിന്‍റെ അനുപാതം തെറ്റായിരുന്നെന്ന് ഗോവിന്ദരാജു പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. 25 ലിറ്റർ സ്പിരിറ്റ് അതിന്റെ ആറിരട്ടി ചൂടുവെള്ളത്തിൽ മിക്സ് ചെയ്താണ് ഇയാൾ വാറ്റിയിരുന്നത്. അത് തെറ്റി. കൂടെ ഉപയോഗിച്ചത് പഴയ മെഥനോളും. അക്ഷരാർത്ഥത്തിൽ വിഷമാണ് പാക്കറ്റുകളിലും കുപ്പികളിലുമാക്കി ഗോവിന്ദരാജുവും സഹായികളും കള്ളക്കുറിച്ചിക്കാർക്ക് വിറ്റത്.