Omicron : ഒമിക്രോണ്‍; ആദ്യമരണം സ്ഥിരീകരിച്ച് യുകെ
നേരത്തെ തന്നെ കൊവിഡ് ശക്തമായ തിരിച്ചടിയാണ് യുകെക്ക് നല്‍കിയിരുന്നത്. ഇപ്പോള്‍ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാകുമോ എന്ന ആശങ്കയിലാണ് ലണ്ടന്‍
കൊവിഡ് 19 പരത്തുന്ന വൈറസിന്റെ ഏറ്റവും പുതിയ വകഭേദമാണ് ഒമിക്രോണ്‍ ( Omicron Variant ). ആഴ്ചകള്‍ക്ക് മുമ്പ് ദക്ഷിണാഫ്രിക്കയിലാണ് (South Africa ) ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. പിന്നീട് ചുരുങ്ങിയ സമയത്തിനകം തന്നെ മറ്റ് പല രാജ്യങ്ങളിലും ഒമിക്രോണ്‍ സാന്നിധ്യം സ്ഥിരീകരിച്ചു.
നേരത്തെ വന്നിട്ടുള്ള ഡെല്‍റ്റ വകഭേദം തന്നെ കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ പേരിലേക്ക് രോഗം എത്തിക്കുന്നു എന്നതായിരുന്നു പലയിടങ്ങളിലും അതിശക്തമായ കൊവിഡ് തരംഗം എത്താനുള്ള കാരണമായത്. ഇതിനെക്കാള്‍ ഇരട്ടിയിലധികം വേഗതയില്‍ രോഗവ്യാപനം നടത്താന്‍ ഒമിക്രോണിന് സാധ്യമാണെന്നതാണ് നിലവിലെ ആശങ്ക.
അതേസമയം ഒമിക്രോണ്‍ രോഗതീവ്രത വര്‍ധിപ്പിക്കുമോയെന്ന കാര്യത്തില്‍ ഇതുവരെയും കൃത്യമായ നിഗമനങ്ങളിലേക്കെത്താന്‍ ഗവേഷകലോകത്തിനായിട്ടില്ല. ഇക്കാര്യത്തില്‍ വ്യക്തത വരാന്‍ ഇനിയും ആഴ്ചകളെടുക്കുമെന്നാണ് ലോകാരോഗ്യ സംഘടന അറിയിക്കുന്നത്.
ഏതായാലും ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ ആദ്യ മരണം ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തിരിക്കുകയണ് യുകെ. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഒമിക്രോണ്‍ കേസുകളെ കുറിച്ചുള്ള വിശദാംശങ്ങള്‍ പല രാജ്യങ്ങളും പങ്കുവയ്ക്കുന്നുണ്ടെങ്കിലും മരണങ്ങള്‍ ആരും ഔദ്യോഗികമായി സ്ഥിരീകരിക്കുകയോ വിവരം പങ്കുവയ്ക്കുകയോ ചെയ്തിട്ടില്ല.
യുകെയില്‍ മരിച്ച ഒമിക്രോണ്‍ സ്ഥിരീകരിച്ച കൊവിഡ് രോഗിയുടെ വിശദവിവരങ്ങളൊന്നും തന്നെ പുറത്തുവിട്ടിട്ടില്ല. യുകെയില്‍ ഒമിക്രോണ്‍ കേസുകള്‍ കൂടുകയാണെന്നും അതിനാല്‍ തന്നെ കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ കടുപ്പിക്കേണ്ട അവസ്ഥയാണുള്ളതെന്നും പ്രധാനമന്ത്രി അറിയിച്ചു.
നേരത്തെ തന്നെ കൊവിഡ് ശക്തമായ തിരിച്ചടിയാണ് യുകെക്ക് നല്‍കിയിരുന്നത്. ഇപ്പോള്‍ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാകുമോ എന്ന ആശങ്കയിലാണ് ലണ്ടന്‍. തലസ്ഥാനത്ത് നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന കേസുകളില്‍ നാല്‍പത് ശതമാനവും ഒമിക്രോണ്‍ ബാധ മൂലമുള്ളതാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
ഡിസംബര്‍ അവസാനത്തോടെ മുതിര്‍ന്നവര്‍ക്കെല്ലാം ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കിത്തുടങ്ങാനും യുകെയില്‍ തീരുമാനമായിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ തന്നെ ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ പരമാവധി പേരിലേക്ക് എത്തിക്കാനാണ് നീക്കം.
ഇതിനിടെ ഒമിക്രോണ്‍ ആദ്യമായി സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കയില്‍ നിന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകളും ഏറെ ശ്രദ്ധ നേടുന്നുണ്ട്. ഒമിക്രോണ്‍ കൊവിഡ് തീവ്രത വര്‍ധിപ്പിക്കില്ലെന്നാണ് ഇവിടെ നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍, ആരോഗ്യവിദഗ്ധരെ ഉദ്ധരിച്ചുകൊണ്ട് പറയുന്നത്. അതേസമയം കേസുകളിലെ വര്‍ധനവ് യാതാര്‍ത്ഥ്യമാണെന്നും ഈ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. എല്ലാ പ്രായക്കാര്‍ക്കിടയിലും കൊവിഡ് കേസുകള്‍ വര്‍ധിച്ചിട്ടുണ്ടെന്നും കുട്ടികളിലാണ് സവിശേഷമായും ഒമിക്രോണിന് ശേഷം കേസുകള്‍ വര്‍ധിച്ചിരിക്കുന്നതെന്നും ദക്ഷിണാഫ്രിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ തന്നെ വ്യക്തമാക്കിയിരുന്നു.
Also Read:- ബൂസ്റ്റർ ഡോസ് ആന്‍റിബോഡികളുടെ എണ്ണം കൂട്ടുമെന്ന് വിദഗ്ധര്‍