അരൂരിൽ എലിവേറ്റഡ് ഹൈവേ നിർമ്മാണ മേഖലയിൽ അപകടം; കാറിനു മുകളിലേക്ക് കോൺക്രീറ്റ് പാളി വീണു

ടാർപോളിൻ കെട്ടിയും നെറ്റ് കെട്ടിയും പിന്നീട് എടുത്തു കളയാനായി സൂക്ഷിച്ച നിർമാണത്തിലെ കോൺക്രീറ്റ് അവശിഷ്ടങ്ങളാണ് കാറിന് മുകളിൽ വീണത്

Concrete sheet fall on running car in construction site of elevated highway

അരൂർ: ഹൈവേ നിർമാണ മേഖലയിൽ കാറിനു മുകളിലേക്ക് കോൺക്രീറ്റ് പാളി വീണ് അപകടം. അരൂർ തുറവൂർ എലിവേറ്റഡ് ഹൈവേ നിർമാണ മേഖലയിൽ വച്ചാണ് അപകടമുണ്ടായത്. ചാരുംമൂട് സ്വദേശി നിതിൻകുമാർ സഞ്ചരിച്ച കാറിനു മുകളിലേക്കാണ് കോൺക്രീറ്റ് പാളി വീണത്. പാലത്തിന് മുകളിൽ ഉപയോഗശേഷം മാറ്റിയിട്ട കല്ലാണ് റോഡിലേക്ക് വീണത്. 

കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ എരമല്ലൂരിൽ വച്ചാണ് അപകടം നടക്കുന്നത്. നിർമാണത്തിലെ കോൺക്രീറ്റ് അവശിഷ്ടങ്ങൾ ടാർപോളിൻ കെട്ടിയും നെറ്റ് കെട്ടിയും മുകളിൽ തന്നെ താൽക്കാലികമായി സൂക്ഷിച്ച് പിന്നീട് എടുത്തു മാറ്റുകയാണ് തൊഴിലാളികളുടെ രീതി. എന്നാൽ മുകളിൽ നെറ്റിൽ സൂക്ഷിച്ചിരുന്ന കോൺക്രീറ്റ് പാളിയിൽ കണ്ടെയ്നർ ലോറി ഇടിച്ചാണ് അവ താഴേക്ക് വീണത്. ഭാരവാഹനങ്ങൾക്ക് നിർമാണ മേഖലയിൽ രാത്രികാലങ്ങളിൽ നിരോധനം ഏർപ്പെടുത്തിയിട്ടും പൊലീസ് നിയന്ത്രിക്കുന്നില്ലായെന്നതും ആക്ഷേപം ഉയർത്തുന്നുണ്ട്. 

തനിക്ക് ഭാഗ്യം കൊണ്ട് മാത്രമാണ് ജീവൻ തിരിച്ചു കിട്ടിയതെന്ന് യുവാവ് പ്രതികരിക്കുന്നത്. കാറിൽ മറ്റ് യാത്രക്കാർ ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവായി. അപകടത്തിൽ കാറിന്റെ പിൻഭാഗം പൂർണ്ണമായും തകർന്നു. സംഭവത്തിൽ യുവാവ് അരൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കാറിനുണ്ടായ കേടുപാടുകൾക്ക് നഷ്ടപരിഹാരം നൽകാമെന്ന് കരാർ കമ്പനി യുവാവിനെ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios