'തൊലിപ്പുറത്ത് വരുന്ന ചുവന്ന തടിപ്പും പാടുകളും കൊവിഡ് ലക്ഷണമാകാം...'
കൊവിഡ് കാലത്ത് ചര്‍മ്മത്തില്‍ കാണപ്പെടുന്ന പുതിയ തടിപ്പ്, കുരുക്കള്‍, പാടുകള്‍ എന്നിവ നിസാരമായി അവഗണിക്കേണ്ടെന്നാണ് ഈ റിപ്പോര്‍ട്ടുകളൊക്കെ തന്നെ സൂചിപ്പിക്കുന്നത്. കഴിയുന്നതും ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ ആദ്യം സ്വയം ഐസൊലേഷനിലേക്ക് മാറുന്നതാണ് ഉത്തമം. ശേഷം മാത്രം രോഗമുണ്ടോ ഇല്ലയോ എന്നത് നിര്‍ണയിക്കാനുള്ള നീക്കത്തിലേക്ക് കടക്കുക
കൊവിഡ് 19 മഹാമാരി നമ്മള്‍ക്കെന്ന പോലെ തന്നെ ശാസ്ത്രലോകത്തിനും ഗവേഷക ലോകത്തിനുമെല്ലാം പുതിയൊരു വെല്ലുവിളിയായിരുന്നു. ഇതുവരെ പരിചയിച്ചിട്ടില്ലാത്തൊരു രോഗം. ഇതിന്റെ മറ്റ് വിശദാംശങ്ങളും അറിയില്ല. എങ്കിലും ഓരോ ദിവസവും ഗവേഷകര്‍ കൊവിഡ് 19മായി ബന്ധപ്പെട്ട നിര്‍ണായകമായ വിവരങ്ങള്‍ ഓരോന്നായി കണ്ടെടുത്തു.
ഈ അന്വേഷണങ്ങള്‍ക്ക് ഇപ്പോഴും അവസാനമായിട്ടില്ല. കൊവിഡ് ലക്ഷണങ്ങളുടെ കാര്യത്തില്‍ പോലും കൃത്യമായൊരു നിഗമനത്തിലേക്ക് നമുക്കെത്താനാകില്ലെന്നാണ് കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്ന ചില പഠനറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
നേരത്തേ വിദഗ്ധര്‍ പട്ടികപ്പെടുത്തി വച്ച കൊവിഡ് ലക്ഷണങ്ങളുടെ കൂട്ടത്തിലേക്ക് പുതിയൊരു ലക്ഷണം കൂടി ഉള്‍പ്പെടുത്തിയിരിക്കുകയാണ് ഈ പഠനങ്ങള്‍. തൊലിപ്പുറത്ത് കാണുന്ന ചുവന്ന തടിപ്പ്, അടയാളങ്ങള്‍ എന്നിവയും കൊവിഡ് ലക്ഷണമാകാം എന്നാണ് പഠനങ്ങളിലൂടെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
ഇറ്റലി, യുകെ എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിന് പിന്നില്‍. ഇറ്റലിയില്‍ 88 കൊവിഡ് രോഗികളില്‍ 18 പേരിലും ലക്ഷണമായി തൊലിപ്പുറത്ത് ചുവന്ന തടിപ്പോ, പാടുകളോ കണ്ടെത്തിയെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. കൊവിഡിന്റെ മറ്റ് ലക്ഷണങ്ങളൊന്നും കാണിക്കാതിരുന്ന ചിലരില്‍ പക്ഷേ, തൊലിപ്പുറത്ത് പ്രകടമാകുന്ന ഈ ലക്ഷണം കണ്ടെത്തിയെന്നാണ് ഗവേഷകര്‍ പറയുന്നത്.
എന്തായാലും കൊവിഡ് കാലത്ത് ചര്‍മ്മത്തില്‍ കാണപ്പെടുന്ന പുതിയ തടിപ്പ്, കുരുക്കള്‍, പാടുകള്‍ എന്നിവ നിസാരമായി അവഗണിക്കേണ്ടെന്നാണ് ഈ റിപ്പോര്‍ട്ടുകളൊക്കെ തന്നെ സൂചിപ്പിക്കുന്നത്. കഴിയുന്നതും ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ ആദ്യം സ്വയം ഐസൊലേഷനിലേക്ക് മാറുന്നതാണ് ഉത്തമം. ശേഷം മാത്രം രോഗമുണ്ടോ ഇല്ലയോ എന്നത് നിര്‍ണയിക്കാനുള്ള നീക്കത്തിലേക്ക് കടക്കുക. രോഗവ്യാപനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേരിലേക്ക് രോഗം എത്തിക്കാതിരിക്കാനാണ് ഓരോരുത്തരും ജാഗ്രതയെടുക്കേണ്ടത്.