അഴുക്കുവെള്ളത്തില്‍ കൊവിഡ് 19 വൈറസ് സാന്നിധ്യം കണ്ടെത്തി ഇന്ത്യന്‍ ഗവേഷകര്‍
ഐഐടി ഗാന്ധിനഗറിലെ എട്ടംഗ സംഘമാണ് നിര്‍ണായക കണ്ടെത്തലിന് പിന്നില്‍. ഗുജറാത്ത് ബയോടെക്നോളജി ഗവേഷണ കേന്ദ്രവും ഗുജറാത്ത് മലിനീകരണ നിയന്ത്രണ ബോര്‍ഡുമായി ചേര്‍ന്നായിരുന്നു ഇവരുടെ ഗവേഷണം.
ദില്ലി: കൊവിഡ് 19 ജനിതക ഘടകങ്ങള്‍ അഴുക്കുവെള്ളത്തില്‍ കണ്ടെത്തി ഇന്ത്യന്‍ ഗവേഷകര്‍. സാര്‍സ് കോവിഡ് 2 വൈറസിന്‍റെ സാന്നിധ്യം ആദ്യമായാണ് അഴുക്കുവെള്ളത്തില്‍ കണ്ടെത്തുന്നത്. വിവിധ മാധ്യമങ്ങളിലൂടെയുള്ള കൊവിഡ് 19 വൈറസിന്‍റെ വ്യാപനത്തേക്കുറിച്ചുള്ള പഠനത്തില്‍ നിര്‍ണായകമാണ് ഇന്ത്യന്‍ ഗവേഷകരുടെ കണ്ടെത്തലെന്നാണ് വിലയിരുത്തുന്നത്.
ഐഐടി ഗാന്ധി നഗറിലെ ഗവേഷകരാണ് അഹമ്മദാബാദിലെ അഴുക്കുവെള്ളത്തില്‍ വൈറസിന്‍റെ സാന്നിധ്യം വളരെ കൂടിയ അളവില്‍ കണ്ടെത്തിതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. അഴുക്കുവെള്ളത്തിലൂടെയുള്ള കൊവിഡ് 19 വൈറസ് ബാധയെക്കുറിച്ച് ഗവേഷണം നടത്തുന്ന വളരെക്കുറച്ച് രാജ്യങ്ങളുടെ പട്ടികയില്‍ ഇതോടെ ഇന്ത്യയും ഉള്‍പ്പെട്ടിട്ടുണ്ട്. പല പ്രദേശങ്ങളിലും വൈറസ് ബാധയുടെ കാരണം എവിടെ നിന്നാണെന്ന് കണ്ടെത്താന്‍ കഴിയാതെ പോകുന്നതിനിടെയാണ് അഴുക്കുജലത്തില്‍ അപകടകരമായ രീതിയില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയത്.
രോഗം ബാധിച്ചവരുടെ വിസര്‍ജ്യങ്ങളില്‍ വൈറസിന്‍റെ സാന്നിധ്യം നേരത്തെ തിരിച്ചറിഞ്ഞിരുന്നു. ഒരു പ്രദേശത്ത് എത്ര പേരില്‍ വൈറസ് ബാധയുണ്ടെന്ന് കണ്ടെത്താന്‍ അഴുക്കുവെള്ളത്തിലെ ആര്‍എന്‍എ സാന്നിധ്യം കൊണ്ട് സാധിക്കുമെന്നാണ് നിരീക്ഷണം. ഐഐടി ഗാന്ധിനഗറിലെ എട്ടംഗ സംഘമാണ് നിര്‍ണായക കണ്ടെത്തലിന് പിന്നില്‍. ഗുജറാത്ത് ബയോടെക്നോളജി ഗവേഷണ കേന്ദ്രവും ഗുജറാത്ത് മലിനീകരണ നിയന്ത്രണ ബോര്‍ഡുമായി ചേര്‍ന്നായിരുന്നു ഇവരുടെ ഗവേഷണം. അഹമ്മദാബാദിലെ ഓള്‍ഡ് പിരാനാ മലിന ജല പ്ലാന്‍റില്‍ നിന്ന് മെയ് 8 മുതല്‍ മെയ് 27 വരെയുള്ള അഴുക്കുവെള്ളത്തിന്‍റെ സാംപിളാണ് ഇവര്‍ ഗവേഷണത്തിനായി ഉപയോഗിച്ചത്.
കൊവിഡ് രോഗികളെ അടക്കം ചികിത്സിക്കുന്ന അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ നിന്നുള്ള അഴുക്കുവെള്ളം ഉള്‍പ്പെടെയാണ് ഈ പ്ലാന്‍റിലെത്തുന്നത്. മെയ് 27 ന് ശേഖരിച്ച ജല സാംപിളിലെ വൈറസിന്‍റെ സാന്നിധ്യം മെയ് 8 ലേതിനേക്കാള്‍ പത്ത് മടങ്ങ് കൂടുതലാണെന്നും ഗവേഷകര്‍ കണ്ടെത്തി. ഇത് ഈ സമയത്തെ രോഗബാധിതരുടെ വര്‍ധനയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും ഗവേഷകര്‍ പറയുന്നു. ഓസ്ട്രേലിയ. ചൈന, ജപ്പാന്‍, തുര്‍ക്കി, യുഎസ്, ഫ്രാന്‍സ്. സ്പെയിന്‍ എന്നിവിടങ്ങളിലാണ് അഴുക്കുവെള്ളത്തിലെ കൊവിഡ് വൈറസ് സാന്നിധ്യം പരിശോധിച്ചിട്ടുള്ളത്. വെള്ളത്തില്‍ വൈറസിന്‍റെ സാന്നിധ്യം കണ്ടത്തിയെങ്കിലും ഇതിലൂടെ രോഗം പടരുന്നതിനേക്കുറിച്ച് ഇനിയും കൃത്യമായ കണ്ടെത്തലുകള്‍ നടന്നിട്ടില്ല.