പോസ്റ്റ്‌പാർട്ടം ഡിപ്രഷന്‍; പ്രസവാനന്തര മാനസിക പ്രശ്നങ്ങളും കാരണങ്ങളും
പ്രസവാനന്തര മാനസിക പ്രശ്നങ്ങളെ പ്രധാനമായും മൂന്നായി തരം തിരിക്കാം. അതില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകളില്‍ കണ്ടുവരുന്നതും എന്നാല്‍ തീവ്രത കുറവുള്ളതുമായ പ്രശ്നമാണ് പോസ്റ്റ്പാർട്ടം ബ്ലൂ ( Postpartum blues). 30 മുതല്‍ 70 ശതമാനം സ്ത്രീകളില്‍ ഇത് കാണാറുണ്ട്. പ്രസവത്തിന് രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ആരംഭിക്കുകയും കുറച്ചു മണിക്കൂറുകളോ ദിവസങ്ങളോ നീണ്ടു നിൽക്കുകയും ചെയ്യുന്ന അസ്വസ്ഥത, ദേഷ്യം, സങ്കടം തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.
കൈക്കുഞ്ഞിനെ ഫ്ലാറ്റിന് മുകളില്‍ നിന്ന് താഴേക്കെറിഞ്ഞ് കൊന്നു, വാഷിംഗ് മിഷ്യനിലിട്ടു തുടങ്ങിയ വാർത്തകൾ ഇപ്പോള്‍ ഒറ്റപ്പെട്ട സംഭവമല്ല. പത്തുമാസം ചുമന്നു പെറ്റ കുഞ്ഞിനെ എങ്ങനെ കൊല്ലാന്‍ കഴിയുന്നുവെന്ന് നമ്മള്‍ അത്ഭുതപ്പെടാറുണ്ട്. അവിഹിതമായിരിക്കുമെന്നും പെണ്ണിന്റെ സ്വഭാവഗുണത്തെ വിമർശിച്ചും കേസ് ക്ലോസ് ചെയ്യാറാണ് പതിവ്. സത്യത്തില്‍ ഈ സംഭവങ്ങൾക്ക് പിന്നിലെ പ്രധാന വില്ലനാണ് അമ്മയുടെ മാനസികാരോഗ്യം.
ഗർഭകാലവും പ്രസവവും ദമ്പതിമാരുടെ ജീവിതത്തിലെ ഏറ്റവും സന്തോഷവും പ്രത്യാശയും നിറഞ്ഞ കാലമാണ്. അതോടൊപ്പം തന്നെ പുതിയ ഉത്തരവാദിത്വങ്ങളും മാറ്റങ്ങളും പലതരം ഉത്കണ്കഠകളുണ്ടാക്കുന്ന കാലവും കൂടിയാണ്. അത് കൊണ്ട് തന്നെ ഗർഭകാലവും പ്രസവാനന്തര കാലവും മാനസിക പ്രശ്നങ്ങൾക്ക് ഏറ്റവും സാധ്യതയുള്ള കാലമായി വിദഗ്ധര്‍ വിലയിരുത്തുന്നു.
പ്രസവാനന്തര മാനസിക പ്രശ്നങ്ങളെ പ്രധാനമായും മൂന്നായി തരം തിരിക്കാം. അതില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകളില്‍ കണ്ടുവരുന്നതും എന്നാല്‍ തീവ്രത കുറവുള്ളതുമായ പ്രശ്നമാണ് പോസ്റ്റ്പാർട്ടം ബ്ലൂ ( Postpartum blues). 30 മുതല്‍ 70 ശതമാനം സ്ത്രീകളില്‍ ഇത് കാണാറുണ്ട്. പ്രസവത്തിന് രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ആരംഭിക്കുകയും കുറച്ചു മണിക്കൂറുകളോ ദിവസങ്ങളോ നീണ്ടു നിൽക്കുകയും ചെയ്യുന്ന അസ്വസ്ഥത, ദേഷ്യം, സങ്കടം തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.
പ്രത്യേക ചികിത്സകളുടെ ആവശ്യമില്ലാതെ തന്നെ ഈ ലക്ഷണങ്ങള്‍ അപ്രത്യക്ഷമാകാറുമുണ്ട്. പ്രസവാനന്തര മാനസിക പ്രശ്നങ്ങളില്‍ ഏറ്റവും തീവ്രമായതും ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതുമാണ് പോസ്റ്റ്പാർട്ടം സൈക്കൊസിസ്. പ്രസവത്തിന്റെ 48 മണിക്കൂറിനുള്ളില്‍ ആരംഭിക്കുന്നു. ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍ കടുത്ത വിഷാദം/ അത്യുത്സാഹം, വിചിത്രമായ പെരുമാറ്റം ഡില്യൂഷന്‍, ഹാലൂസിനേഷന്‍ തുടങ്ങിയവ ആണ്.
കുട്ടി തന്റേതല്ലെന്നോ, കുട്ടിയില്‍ ഭൂതം ആവേശിച്ചിട്ടുണ്ടെന്നോ തുടങ്ങിയ വിശ്വാസങ്ങള്‍ ഇവരിലുണ്ടാകുകയും കുട്ടിയെ കൊന്നു കളയാന്‍ കാതില്‍ നിരന്തരമായ ആജ്ഞ (auditory command) കിട്ടുകയും അത് ഒടുവില്‍ കുട്ടിയെ കൊല്ലുന്നതിലേക്ക് ( Infanticide) വരെ എത്തുകയും ചെയ്യാറുണ്ട്. ഉടന്‍ തന്നെ ചികിത്സയ്ക്ക് വിധേയമാകേണ്ട രോഗാവസ്ഥയാണിത്.
പോസ്റ്റ്പാർട്ടം ഡിപ്രഷന്‍ ഏറ്റവും കൂടുതല്‍ സ്ത്രീകളില്‍ കണ്ടു വരുന്നതും. എന്നാല്‍ സമയത്ത് തിരിച്ചറിയപെടാതെ പോകുന്നതുമായ രോഗമാണ്. നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെൽത്ത് ആന്റ് ന്യൂറോസയിൻസിന്റെ 2016- 17 ലെ നാഷണല്‍ മെന്റല്‍ ഹെൽത്ത് റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയില്‍ 22 ശതമാനം സ്ത്രീകൾക്ക് പ്രസവാനന്തര വിഷാദരോഗം ഉണ്ടാകുന്നു.
സാധാരണ വിഷാദ രോഗത്തിന്റെ ലക്ഷണങ്ങളായ ഉദാസീനത, ക്ഷീണം, സന്തോഷം അനുഭവപ്പെടതിരിക്കുക, കുറ്റബോധം, തീരുമാനമെടുക്കാനും ചിന്തിക്കാനുമുള്ള ബുദ്ധിമുട്ടുകള്‍, ഉറക്കമില്ലായ്മ/ ഉറക്കക്കൂടുതല്‍, ഭക്ഷണം കഴിക്കാതിരിക്കുക/കൂടുതല്‍ കഴിക്കുക തുടങ്ങിയവയാണ് ഇതിന്റെയും പ്രധാന ലക്ഷണങ്ങള്‍ എങ്കിലും പ്രസവത്തിന് ശേഷം ഒരാഴ്ച്ച മുതല്‍ ആറുമാസം വരെ നീണ്ടു നിൽക്കുന്ന കാലയളവാണ് രോഗനിർണയത്തിന് പരിഗണിക്കുന്നത്.
കൃത്യ സമയത്ത് കണ്ടെത്തുകയും ചികിത്സ നടത്തുകയും ചെയ്തില്ലെങ്കിൽ ഗുരുതരമായ മാനസിക പ്രശ്നങ്ങളിലേക്ക് ഇത് നയിച്ചേക്കാം. പ്രസവനന്തര കാലം അമ്മയുടെ സാന്നിധ്യവും പരിചരണവും കുഞ്ഞിനു പ്രധാനമാണ്. എന്നിരിക്കെ
ഈ സമയത്തെ വിഷാദം കുഞ്ഞിന്റെ വളർച്ചയെ പ്രതികൂലമായി ബാധിച്ചേക്കാം. വിഷാദരോഗം ബാധിച്ച അമ്മയില്‍ സ്നേഹപ്രകടങ്ങളും(Pampering), പരിച്ചരണങ്ങളും കുറവായേക്കാം. ഇത് കുഞ്ഞിന്റെ ബൗദ്ധിക വളർച്ചയെ
ബാധിക്കുമെന്നും പലതരം വൈകല്യങ്ങൾക്കും കാരണമായേക്കാം എന്നും പഠനങ്ങള്‍ പറയുന്നു.
ഇതിനു പുറമേ വിഷാദകാലത്ത് അമ്മയിലുണ്ടാകുന്ന അശ്രദ്ധകള്‍ ( വാക്സിന്ന ല്കാകന്‍ മറന്നു പോവുക, കുഞ്ഞിനെ കാറിലോ പബ്ലിക് സ്പേസിലോ മറന്നു പോവുക) കുഞ്ഞിന്റെ ജീവന് തന്നെ ഭീഷണി ആകുന്നു. പ്രസവാനന്തര മാനസിക പ്രശ്നങ്ങൾക്ക് ഒന്നില്‍ കൂടുതല്‍ കാരങ്ങള്‍ ഉള്ളതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങള്‍, ഭർത്താവിൽ നിന്നു സപ്പോർട്ട് ഇല്ലാതിരിക്കുക, ഗാർഹിക പീഡനം, വീടുമാറ്റം, സാമ്പത്തിക പ്രതിസന്ധി, ജോലി നഷ്ടപെടല്‍, അടുപ്പമുള്ളവരുടെ മരണം, അസ്വസ്ഥമാക്കുന്ന എന്തെങ്കിലും കേൾക്കേണ്ടിയോ കാണേണ്ടിയോ വരിക, തുടങ്ങിയവ സാമൂഹികമായ കാരണങ്ങളാണ്.
അപ്രതീക്ഷിത സമയത്തെ ഗർഭധാരണം, ഗർഭകാലത്തോ പ്രസവസമയത്തോ ഉണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള സങ്കീർണ്ണതകള്‍, അറിവില്ലായ്മ, മുലയൂട്ടല്‍, കുടുംബത്തിലെ ആർക്കെങ്കിലും മാനസിക പ്രശ്നങ്ങള്‍ ഉണ്ടാവുക , വ്യക്തിത്വത്തിലെ പോരായ്മകള്‍ തുടങ്ങിയവയും വിഷാദ രോഗത്തിന് കാരണമാകുന്നു.
ഇന്ത്യന്‍ സ്ത്രീകളുടെ മാതൃത്വം...
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഗ്ലോറിഫൈ ചെയ്യപ്പെട്ടിട്ടുള്ള ഒന്നാണ് ഗർഭധാരണവും മാതൃത്വവും. അമ്മയായില്ലെങ്കില്‍ ജീവിതം പൂർണമായില്ലെന്ന് വിശ്വസിക്കുന്നവരാണ് ഇന്ത്യയിലെ തൊണ്ണൂറു ശതമാനം സ്ത്രീകളും. എന്നാല്‍ ഇന്ത്യന്‍ സ്ത്രീകളുടെ മാതൃത്വം അത്രയൊന്നും റൊമാന്റിക് അല്ല എന്നാണ് വസ്തുതകള്‍ പറയുന്നത്. ഏറ്റവും കൂടുതല്‍ മിത്തുകള്‍ നിലനിക്കുന്നതും വിഷാദരോഗം ഏറ്റവും കൂടുതല്‍ തിരിച്ചറിയപ്പെടാതെ പോകുന്നതുമായ രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ.
ഗർഭകാലത്ത് സ്ത്രീശരീരം ഹോര്‍മോണുകള്‍ കൊണ്ട് സംരക്ഷിതമാണ് എന്നത് തെറ്റായ ധാരണയാണ്. ഹോർമോണുകളിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ സ്ത്രീകളുടെ മാനസിക അവസ്ഥയെയും സ്വഭാവത്തെയും ബാധിക്കാറുണ്ട്. ജോലിയോ പഠിത്തമോ ഉപേക്ഷിക്കേണ്ടി വരുന്നത് സർവ്വസാധാരണമായ ഒന്നാണ്. യാത്ര ചെയ്യാനോ സ്വതന്ത്രമായി കാര്യങ്ങള്‍ ചെയ്യാനോ അവർക്ക് പരിമിതികള്‍ നേരിടേണ്ടി വരുന്നു. ജോലിയോ പഠിത്തമോ തുടരുന്ന സ്ത്രീകൾക്ക് ഇരട്ടി അധ്വാനമാണ് പലപ്പോഴും ഉണ്ടാവാറ്.
വീട്ടുജോലിയും, ജോലിസ്ഥലത്തെ സ്ട്രെസ്സും, പബ്ലിക് ടോയ്ലെറ്റുകളുടെ ശോചനീയ അവസ്ഥയുമൊക്കെ അവർക്ക് നേരിടേണ്ടി വരുന്നു. ഗർഭകാലത്ത് ആചാരങ്ങള്‍ എന്ന പേരില്‍ നടത്തിപോരുന്ന പല പ്രവൃത്തികളിലും അമ്മയുടെ സമ്മതം പരിഗണിക്കാറില്ല. മറ്റൊരു പ്രധാന പ്രശ്നമാണ് ആൺകുട്ടിക്ക് വേണ്ടിയുള്ള നിർബന്ധം. നോർത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളിലും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലുമാണ് ഇത് കൂടുതല്‍ കണ്ടു വരുന്നത്.
ആൺകുട്ടി ഉണ്ടാകുന്നത് വരെയുള്ള തുടർച്ചയായ പ്രസവം, അതിനിടയിലെ മാനസിക സമ്മർദങ്ങൾ പെൺഭ്രൂണഹത്യ, തുടങ്ങിയവ സ്ത്രീകളുടെ മാനസികാരോഗ്യത്തെ തകർക്കുന്ന പ്രവണതയാണ്. മധുരമായ അനുഭവം പ്രതീക്ഷിച്ചിരിക്കുന്ന പെൺകുട്ടികൾക്ക് ഗർഭകാലത്തെ അസ്വസ്ഥതകളും , ശരീരത്തിലെ മാറ്റങ്ങളുമൊക്കെ വേണ്ട വിധം ഉൾക്കൊള്ളാൻ കഴിഞ്ഞെന്ന് വരില്ല.
കുട്ടി ഉണ്ടായി കഴിഞ്ഞാല്‍ താന്‍ കുഞ്ഞിനെ വേണ്ട പോലെ നോക്കുന്നുണ്ടോ, നല്ലൊരു അമ്മയാകാന്‍ പറ്റുന്നുണ്ടോ എന്നൊക്കെയുള്ള ആകുലതകള്‍ വർധിക്കാനും കാരണമാകും. കൂടുതലും സമയങ്ങളില്‍ സ്ത്രീകള്‍ ഗൈനക്കോളജിസ്റ്റിനെ കണ്ടു തിരിച്ചുപോവാറാണ് പതിവ്. അവർക്ക് കൃത്യമായ പോഷകാഹാരം, മരുന്നുകള്‍, വാക്സിനുകള്‍ മുതലായവ, ആരോഗ്യ രംഗം ഉറപ്പു വരുത്തുന്നുണ്ടെങ്കിലും ഗർഭസമയത്തോ അത് കഴിഞ്ഞോ സ്ത്രീകളുടെ മാനസിക ആരോഗ്യം പരിശോധിക്കുന്ന ടൂളുകള്‍ ഒന്നും കാര്യക്ഷമമല്ല. അതുകൊണ്ട് തന്നെ പലപ്പോഴും അവർക്ക് മനശ്ശാസ്ത്രവിദഗ്ദ്ധരുടെ സേവനം ലഭ്യമാകുന്നത് വളരെ വൈകിയാണ്.
അപ്പോഴും മുലയൂട്ടല്‍ കാലമായതിനാല്‍ മരുന്നുപയോഗിച്ചുള്ള ചികിത്സ വലിയൊരു പ്രതിസന്ധി ആണ്. പങ്കാളികള്‍, ഗർഭകാലം മുതൽക്കെ തന്നെ എന്തെങ്കിലും വിഷാദം അനുഭവപ്പെടുന്നുണ്ടെങ്കില്‍ മനശാസ്ത്രജ്ഞന്റെ സഹായം തേടുക. നിങ്ങളുടെ ഗൈനക്കോളജിസ്റ്റ് നിർദേശിക്കുന്ന ജീവിത ശൈലി കൃത്യമായി പിന്തുടരുക.
ജോലിയോ പഠനമോ മറ്റു പ്രവൃത്തികളോ തുടരുന്നതില്‍ ബുദ്ധിമുട്ടുകള്‍ ഒന്നുമില്ലെങ്കില്‍ അത് തുടരുക. ഇത് നിങ്ങളുടെ ജീവിതത്തിലെ ഒരു ഘട്ടം മാത്രമാണെന്നും നിങ്ങളുടെ കഴിവിനുള്ളില്‍ നിന്ന് കൊണ്ട് അത് പ്രായോഗികമാക്കിയാല്‍ മതിയെന്നും തിരിച്ചറിഞ്ഞ് കൊണ്ട് യാഥാർത്ഥ്യബോധത്തോടെ മുന്നോട്ടു പോവുക.
എഴുതിയത്:
ആഫിയ നൂർ,
എംഫിൽ ക്ലിനിക്കൽ സെെക്കോളജി സ്കോളർ,
ഗുജറാത്ത് ഫോറൻസിക് സയിൻസ് യൂണിവേഴ്സിറ്റി