'കൊവിഡ് ഒരു ഗൂഢാലോചന': ഓസ്ട്രേലിയയില്‍ ടെസ്റ്റ് ചെയ്യാന്‍ വിസമ്മതിച്ച് ആയിരങ്ങള്‍
ഓസ്ട്രേലിയന്‍ ആരോഗ്യമന്ത്രി ജെന്നി മിക്കകോസ് തന്നെയാണ് ഈ കാര്യം വെളിപ്പെടുത്തിയതെന്ന് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മെല്‍ബണ്‍: കൊവിഡ് വൈറസ് ഗൂഢാലോചനയാണ് എന്ന് ആരോപിച്ച് കൊവിഡ് ടെസ്റ്റ് നടത്താന്‍ വിസമ്മതിച്ച് ആയിരത്തോളം പേര്‍. ഓസ്ട്രേലിയയിലാണ് സംഭവം. വിക്ടോറിയ സംസ്ഥാനത്തെ കൊവിഡ് ബാധിത ഹോട്ട്സ്പോട്ടുകളില്‍ ഉള്‍പ്പെടുന്ന 10,000 പേരാണ് കൊറോണ ടെസ്റ്റിന് വിധേയമാകുവാന്‍ സാധിക്കില്ലെന്ന് അറിയിച്ചത്. ഇതില്‍ വലിയൊരു വിഭാഗം കൊവിഡ് വെറും ഗൂഢാലോചനയാണ് എന്ന് ആരോപിച്ചാണ് ടെസ്റ്റിന് വിസമ്മതിച്ചത്.
ഓസ്ട്രേലിയന്‍ ആരോഗ്യമന്ത്രി ജെന്നി മിക്കകോസ് തന്നെയാണ് ഈ കാര്യം വെളിപ്പെടുത്തിയതെന്ന് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വളരെ ദൌര്‍ഭാഗ്യകരമായ സംഭവം എന്ന് ഇതിനെ വിശേഷിപ്പിച്ച ആരോഗ്യ മന്ത്രി, ഞങ്ങളുടെ കണക്കില്‍ ഏതാണ്ട് 10000 പേരോളം ടെസ്റ്റ് നടത്താന്‍ വിസമ്മതിച്ചവരുണ്ട്.
ചിലപ്പോള്‍ അതിന് പല കാരണങ്ങളും ഉണ്ടായേക്കും. ചിലപ്പോള്‍ മറ്റ് പ്രദേശങ്ങളില്‍ ടെസ്റ്റ് നടത്തിയവര്‍ ഇതില്‍പ്പെടാം. എന്താണ് കാരണം എന്ന് കൃത്യമായ ഡാറ്റവച്ച് പരിശോധിച്ച് വരുകയാണ്. ഇതില്‍ വലിയൊരു വിഭാഗം കൊറോണ വൈറസ് ബാധ ഗൂഢാലോചനയാണ് എന്ന വാദത്തില്‍ ഉറച്ച് നിന്ന് ടെസ്റ്റിംഗിന് വിസമ്മതിക്കുന്നത് വ്യക്തമാണ്.
തങ്ങളെ കൊറോണ ബാധിക്കില്ലെന്നാണ് ഇവരുടെ വിശ്വാസം, ഇത്തരക്കാരോട് വീണ്ടും ഊന്നിപറയുന്നത്. ഇത് വളരെ വേഗത്തില്‍ പടരുന്ന ഒരു വൈറസാണ്. നിങ്ങളുടെ കുടുംബത്തില്‍ ഇത് വേഗം എത്തും, നിങ്ങളുടെ അയല്‍വക്കത്തെ ഇത് ബാധിക്കും ഒപ്പം നിങ്ങളുടെ കമ്യൂണിറ്റിയെ തന്നെ ബാധിക്കും- ആരോഗ്യമന്ത്രി പറഞ്ഞു.
വിക്ടോറിയ പ്രീമിയര്‍ ഡാനിയല്‍ ആന്‍ഡ്രൂസും ടെസ്റ്റിംഗ് നടത്തേണ്ട ആവശ്യം പ്രത്യേകം സൂചിപ്പിച്ചു. നിങ്ങളോട് ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെട്ടാന്‍ ഉടന്‍ സമ്മതം നല്‍കണം. ചെറിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ പോലും മുന്നോട്ട് വന്ന് ടെസ്റ്റിന് വിധേയരാകണം ഡാനിയല്‍ ആന്‍ഡ്രൂസ് അഭ്യര്‍ത്ഥിച്ചു.
വ്യാഴാഴ്ച വൈകീട്ട് എട്ടു മണി പൂര്‍ത്തിയാകുമ്പോള്‍ വിക്ടോറിയ സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളില്‍ 24,000 ടെസ്റ്റുകളാണ് നടത്തിയത്. ഇതില്‍ 66 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മൊബൈല്‍ ടെസ്റ്റിംഗ് സംവിധാനം സംസ്ഥാനത്ത് ഉടനീളം വിന്യസിച്ചാണ് ടെസ്റ്റിംഗുകള്‍ നടത്തുന്നത്. ഏതാണ്ട് 12 ഓളം സ്ഥലങ്ങള്‍ കൊവിഡ് വ്യാപന സ്ഥലങ്ങളായി പ്രദേശിക ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്.