Weight Loss Stories : 35 കിലോ കുറച്ചു, വെയ്റ്റ് ലോസ് സീക്രട്ട് ചോദിക്കുന്നവരോട് ലക്ഷ്മി അതുൽ പറയുന്നത്
' വണ്ണം ഉണ്ടായിരുന്നപ്പോൾ പ്രമേഹം, കൊളസ്ട്രോൾ, ക്രമം തെറ്റിയ ആർത്തവം, എപ്പോഴും ക്ഷീണം തോന്നുക, പടികൾ കയറുമ്പോൾ കിതപ്പ് ഇതെല്ലാം ഉണ്ടായിരുന്നു. എന്നാൽ ഭാരം കുറച്ചപ്പോൾ ഈ പ്രശ്നങ്ങളൊന്നുമില്ല...- ലക്ഷ്മി പറയുന്നു.
ക്യത്യമായ ഡയറ്റും വ്യായാമവുമായി ശരീരഭാരം കുറച്ചതിന്റെ വിജയകഥ നിങ്ങൾക്കും പറയാനുണ്ടോ? അത്തരം ആരെയെങ്കിലും നിങ്ങൾക്ക് പരിചയമുണ്ടോ? ഉണ്ടെങ്കിൽ ആ വിവരങ്ങൾ ഞങ്ങളെ അറിയിക്കാം. പേരും ഫോൺ നമ്പറും, അടക്കമുള്ള വിവരങ്ങൾ webteam@asianetnews.in എന്ന വിലാസത്തിലേക്ക് അയക്കുക. സബ്ജക്റ്റ് ലൈനിൽ Weight Loss Stories എന്ന് എഴുതാൻ മറക്കരുത്.
അമിതവണ്ണം കാരണം പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരാണ് നമ്മളിൽ അധികം പേരും. വ്യായാമമില്ലായ്മയും അനാരോഗ്യകരമായ ഭക്ഷണശീലവുമെല്ലാം ഭാരം കൂട്ടുന്നതിന് ഇടയാക്കുന്നു. വണ്ണം കൂടുന്നത് ഹൃദ്രോഗം, സ്ട്രോക്ക്, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു.
ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ പ്രചോദനമാണ് എറണാകുളം കാക്കനാട് സ്വദേശി ലക്ഷ്മി അതുലിന്റെ വെയ്റ്റ് ലോസ് വിജയയാത്ര. 95 കിലോയിൽ നിന്ന് 60 കിലോയിലേക്ക് എത്തിയതിന് സഹായിച്ച ചില ഡയറ്റ് പ്ലാനും വെയ്റ്റ് ലോസ് ടിപ്സിനെ കുറിച്ചും ലക്ഷ്മി അതുൽ പറയുന്നു.
'ഭാരം കുറച്ചത് വളരെ പതുക്കെ'
'രണ്ട് വർഷം കൊണ്ടാണ് 35 കിലോ കുറച്ചത്. വളരെ പതുക്കെയാണ് ഭാരം കുറച്ചത്. 14 വയസ് മുതൽ 23 വയസ് വരെ 95 കിലോ ഭാരം ഉണ്ടായിരുന്നു. കോളേജിൽ പഠിക്കുമ്പോഴാണ് ഭാരം കുറയ്ക്കുന്നതിനെ കുറിച്ച് ചിന്തിച്ച് തുടങ്ങിയത്. കോളേജിൽ പഠിക്കുന്ന കാലത്ത് നടത്തം ആയിരുന്നു പ്രധാന വ്യായാമം. ദിവസവും നടക്കാൻ തുടങ്ങിയപ്പോൾ നല്ല മാറ്റം ഉണ്ടായിരുന്നു.അങ്ങനെ 95 ൽ നിന്ന് 90 ൽ എത്തി. വിവാഹം കഴിഞ്ഞപ്പോൾ യോഗ ചെയ്യാൻ തുടങ്ങി. ദിവസവും ഒരു മണിക്കൂർ യോഗ ചെയ്യുമായിരുന്നു. ഭാരം കുറഞ്ഞ് തുടങ്ങിയപ്പോൾ അത് കൂടുതൽ മോട്ടിവേഷൻ ആയി. അങ്ങനെ അതിന് ശേഷം ഭക്ഷണക്രമത്തിൽ മാറ്റം വരുത്തി. കാർബ് കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കാൻ തുടങ്ങി. ഡയറ്റിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ ഉൾപ്പെടുത്തി. പ്രസവം കഴിഞ്ഞ് 28 ദിവസം കഴിഞ്ഞപ്പോൾ ചെറിയ വ്യായാമങ്ങൾ ചെയ്യുമായിരുന്നു. പ്രസവം കഴിഞ്ഞപ്പോഴും അമിത ഭക്ഷണം കഴിച്ചിരുന്നില്ല. പ്രസവം കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞപ്പോൾ ജോലിയ്ക്ക് പോയി തുടങ്ങി...' - ലക്ഷ്മി അതുൽ പറയുന്നു.
ഡയറ്റ് എടുത്തിരുന്നപ്പോൾ
' ഹെൽത്തി ഡയറ്റ് പ്ലാനാണ് പിന്തുടർന്നിരുന്നത്. മടുപ്പ് തോന്നിയിട്ടില്ല എന്ന് തന്നെ പറയാം. നമ്മുടെ ആരോഗ്യത്തെ ബാധിക്കാത്ത ഡയറ്റാണ് നോക്കിയിരുന്നത്. ഡയറ്റ് നോക്കിയശേഷം തലവേദനയോ ക്ഷീണമോ അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് പ്രശ്നമാണ്. ഹെൽത്തി അല്ലാത്ത വെയ്റ്റ് ലോസിലൂടെയാണ് നിങ്ങൾ പോകുന്നതെന്നാണ് സൂചിപ്പിക്കുന്നത്. നമ്മുടെ ശരീരത്തിന് പറ്റുന്നതും എന്നാൽ ആസ്വദിച്ചും ആയിരിക്കണം ഡയറ്റ് നോക്കേണ്ടത്...' - ലക്ഷ്മി അതുൽ പറയുന്നു.
' അന്ന് 74 കിലോ ഭാരം ഉണ്ടായിരുന്നു, ചോറ് മാത്രമായിരുന്നില്ല ഒഴിവാക്കിയത്' ; അനു പറയുന്നു
പ്രമേഹം, കൊളസ്ട്രോൾ, എപ്പോഴും ക്ഷീണം
' വണ്ണം ഉണ്ടായിരുന്നപ്പോൾ പ്രമേഹം, കൊളസ്ട്രോൾ, ക്രമം തെറ്റിയ ആർത്തവം, എപ്പോഴും ക്ഷീണം തോന്നുക, പടികൾ കയറുമ്പോൾ കിതപ്പ് ഇതെല്ലാം ഉണ്ടായിരുന്നു. എന്നാൽ ഭാരം കുറച്ചപ്പോൾ ഈ പ്രശ്നങ്ങളൊന്നുമില്ല...' - ലക്ഷ്മി പറയുന്നു. ജിമ്മിൽ പോയാണ് ഭാരം കുറച്ചിരുന്നത്. ട്രെയിനറിന്റെ സഹായത്തോടെയാണ് ഭാരം കുറച്ചത്. പുഷപ്പ്, സ്ക്വാട്ട്സ്, സ്‌ട്രെച്ചിംഗ് പോലുള്ള വ്യായാമങ്ങളാണ് കൂടുതലായി ചെയ്തിരുന്നതെന്നും ലക്ഷ്മി പറയുന്നു.
ഭാരം കുറയ്ക്കാൻ ജിമ്മിൽ പോകണമെന്നില്ല
ജിമ്മിൽ പോകാതെ തന്നെ ഭാരം കുറയ്ക്കാവുന്നതാണ്. വീട്ടിലിരുന്ന് തന്നെ വ്യായാമം ചെയ്യുകയും ഭക്ഷണക്രമത്തിൽ ചില മാറ്റങ്ങൾ വരുത്തിയാൽ തന്നെ വണ്ണം കുറയ്ക്കാം. പടികൾ കയറുക, യോഗ ചെയ്യുക ഇങ്ങനെയുള്ള വ്യായാമങ്ങൾ ഭാരം കുറയ്ക്കാൻ ശീലമാക്കാവുന്നതാണെന്നും ലക്ഷ്മി പറയുന്നു.
ബോഡി ഷെയിമിംഗ് നേരിട്ടു
'വണ്ണം ഉണ്ടായിരുന്നപ്പോൾ തീർച്ചയായും ബോഡി ഷെയിമിംഗ് നേരിട്ടു. പലതരത്തിലുള്ള കളിയാക്കലുകൾ കേട്ടിട്ടുണ്ട്. ലഡു, ആപ്പിൾ ഇങ്ങനെയൊക്കെ പലരും വിളിച്ചിട്ടുണ്ട്. നെഗറ്റീവ് കമന്റ് കാര്യമാക്കാറില്ല. മറ്റൊന്ന് ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാൻ പറ്റാതെ വരുമ്പോഴാണ് ഏറെ സങ്കടം...- ലക്ഷ്മി അതുൽ പറഞ്ഞു.
ആത്മവിശ്വാസം കൂടി
' ഭാരം കുറഞ്ഞപ്പോൾ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നു. ആത്മവിശ്വാസം കൂടി. എന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു ബോക്സിംഗ് പഠിക്കണമെന്നുള്ളത്. അതും പഠിച്ചു. മറ്റൊന്ന് മോളോടൊപ്പം ഡാൻസ് ചെയ്യും. മാരത്തോൺ ഓടാൻ പോകും ഇങ്ങനെ ചില ആഗ്രഹങ്ങളെല്ലാം സാധിച്ചു. ഈ വെയ്റ്റ് ലോസിലൂടെ 'you can do it' എന്ന മെസേജ് ജീവിതത്തിൽ കിട്ടി. നമ്മുക്ക് ചെയ്യാൻ പറ്റുമെന്ന് മനസിൽ എപ്പോഴും പറയുക. ജീവിതവിജയത്തിനായി കാത്തുസൂക്ഷിക്കേണ്ട വിജയമന്ത്രമെന്ന് പറയാം
മൂന്ന് മാസം കൊണ്ട് 52 കിലോ ഭാരം കുറച്ചത് എങ്ങനെയെന്ന് ആന്റോ വിൽസൺ പറയുന്നു
പ്രോട്ടീനും ഫെെബറും പ്രധാനം
80 ശതമാനവും ഭക്ഷണരീതിയിലെ മാറ്റമാണ് ഭാരം കുറയ്ക്കാൻ സഹായിച്ചത്. നമ്മുടെ ശരീരം എങ്ങനെയാണ് എന്ന് ആദ്യം തിരിച്ചറിഞ്ഞ് ശരീരത്തെ സ്നേഹിക്കുക. വണ്ണം കുറയ്ക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് മനസിലാക്കണം. പാക്കറ്റ് ഭക്ഷണങ്ങൾ ഒഴിവാക്കുക. പ്രോട്ടീനും ഫെെബറും അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. പ്രോട്ടീൻ ലക്ഷിക്കുന്നതിന് മുട്ട, കടല, പയർ, ചിക്കൻ എന്നിവ കഴിക്കാം.
' ചിക്കൻ ഫ്രെെ രൂപത്തിൽ കഴിക്കരുത്. പരമാവധി എണ്ണയില്ലാതെ കഴിക്കുക. ഓട്സ് , കാരറ്റ്, പെെനാപ്പിൾ, വാഴക്കൂമ്പ് തുടങ്ങിയ ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക. ഉച്ചയ്ക്ക് ചോറ് കഴിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ബ്രൗൺ റെെസ് കഴിക്കുക. 7.00 മണിക്ക് മുമ്പ് തന്നെ അത്താഴം കഴിക്കാൻ ശ്രമിക്കുക. മറ്റൊന്ന് കഴിച്ചശേഷം പെട്ടെന്ന് ഉറങ്ങാൻ പോകരുത്. അത് ഭാരം കൂട്ടാം. ഉച്ചഭക്ഷണമായാലും അത്താഴം ആണെങ്കിലും കഴിച്ച ശേഷം 10 മിനുട്ട് നടക്കുന്നത് ഭാരം കുറയ്ക്കാൻ മാത്രമല്ല മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്. ഉച്ചഭക്ഷണം കഴിക്കുമ്പോൾ 35 ശതമാനം മാത്രം ചോറും ബാക്കി പച്ചക്കറികളും പയർവർഗങ്ങളും ഉൾപ്പെടുത്തുക...' - ലക്ഷ്മി അതുൽ പറഞ്ഞു.