Ayurveda Karkidaka Chikitsa : കൊവിഡ് കാലത്തിന് ശേഷം കർക്കിടക ചികിത്സാ രംഗത്തും ഉണർവ്
ഓരോ രോഗിയുടേയും ആരോഗ്യസ്ഥിതി പരിശോധിച്ചാണ് ചികിത്സ നിശ്ചയിക്കുന്നത്. ചികിത്സ മൂന്ന് വിധമുണ്ട്. ശമനം, ശോധനം, സ്വസ്തഹൃദം. എന്നിവയാണ് അവ. ശമനം രോഗചികിത്സയാണ്. 14, 21 ദിവസം വരെ നീളുന്നതായിരിക്കും ചികിത്സ.ശോധന ചികിത്സ സാധാരണയായി ത്വക്ക് രോഗങ്ങൾക്ക് ഒക്കെയാണ് നിർദ്ദേശിക്കാറ്.
എന്തിനാണ് കർക്കിടക ചികിത്സ? എന്തൊക്കെയാണ് ഈ ചികിത്സയുടെ നേട്ടങ്ങൾ? പങ്കജ കസ്തൂരി മാനേജിംഗ് ഡയറക്ടർ ഡോ. ജെ ഹരീന്ദ്രൻ നായർ വിശദീകരിക്കുന്നു...
കർക്കിടകം. ആയുർവേദത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട മാസം. ആധിവ്യാധികളിൽ നിന്ന് മുക്തിനേടാനും പ്രതിരോധ ശേഷി വീണ്ടെടുക്കാനും ശരീരസൗഖ്യത്തിനുമായി പരമ്പരാഗതമായി ഈ മാസം മാറ്റിവയ്ക്കുന്നവരാണ് മലയാളികൾ.കാലം മാറിയപ്പോഴും വിവിധ ജീവിത ശൈലീരോഗങ്ങളുടെ പിടിയിലർന്ന മലയാളികൾ കൃത്യമായി ഓരോ കർക്കിടകത്തിലും അവനവന്റെ ആരോഗ്യത്തെ കുറിച്ച് ഓർമ്മിക്കുന്നുണ്ട്, കർക്കിടക ചികിത്സയുടെ കൂടി വരുന്ന പ്രചാരം ഇതിന് തെളിവാണ്.
മലയാളികൾ മാത്രമല്ല, കേരളം സന്ദർശിക്കുന്ന വിദേശികളും ആയുർവേദ ചികിത്സയുടെ ആരാധകരാണ്. ഇവരിൽ വലിയൊരു വിഭാഗം കർക്കിടക കാലത്ത് നമ്മുടെ ആശുപത്രികളിൽ എത്താറുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തെ കൊവിഡ് കാലം കർക്കിടക ചികിത്സാ രംഗത്തിന് തിരിച്ചടിയുടെ കാലമായിരുന്നു. കിടന്ന് ചികിത്സിക്കാനുളള മടി കൊണ്ടോ സാമ്പത്തിക പ്രശ്നങ്ങൾ കൊണ്ടോ നമ്മുടെ നാട്ടുകാരുടെ എണ്ണം കുറഞ്ഞു.
വിനോദസഞ്ചാരികളും വളരെ കുറവാണ് എത്തിയത്. എന്നാൽ മഹാമാരിയെ അതിജീവിച്ച ജനത പ്രതിരോധശേഷിയുടെ പ്രധാന്യം തിരിച്ചറിഞ്ഞു എന്ന് വേണം ഇത്തവണത്തെ തിരക്ക് കാണുമ്പോൾ മനസിലാക്കാൻ. ചികിത്സക്കായി ബുക്ക് ചെയ്തവരുടെ എണ്ണം വലിയ തോതിൽ കൂടിയിട്ടുണ്ട്?
കർക്കിടക ചികിത്സയുടെ പ്രാധാന്യം...
ഒരു വർഷത്തെ രണ്ട് കാലങ്ങളായാണ് ആയുർവേദ ആചാര്യൻമാർ വിഭജിച്ചിരിക്കുന്നത്. ആറ് മാസം ആദാന കാലം. ആറ് മാസം വിസർഗ കാലം. മേടം മുതൽ കന്നി വരെയുളളതാണ് വിസർഗ കാലം. പ്രകൃതി മനുഷ്യനിലേക്ക് ആരോഗ്യത്തെ നൽകുന്ന കാലമെന്ന് പറയാം.. ഇക്കാലം ഏറെക്കുറെ മഴക്കാലമാണ്. ഇത് മനുഷ്യ ശരീരത്തിൽ ആരോഗ്യം നിലനിൽക്കുന്ന കാലമാണ്.പിന്നീടുളള ആറ് മാസം ആദാന കാലമാണ്.
പ്രകൃതി മനുഷ്യനിൽ നിന്ന് ആരോഗ്യത്തെ എടുക്കുന്ന കാലം. അതായത് ചൂട് കാലം. വിസർഗ കാലത്തിന്റെ മധ്യമാണ് കർക്കിടകം. ആ സമയത്തെ ആയുവർവേദ ചികിത്സയ്ക്ക് ഫലമേറും. പഥ്യാഹാരവും വിശ്രമവും കൂടി ആകുന്നതോടെ ചികിത്സക്ക് ഗുണം കൂടും. ഇടവപ്പാതി മഴയ്ക്ക് ശേഷം പല സാഹചര്യങ്ങളാൽ രോഗാതുരമാകുന്ന കാലം കൂടിയാണിത്. വാതദോഷങ്ങൾ കൂടും. വാത, പിത്ത, കഫ ദോഷങ്ങൾ സന്തുലിതമാക്കുകയാണ് കർക്കിടക ചികിത്സയിലൂടെ ഉദ്ദേശകിക്കുന്നത്.
ചികിത്സ എങ്ങനെ?
ഓരോ രോഗിയുടേയും ആരോഗ്യസ്ഥിതി പരിശോധിച്ചാണ് ചികിത്സ നിശ്ചയിക്കുന്നത്. ചികിത്സ മൂന്ന് വിധമുണ്ട്. ശമനം, ശോധനം, സ്വസ്തഹൃദം. എന്നിവയാണ് അവ. ശമനം രോഗചികിത്സയാണ്. 14, 21 ദിവസം വരെ നീളുന്നതായിരിക്കും ചികിത്സ.ശോധന ചികിത്സ സാധാരണയായി ത്വക്ക് രോഗങ്ങൾക്ക് ഒക്കെയാണ് നിർദ്ദേശിക്കാറ്. അത് 28 ദിവസം വരെ നീളും. സ്വസ്ഥ ഹൃദം എന്നാൽ രോഗമില്ലാത്തവർക്കുളള ചികിത്സയാണ്. അതായത് സുഖ ചികിത്സ തന്നെ. അത് ഒരു ദിവസമോ രണ്ട്ദിവസമോ ഒരാഴ്ചയോ ഒക്കെ ചെയ്യാം. കൂടുതൽ ദിവസം ചെയ്യുന്തോറും ഫലം കൂടും.
Read more മഴക്കാലത്ത് ഭക്ഷണം കഴിക്കുമ്പോള്‍ ഈ അഞ്ച് കാര്യങ്ങള്‍ പരിഗണിക്കൂ...
വെറുതെ എണ്ണയിട്ട് തിരുമ്മുന്നത് മാത്രമല്ല കർക്കിടക ചികിത്സ. കിഴി, ഉഴിച്ചിൽ , പിഴിച്ചിൽ ,ധാര , എന്നിങ്ങനെ പല രീതികളുണ്ട്. പഞ്ചകർമ്മ ചികിത്സയായ വമനം , വിരേചനം, കഷായ വസ്തി, സ്നേഹവസ്തി, നസ്യം എന്നിവയും ഉൾപ്പെടുന്നു. ശരീരത്തെ ദോഷമുക്തമാക്കുകയാണ് ഈ ചികിത്സ കൊണ്ട് ഉദ്ദേശിക്കുന്നത്.
കർക്കിടക ചികിത്സ ആർക്കൊക്കെ ?
നടുവേദന, സന്ധിവേദന, പിടലിവേദന, ആമവാതം, സോറിയാസിസ് തുടങ്ങിയ രോഗങ്ങൾ ഉളളവർക്ക് ഉത്തമാണ് ഈ ചികിത്സാരീതി. മറ്റ് ജീവിത ശൈലി രോഗങ്ങൾ ഉളളവർക്കും ആരോഗ്യം മെച്ചപ്പെടാൻ ചികിത്സ ഉപകരിക്കും. ഒരു അസുഖവും ഇല്ലാത്തവർക്കും ശരീരത്തെ പുനരുജ്ജീവിപ്പിക്കാനായി ഈ കാലം ഉപയോഗിക്കാം. രണ്ടാഴ്ചയോ മൂന്നാഴ്ചയോ ഉളള ആയുർവേദ ചികിത്സയ്ക്ക് ശേഷം അടുത്ത 6 മാസത്തേക്ക് പനി പോലും വരില്ല എന്നതാണ് വാസ്തവം,
ഔഷധക്കഞ്ഞിയുടെ പ്രാധാന്യം?
ആയുർവേദ ചികിത്സ കൂടുതൽ പ്രയോജനപ്പെടാൻ നല്ല ആഹാരക്രമവും പ്രധാനപ്പെട്ടതാണ്. ഞവര അരി, ഉലുവ, മുക്കുറ്റി, കീഴാർ നെല്ലി, തഴുതാമ, കുറുന്തോട്ടി, തുടങ്ങി ഔഷധ മൂല്യമുള്ള പച്ചമരുന്നുകളും ഇലകളും ചേർത്തുണ്ടാക്കുന്നതാണ് മരുന്ന് കഞ്ഞി. അത് കർക്കിടക മാസത്തിൽ മാത്രം എന്നല്ല ഏത് കാലത്തും കഴിക്കുന്നത് ശരീരതത്തിന് നല്ലതാണ്. കർക്കിടക പാക്കേജുകളുടെ ഭാഗമായി പല സ്ഥാപനങ്ങളും ഇത് കൂടി ഉൾപ്പെടുത്തുന്നുണ്ട്. എല്ലാ കാലത്തും ഫാസ്റ്റ് ഫുഡ് കഴിച്ച് ജീവിക്കുന്നവരാണ് ഇപ്പോഴുളളവർ. ചികിത്സാ കാലത്ത് പരിശുദ്ധമായ ഭക്ഷണം കഴിക്കുന്നത് ദഹനം എളുപ്പമാക്കും, ഇതാണ് ഔഷധക്കഞ്ഞിയുടെ പ്രസക്തി.
ചികിത്സാ ചെലവ്...
കിടത്തി ചികിത്സ എന്ന രീതിയിലും അല്ലാതെയും കർക്കിടക ചികിത്സ എടുക്കുന്നുവരുണ്ട്.കർക്കിടക ചികിത്സക്കായി പ്രത്യേക പാക്കേജുകൾ നൽകുന്ന സ്ഥാപനങ്ങളുമുണ്ട്, പാക്കേജ് അടിസ്ഥാനത്തിൽ 7 ദിവസത്തിന് 15,000 മുതൽ ഈടാക്കുന്നവരുണ്ട്. ഒരു ദിവസത്തെ ചെലവ് കണക്കാക്കുകയാണെങ്കിൽ ശരാശരി 2000 മുതൽ 3500 വരെ വരും. രോഗാവസ്ഥയിലുളളവർക്ക് സുഖ ചികിത്സക്കുളളതിനേക്കാൾ ചെലവ് കൂടുകയും ചെയ്യും.