ജോയിന്‍റ് പെയിൻ അഥവാ സന്ധിവേദന ഒഴിവാക്കാനായി ചെയ്യേണ്ടത്...

പൊതുവില്‍ തന്നെ സന്ധിവേദനയുടെ പ്രശ്നമുള്ളവര്‍ക്കാണ് മഞ്ഞുകാലമാകുമ്പോള്‍ ഇത് അധികരിക്കുക. വലിയ പ്രയാസമാണ് ഈ സമയങ്ങളില്‍ ഇവര്‍ നേരിടുക.

hoe to get relief from joint pain during winter

മഞ്ഞുകാലമാകുമ്പോള്‍ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും സജീവമാകാറുണ്ട്. ചുമ, ജലദോഷം പോലുള്ള അണുബാധകള്‍ ആസ്ത്മ, അലര്‍ജി പോലുള്ള പ്രശ്നങ്ങള്‍ എന്നിവയെല്ലാം മഞ്ഞുകാലത്ത് സാധാരണമാണ്. അതുപോലെ തന്നെ ശരീരവേദന, പ്രത്യേകിച്ച് സന്ധിവേദന അനുഭവപ്പെടുന്നതും മ‍ഞ്ഞുകാലത്ത് പതിവാണ്. 

തണുപ്പുള്ള അന്തരീക്ഷത്തില്‍ പേശികള്‍ ഒന്നുകൂടി 'ടൈറ്റ്' ആവുകാണ്. ഇത് സന്ധികള്‍ക്ക് ചുറ്റും സമ്മര്‍ദ്ദമുണ്ടാക്കുന്നു. ഇതോടെയാണ് സന്ധികളില്‍ വേദനയും അതുപോലെ മരവിപ്പുമെല്ലാം അനുഭവപ്പെടുന്നത്. 

പൊതുവില്‍ തന്നെ സന്ധിവേദനയുടെ പ്രശ്നമുള്ളവര്‍ക്കാണ് മഞ്ഞുകാലമാകുമ്പോള്‍ ഇത് അധികരിക്കുക. വലിയ പ്രയാസമാണ് ഈ സമയങ്ങളില്‍ ഇവര്‍ നേരിടുക. ഇതൊഴിവാക്കാൻ, മഞ്ഞുകാലത്തെ സന്ധിവേദനയ്ക്ക് ആശ്വാസം കിട്ടാൻ നിങ്ങള്‍ക്ക് ചെയ്യാവുന്ന കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്...

ഒന്ന്...

തണുപ്പുള്ള അന്തരീക്ഷമാകുമ്പോള്‍ ആളുകള്‍ പലപ്പോഴും മടി പിടിച്ച് ചടഞ്ഞുകൂടി ഇരിക്കാറുണ്ട്. എന്നാലിങ്ങനെ അലസമായി ഇരിക്കുന്നത് സന്ധിവേദന കൂട്ടുമെന്നതിനാല്‍ കഴിയുന്നതും സജീവമായി തുടരുക. ദിവസവും വ്യായാമം ചെയ്യുക. അതല്ലെങ്കില്‍ കായികവിനേദങ്ങളിലേര്‍പ്പെടുകയോ കായികാധ്വാനത്തിലേര്‍പ്പെടുകയോ ചെയ്യുക. അതേസമയം കഠിനമായ വര്‍ക്കൗട്ടോ അധ്വാനമോ ആവശ്യമില്ല കെട്ടോ. 

രണ്ട്...

ശരീരഭാരം കൂടുന്നതും സന്ധിവേദന കൂട്ടും. അതിനാല്‍ വണ്ണം കൂടാതിരിക്കാൻ എപ്പോഴും ശ്രദ്ധിക്കണം. പ്രത്യേകിച്ച് നേരത്തെ തന്നെ അല്‍പം വണ്ണമുള്ളവരാണെങ്കില്‍ ഇനിയും ഭാരം കൂടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. 

മൂന്ന്...

ശരീരത്തിലേക്ക് എപ്പോഴും തണുപ്പടിക്കുന്നതും സന്ധിവേദന കൂട്ടും. അതിനാല്‍ തണുപ്പുള്ള അന്തരീക്ഷത്തില്‍ തുടരുമ്പോള്‍ അതിന് അനുയോജ്യമായ വിധത്തിലുള്ള വസ്ത്രധാരണം നിര്‍ബന്ധമായും വേണം. 

നാല്...

മഞ്ഞുകാലത്ത് നിങ്ങള്‍ ഏറ്റവുമധികം സമയം ചിലവിടുന്നത് എവിടെയാണ് അവിടെയും ചൂട് നിലനിര്‍ത്താൻ ശ്രമിക്കുക. ജോലിസ്ഥലങ്ങളോ വീടോ എവിടെയുമാകട്ടെ, തണുപ്പ് വല്ലാതെ വേണ്ട. അതേസമയം അടച്ചിട്ട മുറികളില്‍ ഹീറ്റിംഗ് കോയിലുകളുപയോഗിക്കുമ്പോള്‍ സുരക്ഷിതമായിരിക്കണേ. ഇതിന് പ്രത്യേകം ശ്രദ്ധ നല്‍കണം.

അഞ്ച്...

ചിലര്‍ക്ക് മഞ്ഞുകാലമാകുമ്പോള്‍ വിഷാദം പിടിപെടാറുണ്ട്. ആവശ്യത്തിന് സൂര്യപ്രകാശമേല്‍ക്കാതെ പോകുന്നതിനാല്‍ ശരീരത്തിലുണ്ടാകുന്ന വ്യതിയാനങ്ങളെ തുടര്‍ന്നാണ് ഈ വിഷാദം അനുഭവപ്പെടുന്നത്. ഈയൊരു അവസ്ഥയും സന്ധി വേദന കൂട്ടും. അതിനാല്‍ മാനസികമായി ആരോഗ്യത്തോടെയും സന്തോഷത്തോടെയും തുടരാനും ശ്രദ്ധിക്കുക. 

ആറ്...

മഞ്ഞുകാലത്ത് ആളുകള്‍ കുടിക്കുന്ന വെള്ളത്തിന്‍റെ അളവില്‍ ഗണ്യമായ കുറവ് വരാറുണ്ട്. ഇതും സന്ധിവേദന കൂട്ടും. അതിനാല്‍ വെള്ളം കുടിക്കുന്നതിന്‍റെ അളവ് ഉറപ്പിക്കുക. 

ഏഴ്...

മഞ്ഞുകാലത്ത് ശരീരത്തിന് ആവശ്യമായ പല ഘടകങ്ങളിലും കുറവ് വരാറുണ്ട്. വൈറ്റമിൻ ഡി (സൂര്യപ്രകാശം കുറവായതിനാല്‍), കാത്സ്യം എന്നിവയിലാണ് ഈ കുറവ് കാര്യമായി കാണാറ്. വൈറ്റമിൻ ഡി ആവശ്യത്തിന് ഇല്ലെങ്കില്‍ തന്നെ അത് കാത്സ്യം കുറവിലേക്കും സ്വാഭാവികമായി നയിക്കും. ഇത് എല്ലുകളുടെയും പേശികളുടെയുമെല്ലാം ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഇതോടെ സന്ധിവേദനയും കൂടും. അതിനാല്‍ ആവശ്യമായ പോഷകങ്ങള്‍- പ്രത്യേകിച്ച് വൈറ്റമിൻ -ഡി ഉറപ്പാക്കാൻ ശ്രമിക്കണം.

Also Read:- പെട്ടെന്ന് വണ്ണം കുറയ്ക്കാനും വയര്‍ കുറയ്ക്കാനും ചെയ്യേണ്ടത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios