'കൊവിഡ് വാക്‌സിനേഷനിൽ ഇന്ത്യ 100 കോടി കടന്നു, തുണയായത് വാക്സിൻ സ്വയം പര്യാപ്തത'- ഡോ. എൻ.കെ. അറോറ
കഴിഞ്ഞ ഇരുപത് വര്‍ഷത്തിനുള്ളില്‍ ശാസ്ത്ര ഗവേഷണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതില്‍ രാജ്യം വലിയ കുതിച്ചു ചാട്ടം നടത്തി. സുപ്രധാനമായൊരു കാല്‍വയ്പ്പായിരുന്നു കൊവിഡ് വാക്‌സീന്‍ ഗവേഷണവും കണ്ടെത്തലും.
കൊവിഡിനെതിരെയുള്ള (Covid 19) പോരാട്ടത്തിൽ ഇന്ത്യ 100 കോടി (100 crore vaccination) വാക്സിനേഷൻ എന്ന അതീവ നിർണ്ണായകമായ ചുവടുവയ്പ്പിലെത്തി. ഈ സാഹചര്യത്തിൽ കൊവിഡ് 19 ടാസ്ക്ഫോഴ്സ് അംഗം ഡോ. എൻ. കെ അറോറ (N K Arora) ഇന്ത്യയിലെ കൊവിഡ് വാക്സിനേഷൻ എത്തി നിൽക്കുന്ന അവസ്ഥ, ലക്ഷ്യങ്ങൾ, ഭാവി, എന്നിവയെക്കുറിച്ച് സംസാരിക്കുന്നു.
കൊവിഡ് വാക്‌സിനേഷൻ ആരംഭിച്ച് പത്ത് മാസം തികയും മുമ്പേ ഇന്ത്യ 100 കോടി വാക്സിനേഷൻ എന്ന നാഴികക്കലില്ലേക്ക്. എങ്ങനെയാണ് ഇത് സാധ്യമായത് ?
ഇത് ഇന്ത്യയ്ക്കും ലോകത്തിനുതന്നെയും വലിയൊരു നേട്ടമാണ്. ഇങ്ങനെ ഒരു നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞതിനുള്ള പ്രധാന കാരണം വാക്‌സീൻ സ്വയംപര്യാപ്തത (വാക്‌സീൻ ആത്മനിർഭരത്)യാണ്. നമുക്കുതന്നെ പ്രതിരോധ മരുന്ന് വികസിപ്പിക്കാനും നിർമിക്കാനും കഴിഞ്ഞതുകൊണ്ടാണ് ഇത്രയും വലിയൊരു ജനവിഭാഗത്തിന് കുത്തിവെപ്പ് സാധ്യമായത്. ഒന്നര വർഷത്തോളമുള്ള കൂടിയാലോചനകളുടെയും പ്രയത്‌നത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണിത്. പല സംസ്ഥാനങ്ങളിലും പ്രായപൂർത്തി ആയ 100 ശതമാനം ആളുകൾക്കും ആദ്യ ഡോസ് വാക്‌സീൻ നൽകി കഴിഞ്ഞു. ഇന്ത്യയിലെ വാക്‌സീൻ നിർമ്മാണശേഷിയും വിതരണത്തിനുള്ള സൗകര്യങ്ങളും ലഭ്യതയും പരിഗണിക്കുമ്പോൾ വരുന്ന മൂന്ന് മാസങ്ങൾ കൊണ്ട് എഴുപത് മുതൽ എൺപത് കോടി ഡോസ് വരെ നൽകാൻ നമുക്ക് കഴിയും.
ഇത് എങ്ങനെയാണ് രാജ്യത്തെ മഹാമാരിയുടെ ഗതി നിർണ്ണയിക്കുക ?
രാജ്യത്തെ കോവിഡ് മഹാമാരിയുടെ ഭാവി ഇനി പറയുന്ന അഞ്ച് കാര്യങ്ങളെ ആശ്രയിച്ചാണുള്ളത്. കൊവിഡിന് അനുയോജ്യമായ പെരുമാറ്റ ചട്ടങ്ങൾ എത്രത്തോളം പാലിക്കുന്നു, വാക്‌സീൻ ലഭ്യത, രണ്ടാം തരംഗത്തിൽ രോഗബാധിതരായവരുടെ ശതമാനം, വരുന്ന ആഴ്ചകളിലോ മാസത്തിലോ വൈറസിന്റെ പുതിയ വകഭേദങ്ങൾ ഉണ്ടാകുന്നുണ്ടോ, രോഗബാധ വർധിച്ചാൽ ആരോഗ്യ സംവിധാനങ്ങൾ എത്ര മാത്രം സജ്ജമാണ് എന്നിവയാണവ.രണ്ടാം തരംഗത്തിൽ, രാജ്യത്താകമാനം എഴുപത് മുതൽ എൺപത്തിയഞ്ച് ശതമാനം പേർക്ക് രോഗം ബാധിച്ചു.കഴിഞ്ഞ നാലു മാസത്തിനുള്ളിൽ പുതിയ വക ഭേദങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇനി ജനങ്ങളാണ് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ ശ്രദ്ധിക്കേണ്ടത്. പ്രത്യേകിച്ചും വരാൻ പോകുന്ന ഉത്സവ സമയങ്ങളിൽ. മാനദണ്ഡങ്ങൾ പാലിക്കുന്നത് രോഗബാധ കുറയ്ക്കാനും ജീവിതം സാധാരണ ഗതിയിലാവാനും സഹായിക്കും.
കുട്ടികൾക്ക് വേണ്ടിയുള്ള വാക്‌സീനുകളുടെ ഏറ്റവും വലിയ ഉത്പ്പാദകരാണെങ്കിലും പുതിയ വാക്‌സീനുകൾ വികസിപ്പിക്കുന്നതിൽ ഇന്ത്യ അറിയപ്പെട്ടിരുന്നില്ല. എന്നാൽ കോവിഡ് മഹാമാരിക്കാലത്ത് അനവധി വാക്‌സീനുകൾ രാജ്യത്ത് വികസിപ്പിച്ചു. ഇതെങ്ങനെയാണ് സാധിച്ചത് ?
കഴിഞ്ഞ ഇരുപത് വർഷത്തിനുള്ളിൽ ശാസ്ത്ര ഗവേഷണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ രാജ്യം വലിയ കുതിച്ചു ചാട്ടം നടത്തി. സുപ്രധാനമായൊരു കാൽവയ്പ്പായിരുന്നു കൊവിഡ് വാക്‌സീൻ ഗവേഷണവും കണ്ടെത്തലും. 2020 മാർച്ചിൽ ഇതിനായി വലിയ തുക നിക്ഷേപിക്കുകയും അനന്തര നടപടികൾ സ്വീകരിക്കുകയും ചെയ്തു. ഇത് ശാസ്ത്രജ്ഞരുടെയും വ്യവസായികളുടെയും സഹകരണത്തിനും വാക്്‌സീനുകളുടെ കണ്ടുപിടുത്തതിനും കാരണമായി. ഇതിന്റെ ഫലമായി കോവിഡ് മഹാമാരി തുടങ്ങി പത്ത് മാസത്തിനുള്ളിൽ ഇന്ത്യയ്ക്ക് പ്രതിരോധ കുത്തിവെപ്പ് ആരംഭിക്കാൻ കഴിഞ്ഞു.
ചുരുങ്ങിയ കാലം കൊണ്ടാണ് വികസിപ്പിച്ച ഈ വാകസീനുകൾക്ക് അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാനുള്ള അനുമതിയാണുള്ളത്. അതിനർത്ഥം ഈ വാകസീനുകളെക്കുറിച്ച് ദീർഘകാലാടിസ്ഥാനത്തിൽപഠിക്കുതിന് മുമ്പേ ഇവ ആളുകൾക്ക് ലഭ്യമാക്കി എന്നതാണ്. വാക്‌സീനുകളുടെ സുരക്ഷ ഉറപ്പാക്കുതിന് എന്തെല്ലാം നടപടികൾ സ്വീകരിച്ചു ?
വാക്‌സീൻ എടുക്കുന്നതുമൂലംഉണ്ടായേക്കാവുന്ന വിപരീത ഫലങ്ങൾ (എഇഎഫ്‌ഐ) നിരീക്ഷിക്കുതിനായി ഇന്ത്യയിൽ ദേശീയ തലം മുതൽ ജില്ലാതലം വരെ വിവിധ വിഭാഗം ഡോക്ടർമാരടങ്ങിയ വിദഗ്ദ സമിതി രൂപീകരിച്ച് പരിശീലന പരിപാടികൾ നടത്തി. വാക്‌സീൻ എടുത്തതിനുശേഷം സാധാരണയായി റിപ്പോർട്ട് ചെയ്യപ്പെടു ആരോഗ്യപ്രശ്‌നങ്ങുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. ഏത് പുതിയ വാക്‌സിൻ എടുക്കുമ്പൊഴും ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളും (എഇഎസ്‌ഐ) ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വാക്‌സീൻ എടുത്തതിന് ശേഷം ചെറിയ പ്രശ്‌നങ്ങൾഉണ്ടായാൽ മുതൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നാൽ വരെഎങ്ങനെ കൈകാര്യംചെയ്യണമെന്നും റിപ്പോർട്ടു ചെയ്യണമെന്നും ആരോഗ്യപ്രവർത്തകർക്ക് അവബോധം നൽകി. ലോകാരോഗ്യ സംഘടന ഇതിനാവശ്യമായ സാങ്കേതിക സഹായം നൽകുന്നു. എല്ലാ കേന്ദ്രങ്ങളിലും വാക്‌സീൻ നൽകിയതിന് ശേഷം 30 മിനിറ്റ് നിരീക്ഷണം സജ്ജമാക്കിയിട്ടുണ്ട്. അലർജ്ജി പോലുള്ള എന്തെങ്കിലും ഗുരുതരമായ പ്രതികരണങ്ങൾ ഉണ്ടാവുകയാണെങ്കിൽ അപ്പോൾ തന്നെ വൈദ്യസഹായം ലഭ്യമാക്കാനാണിത്. കുത്തിവെപ്പെടുത്ത് 28 ദിവസത്തിനുള്ളിൽ ആരോഗ്യപ്രശ്‌നങ്ങളുണ്ടായാൽ അത് വാക്‌സീനുമായി ബന്ധപ്പെട്ടതാണോയെന്ന് പരിശോധിക്കുന്നു.
വാക്‌സിന്റെ സുരക്ഷയെ പറ്റി ജനങ്ങളെ ബോധവൽക്കരിക്കുന്നത് എത്രമാത്രം ദുഷ്‌കരമായിരുന്നു ?
പോളിയോ പ്രതിരോധ മരുന്നിനോടുള്ള വിമുഖത മാറ്റാനായി നടത്തിയ സുദീർഘമായ ക്യാംപയിനുകൾ കോവിഡ് വാക്‌സീനെ പറ്റിയുള്ള തെറ്റായ പ്രചരണങ്ങളും അപവാദങ്ങളും തടയുന്നതിന് സഹായിച്ചു. വാക്‌സിനേഷൻ തുടങ്ങുതിന് മുൻപ് ഒക്ടോബറിൽ തന്നെ രാജ്യത്ത് ബോധവത്കരണം തുടങ്ങി. ശാസ്ത്രീയവും ആധികാരികവുമായ കാര്യങ്ങൾ വാർത്താമാധ്യമങ്ങൾ അടക്കമുള്ള മാർഗങ്ങളിലൂടെ ആളുകളിലെത്തിച്ചു. സാമൂഹിക മാധ്യമങ്ങളെ കൃത്യമായി നിരീക്ഷിച്ചതിലൂടെ അപവാദ പ്രചരണങ്ങളും തെറ്റായ വിവരങ്ങളും മനസ്സിലാക്കുകയും അവയ്ക്കുള്ള മറുപടികൾ നൽകുകയും ചെയ്തു. വാക്‌സീനോടുള്ള വിമുഖത പകർച്ചവ്യാധി പോലെയാണ്.കൃത്യ സമയത്ത് ശരിയായ പ്രതിരോധം നടത്തിയില്ലെങ്കിൽ അത് മറ്റു സ്ഥലങ്ങളിലേക്ക് പടരും.
ബാക്കിയുള്ള വാക്‌സിനേഷൻ നടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാനാവുമോ?
ഇന്ത്യയിലെ പ്രായപൂർത്തിയായവരുടെ സമ്പൂർണ്ണ വാക്‌സിനേഷന് 190 കോടി ഡോസ് വാക്‌സിൻ ആവശ്യമാണ്. വാക്‌സിൻ ലഭ്യതയും ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യവും ആത്മവിശ്വാസം പകരുന്നതാണ്.നിലവിൽ ആളുകൾ വാക്‌സീൻ എടുക്കാൻ ഉത്സാഹം കാണിക്കുന്നു. വാക്‌സീൻ വിമുഖതയള്ള സ്ഥലങ്ങളിലാണ്് വാക്‌സിനേഷൻ ബുദ്ധിമുട്ടാകുന്നത്. സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള യോജിച്ച പരിശ്രമങ്ങളിലൂടെ എല്ലാവരിലും വാക്‌സീൻ എത്തിക്കാൻ കഴിയും എന്നാണ് ഞാൻ ശക്തമായി വിശ്വസിക്കുന്നത്.