Asianet News MalayalamAsianet News Malayalam

വിട്ടുമാറാത്ത മൂക്കൊലിപ്പും തുമ്മലും - കാരണങ്ങളും പരിഹാരവും

പൊടിപടലങ്ങൾ, പൂമ്പൊടി, പക്ഷിമൃഗാദികളുടെ രോമങ്ങൾ, ചില ഫംഗൽ സ്പോറുകൾ, പൂപ്പലുകൾ, തൊഴിലിടങ്ങളിലെ പൊടിയും മലിനീകരണവുമൊക്കെയാണ് അലർജിക് റൈനൈറ്റിസിന് കാരണമാകുന്ന ഏറ്റവും സാധാരണമായ അലർജനുകൾ.

dr g  mahesh dev about allergic rhinitis symptoms and treatment
Author
First Published Feb 19, 2024, 5:18 PM IST | Last Updated Feb 20, 2024, 3:29 PM IST

ഡോക്ടറേ,

തുമ്മലും മൂക്കൊലിപ്പും വിട്ടുമാറുന്നില്ല. ആദ്യം ചെവിയിൽ ചൊറിച്ചിലും, കണ്ണിൽ നിന്നും വെള്ളമെടുപ്പു മൊക്കെയായിരുന്നു. ഇപ്പോൾ ശക്തമായ മൂക്കൊലിപ്പും തുമ്മലുമാണ്. ഉറക്കമുണരുമ്പോൾ തന്നെ ഇത്തരം ബുദ്ധിമുട്ടുകളാണ്. പണ്ട് വർഷത്തിൽ രണ്ടു മൂന്ന് തവണയായിരുന്നുവെങ്കിൽ ഇപ്പോൾ ആഴ്‌ചയിൽ 4-5 ദിവസത്തിലധികം പ്രയാസമനുഭവിക്കേണ്ടി വരുന്നു. ഇടയ്ക്കൊന്ന് മെഡിക്കൽ ഷോപ്പിൽ പോയി ഒന്ന് രണ്ട് ഗുളിക വാങ്ങി കഴിക്കുമായിരുന്നു. പക്ഷേ കുറവൊന്നുമില്ല....

ഒപിയിൽ കൺസൾട്ടേഷന് വന്ന ഒരാളുടെ അനുഭവമാണ് മുകളിൽ വിവരിച്ചത്...

ഇതേ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്ന ഒട്ടനവധി പേരുണ്ട്. അലർജിക് റൈനൈറ്റിസ് എന്ന രോഗാവസ്ഥയാണ് ഇതിൻ്റെ പിറകിലെ വില്ലൻ. കുറേയൊക്കെ അവഗണിച്ചും ഇടയ്ക്കിടക്കു മരുന്നു കഴിച്ചും, ഒറ്റമൂലികൾക്കു പിന്നാലെ പോയും പലരും ഈ അവസ്ഥ തിരിച്ചറിയാനും ചികിത്സിക്കാനും വൈകാറുണ്ട്. ഇതിൻ്റെ പ്രധാന കാരണം ശരിയായ അവബോധമില്ലായ്‌മയാണ്. അതിനാൽ അൽപ്പം വിശദമായി തന്നെ നമുക്ക് നോക്കാം.

എന്താണ് അലർജിക് റൈനൈറ്റിസ്? (Allergic Rhinitis)

മൂക്കിലെ ചർമ്മത്തിൻ്റെ വീക്കം എന്നതാണ് റൈനൈറ്റിസിനെ നിർവചിച്ചിരിക്കുന്നത്. ഇതിന്റെ ഏറ്റവും സാധാരണമായ കാരണമാണ് അലർജിക് റൈനൈറ്റിസ്. ലോകജനസംഖ്യയുടെ ഏകദേശം 20 ശതമാനം ആളുകൾ ഇതിന്റെ ബുദ്ധിമുട്ടനുഭവിക്കുന്നു. ഇതുമൂലമുണ്ടാകുന്ന പ്രത്യക്ഷവും പരോക്ഷവുമായ ചെലവ് 11 ബില്ല്യൺ ഡോളറിലധികമാണെന്നത് എത്രകണ്ട് ജീവിതനിലവാരത്തെ ഗണ്യമായി ബാധിക്കുന്നുവെന്നതിന്റെ ദൃഷ്ടാന്തമാണ്.
ഇന്ത്യയിൽ അലർജിക് റൈനൈറ്റിസ് ബാധിതർ 30ശതമാനത്തോളമാണ്. കേരളത്തിലും സ്ഥിതി വിഭിന്നമല്ല.

രോഗലക്ഷണങ്ങൾ എന്തൊക്കെ?

ഏതു പ്രായക്കാരിലും കാണപ്പെടാമെങ്കിലും 20 വയസ്സിനോടടുത്ത കാലയളവിലാണ് രോഗലക്ഷണങ്ങൾ കൂടുതലായി കാണപ്പെടുന്നത്. മൂക്കൊലിപ്പ്, വെള്ളം പോലെ നേർത്ത തരത്തിലുള്ള സ്രവം,തുമ്മൽ എന്നിവ ലക്ഷണളാണ്. 
ചെവി, മൂക്ക്, കണ്ണ്, മേലണ്ണാക്ക് എന്നിവിടങ്ങളിലെ ചൊറിച്ചിൽ.

പോസ്റ്റ് നേസൽ ഡ്രിപ്പ്-മ്യൂക്കസ് അഥവാ മൂക്കിലെ സ്രവം നേസൽ ക്യാവിറ്റിക്കു പിറകിലൂടെ തൊണ്ടയിലേക്ക് വരുന്ന അവസ്ഥ. മണം കിട്ടായ്ക, തലവേദന, ചെവിവേദന. കണ്ണിൽ നിന്നും വെള്ളം വരിക, ചുവക്കുക, തടിച്ചു വരിക.
ക്ഷീണം, മയക്കം, അസ്വാസ്ഥ്യം ഇവയും ചിലരിൽ ഇതോടൊപ്പം കാണപ്പെടാറുണ്ട്.

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ ചില ആൾക്കാരിൽ വർഷം മുഴുവൻ കാണപ്പെടാറുണ്ട്. പെരിന്നിയൽ റൈനൈറ്റിസ് (Perennial Rhinitis) എന്നാണിതിനെ വിളിക്കുന്നത്. എന്നാൽ മറ്റു ചിലരിൽ ചില സീസണിൽ മാത്രം കാണപ്പെടുന്നു. അതു സീസണൽ റൈനൈറ്റിസ് എന്നറിയപ്പെടുന്നു. രണ്ടു അവസ്ഥകളും കൂടിച്ചേർന്നും മിക്ക ആൾക്കാരിലും പ്രകടമാകാറുണ്ട്.

ലക്ഷണങ്ങൾ ആഴ്‌ചയിൽ 4 തവണയിലധികമോ നാല് ആഴ്‌ചയിൽ കൂടുതലോ നീണ്ടുനിൽക്കുന്നുവെങ്കിൽ പെഴ്സിസ്റ്റന്റ്റ് അലർജിക് റൈനൈറ്റിസ് (persistent allergic rhinitis) എന്ന് പറയുന്നു.  എന്നാൽ നാലു തവണയിൽ കുറവു ലക്ഷണങ്ങൾ ആഴ്‌ചയിൽ ഉണ്ടാകുകയോ, നാല് ആഴ്ചയിൽ കുറവ് നീണ്ടു നിൽക്കുകയോ ചെയ്യുന്നുവെങ്കിൽ ഇൻ്റർമിൻ്റ അലർജിക് റൈനൈറ്റിസ് എന്നാണ് പറയുന്നത്.

ചില വ്യക്തികളിൽ ഈ പറഞ്ഞ ലക്ഷണങ്ങളോടൊപ്പം തന്നെ ദശവളർച്ച, പാലത്തിന്റെ വളവ്, മൂക്കിനു മുകളിൽ തിരശ്ചീന പാടുകൾ (Allergic crease/Allergic Salute) എന്നിവയും കാണപ്പെടാറുണ്ട്.

കാരണങ്ങൾ എന്തൊക്കെ?

ചില പദാർത്ഥങ്ങളോടും പ്രോട്ടീനുകളോടും ശരീരത്തിനുണ്ടാകുന്ന ചില പ്രതിരോധ പ്രവർത്തനങ്ങളെയാണ് അലർജി എന്നD പറയുന്നത്. ഇവയ്ക്ക് കാരണമാകുന്ന വസ്തുക്കളെ അലർജനുകൾ എന്നു പറയുന്നു. ഇത്തരം അലർജനുകളുടെ ചെറിയ കണങ്ങൾ ശ്വസിക്കുന്നത് വഴിയാണ് അലർജിക് റൈനൈറ്റിസ് ആരംഭിക്കുന്നത്.

പൊടിപടലങ്ങൾ, പൂമ്പൊടി, പക്ഷിമൃഗാദികളുടെ രോമങ്ങൾ, ചില ഫംഗൽ സ്പോറുകൾ, പൂപ്പലുകൾ, തൊഴിലിടങ്ങളിലെ പൊടിയും മലിനീകരണവുമൊക്കെയാണ് അലർജിക് റൈനൈറ്റിസിന് കാരണമാകുന്ന ഏറ്റവും സാധാരണമായ അലർജനുകൾ. ചിലയിനം ആഹാര പദാർത്ഥങ്ങളും, ചിലതരം ഗന്ധങ്ങളും ഇതിലേക്ക് നയിക്കാറുണ്ട്.

ഇത്തരം പദാർത്ഥങ്ങൾ ഉള്ളിലേക്കെത്തു മ്പോൾ നമ്മുടെ പ്രതിരോധ സംവിധാനങ്ങൾ അതിനെ നേരിടാൻ ആൻ്റിബോഡികൾ ഉൽപ്പാദിപ്പിക്കുന്നു (IgE) അഥവാ ഇമ്മ്യൂണോ ഗ്ലോബുലിൻ വിഭാഗത്തിൽപ്പെടുന്ന ആന്റി ബോഡികളാണ് അലർജിക്കെതിരെ നിർമ്മിക്കപ്പെടുക.

ഈ ആന്റിബോഡികൾ കോശങ്ങളിൽ നിന്നും ഹിസ്റ്റമിൻ പോലെയുള്ള നിരവധി രാസവസ്തുക്കൾ പുറത്തുവിടാൻ കാരണമാകുന്നു. ഇതു മൂക്കിൻ്റെ ഉള്ളിലെ പാളി വീർക്കുന്നതിനും അതുവഴി നേരത്തെ പ്രതിപാദിച്ച തരം ലക്ഷണങ്ങൾ ഉണ്ടാകുന്നതിനും കാരണമാകുന്നു. ജനിതകപരമായ കാരണങ്ങളും അലർജിക് റൈനൈറ്റിസിനുണ്ട്. കുടുംബത്തിൽ അലർജി പ്രശ്നങ്ങ ളുള്ളവരുണ്ടെങ്കിൽ ആ വ്യക്തിക്ക് അലർജി ഉണ്ടാകാനുള്ള കാരണമിതാണ്.

അറ്റോപി (Atopy) എന്ന് ആ അവസ്ഥയെ വിളിക്കാം. പാരിസ്ഥിതിക ഘടകങ്ങളും ഒരു പങ്കുവഹിക്കുന്നുണ്ട്. ആളുകൾ പുകവലിക്കുന്ന വീട്ടിൽ വളരുന്നതും ചെറുപ്പത്തിൽ തന്നെ പൊടിപടലങ്ങളാൽ സമ്പർക്കം പുലർത്തുന്ന സാഹചര്യങ്ങളും കുട്ടികളിൽ അലർജി ഉണ്ടാക്കാനുള്ള സാഹചര്യം വർദ്ധിപ്പിക്കുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

സങ്കീർണ്ണതകൾ എന്തൊക്കെ?

ആസ്തമ (അലർജിക് വേരിയന്റ്)

വിട്ടുമാറാത്ത സൈനസൈറ്റിസ്.

ചെവി, പഴുപ്പ് അഥവാ ഓട്ടൈറ്റിസ് മീഡിയ.

ഉറക്ക അസ്വസ്ഥതകൾ.

അറ്റോപിക് ഡെർമ്മറ്റൈറ്റിസ്...

ഏറ്റവും സാധാരണയായി കാണപ്പെടുന്നത് അലർജിക് ആസ്ത്മയാണ്. കൃത്യമായി അലർജിക് റൈനൈറ്റിസിനു ചികിത്സ എടുക്കാത്തവരിൽ അലർജി പ്രശ്നങ്ങൾ ശ്വാസനാളത്തിലേയ്ക്ക് ബാധിക്കുകയും അത് അലർജിക് ആസ്ത്മയിലേക്കും നയിക്കപ്പെടുന്നു. കാലക്രമത്തിൽ ആസ്‌ത്‌മ നിയന്ത്രണ വിധേയമാകാതിരിക്കാനും അലർജിക് റൈനൈറ്റിസ് കാരണമാകുന്നു.

രോഗനിർണ്ണയം...

കൃത്യമായ ക്ലിനിക്കൽ ഹിസ്റ്ററി അലർജി ക്ക് റൈനൈറ്റിസിന്റെ നിർണ്ണയത്തിൽ പരമ പ്രധാനമാണ്. ഏതൊക്കെ അലർജനുകളാണ് Triggering factor ആയി വർത്തിക്കുന്നത് എന്നറിയു ന്നത് ചികിത്സയ്ക്കും പ്രതിരോധത്തിനും സഹായിക്കും. തൊലിപ്പുറത്തു അലർജി പരിശോധന (Skin prick test)  കാരണം കണ്ടെത്താനുള്ള ഒരു ഉപാധിയാണ്.

അലർജിക് റൈനൈറ്റിസിന്റെ സങ്കീർണ്ണതകൾ സംഭവിച്ചിട്ടുണ്ടോ എന്നറിയാൻ എക്സ്റേ, സി.ടി, എം.ആർ.ഐ പോലുള്ള പരിശോധനകളും ചിലപ്പോൾ വേണ്ടി വരാറുണ്ട്. സൈനസൈറ്റിസ്, ദശവളർച്ച തുടങ്ങിയ വയുടെ തോത് കണ്ടെത്താനും ഈ പരിശോധനകൾ പ്രയോജനപ്പെടും.

മൂക്കിന്റെ ഉള്ളിൽ നിന്നും കോശങ്ങൾ എടുത്തു പരിശോധിക്കുന്ന നേസൽ സൈറ്റോളജി ചില സന്ദർഭങ്ങളിൽ മറ്റു ഉപാധികളോടൊപ്പം ചെയ്യാറുണ്ട്. മൂക്കുമുതൽ ഉള്ളിലേക്ക് പരിശോധിച്ചു എന്തെങ്കിലും വളർച്ചകളോ, പാലത്തിന്റെ വളവോ കണ്ടെത്തുന്ന രീതിയായ റൈനോ ലരിംഗോസ്കോപ്പി ഇന്ന് പ്രചാരത്തിലുണ്ട്.

നേസൽ പ്രൊവക്കേഷൻ ടെസ്റ്റ് എന്ന ഗവേഷണ വിധേയമായി മാത്രം ചെയ്യാറുള്ള സങ്കേതവും രോഗനിർണ്ണയ ഉപാധിക ളിൽ പെടുന്നു. ഓരോ തരം അലർജനുകൾക്കെതിരെയും ഉള്ള ആന്റിബോഡി അളവ് പരിശോധി ക്കുന്ന സ്പെസിഫിക് IgE അസ്സെ (Immuno cap) മറ്റൊരു രോഗനിർണ്ണയ രീതിയാണ്. ഇതോടൊപ്പം രക്തത്തിലെ ആകെ IgE ആന്റിബോഡി അളവ് (Total IgE), ഇയോസിനോഫിൽ കൗണ്ട് ഇവയും കൃത്യത കുറവെങ്കിലും സഹായകമായ ഇൻവെസ്റ്റിഗേഷനു കളാണ്.

ചികിത്സയും പ്രതിരോധവും...

പ്രശ്ന‌കാരികളായ അലർജനുകളെ ഒഴിവാക്കുകയാണ് ആദ്യഘട്ടം. ഓരോ വ്യക്തി കളിലും triggering factor ആയി വർത്തിക്കുന്ന അലർജനുകൾ വ്യത്യസ്ത‌മായിരിക്കും മിക്കപ്പോഴും. കൃത്യമായ ഹിസ്റ്ററി വഴിയോ അല്ലെങ്കിൽ അലർജി പരിശോധന കണ്ടെത്തി ഒഴിവാക്കുന്ന രീതിയാണ് അലർജൻ അവോയിഡൻസ് തെറാപ്പി. ഡസ്റ്റ് മൈറ്റ്സ് പോലെയുള്ള വീട്ടകങ്ങളിലെ അലർജനുകൾക്ക് അവോയിഡൻസ്‌ തെറാപ്പി ഫലപ്രദമാണ്. 

പ്രതിരോധം...

കിടക്കവിരികളും, തലയിണ ഉറകളും മറ്റും ആഴ്‌ചയിൽ ഒരിക്കലെങ്കിലും ചൂടുവെള്ളത്തിൽ കഴുകി എടുക്കുക. കൃത്യമായ ഇടവേളകളിൽ മുറികൾ വാക്വം ക്ലീനിംഗ് ചെയ്യുക. മുറിയിലെ ആർദ്രത 50% മുകളിൽ ആകുന്നത് ഡസ്റ്റ് മൈറ്റ്സിൻ്റെ സാന്ദ്രത വർദ്ധിപ്പിക്കും. അതുകൊണ്ടുതന്നെ ഡീ ഹുമിഡിഫിക്കേഷനും, എയർകണ്ടീഷനിംഗും ഫലപ്രദമാണ്. വളർത്തു മൃഗങ്ങളുടെ രോമങ്ങളും മറ്റും അലർജി ഉള്ളവർ അതുമായുള്ള സമ്പർക്കം ഒഴിവാക്കുക. HEPA ഫിൽട്ടേഴ്സും മറ്റും സ്ഥാപിക്കുക.

വളർത്തു മൃഗങ്ങളെ ശുചിയാക്കി പരിപാലിക്കുക.

പാറ്റ പോലെയുള്ള ജീവികളുടെ ശൽക്ക ങ്ങളോടും അലർജി സാധാരണയായി കാണപ്പെടാറുണ്ട്. അതുകൊണ്ടുതന്നെ താമസസ്ഥലത്ത് ഇവയുടെ എണ്ണം നിയന്ത്രിക്കുക.

തൊഴിലിടങ്ങളിലെ പദാർത്ഥങ്ങളോട് അലർജി ഉള്ളവർ മാസ്‌ക് അല്ലെങ്കിൽ റെസ്‌പിറേറ്റർ ഉപയോഗിക്കണം. തുടർന്നും സ്ഥിരമായി ബുദ്ധിമുട്ടുണ്ടാകുന്നുവെങ്കിൽ ജോലിയുടെ ട്രേഡ് മാറേണ്ടി വരാറുണ്ട്.

ശക്തമായ ഗന്ധം, പുക, ഫ്യൂംസ് എന്നി വയോടുള്ള സമ്പർക്കം, പെട്ടെന്നുണ്ടാകുന്ന താപനില വ്യതിയാനങ്ങൾ, മലിനമായ അന്തരീക്ഷം ഇവ ഒഴിവാക്കുക.

എന്നാൽ ഒന്നിലധികം അലർജനുകൾ കാരണമായിട്ടുള്ളതും കൃത്യമായി കണ്ടെത്തി ഒഴിവാക്കാൻ സാധിക്കാത്തതുമായ അലർജനുകൾ മൂലമുള്ള അലർജിക് റൈനൈറ്റിസിനു അവോയിഡൻസ് തെറാപ്പി കൊണ്ടു മാത്രം ഫലം കിട്ടില്ല.

പലതരം ഫലപ്രദമായ മരുന്നുകൾ ഇന്ന് അലർജിക് റൈനൈറ്റിസിനു ലഭ്യമാണ്. ആന്റിഹിസ്റ്റമിൻ ഗുളികകളും, സ്പ്രേകളു മെല്ലാം ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ വളരെ പര്യാപ്തമാണ്.

ദീർഘനാളായി നീണ്ടുനിൽക്കുന്ന അലർജിക് റൈനൈറ്റിസിനെ നേരിടാൻ മൂക്കിൽ പ്രയോഗിക്കാവുന്ന നേസൽ സ്പ്രേകൾ വിപണിയിൽ ലഭ്യമാണ്. പാർശ്വഫലങ്ങൾ തീരെ കുറഞ്ഞവയും, കൂടിയ നാൾ രോഗ നിയന്ത്രണം സാധ്യമാക്കുന്നവയുമാണവ. കൃത്യമായ ഫോളോ അപ്പ് ചെയ്തു ക്രമമായി ഡോസ് ക്രമീകരിച്ചു ബുദ്ധിമുട്ടുകളെ നിയന്ത്രിക്കാൻ ഇവയ്ക്കു കഴിയും.

ഇതോടൊപ്പം കണ്ണിനു ശക്തിയായ ചൊറിച്ചിൽ, ചുവപ്പ് എന്നിങ്ങനെയുള്ള അലർജി പ്രശ്‌നങ്ങൾക്ക് കണ്ണിൽ ഒഴിക്കുന്ന തുള്ളി മരുന്നുകളും ലഭ്യമാണ്.

ഇമ്മ്യൂണോതെറാപ്പി...

മേൽപ്പറഞ്ഞ ചികിത്സാരീതികളിൽ കാര്യമായ ആശ്വാസം ലഭിക്കാതെ വരികയും, രോഗലക്ഷണങ്ങൾ കുറച്ചു തീവ്രമായ അവസ്ഥയിലാകുകയും ചെയ്യുന്ന സന്ദർഭങ്ങളിൽ എക്‌സ്‌പീരിയൻസ്‌ഡ് ആയ ഒരു അലർജി സ്പെഷ്യലിസ്റ്റിൻ്റെ/ പൾമണോളജിസ്റ്റി ൻ്റെ നിർദ്ദേശ പ്രകാരം ഉപയോഗിക്കാവുന്ന ഉപാധിയാണ് ഇമ്മ്യൂണോ തെറാപ്പി. സബ് ലിംഗ്വൽ ഇമ്മ്യൂണോതെറാപ്പി എന്ന മെതേഡ് ആണ് ഇന്ന് അവലംബിച്ചു വരുന്നത്.

ഡസ്റ്റ്മൈറ്റ്സിനു എതിരായുള്ള ഫലപ്രദമായ ഇമ്മ്യൂണോതെറാപ്പി ലഭ്യമാണ്.  ദീർഘകാലം ക്ഷമയോടെ മുന്നോട്ടു കൊണ്ടു പോകേണ്ടി വരുന്ന സംഗതിയാണിത്. 6-12 മാസത്തിനുള്ളിൽ ആശ്വാസം ലഭിക്കുന്നില്ലെങ്കിൽ 3 വർഷത്തിനു മുകളിൽ വരെ തുടരാവുന്നതാണ്.

മേൽ വിവരിച്ചതുപോലെയുള്ള ചികിത്സാരീതികളും, നൂതന സങ്കേതങ്ങളും ഉപയോഗിച്ച് വളരെ ഫലപ്രദമായി നിയന്ത്രണ ത്തിലാക്കാൻ കഴിയുന്നതാണ് അലർജിക് റൈനൈറ്റിസ്. രോഗത്തെപ്പറ്റിയുള്ള വ്യക്തമായ അവബോധവും, നേരത്തെയുള്ള രോഗനിർണ്ണയവും ഏറെ മുഖ്യമാണ്. ഇതു മനസ്സിലാക്കി ആരോഗ്യപൂർണ്ണമായ ജീവിതം നയിക്കുക, മറ്റുള്ളവരിലേക്കും ശരിയായ അറിവുകൾ എത്തിക്കുക.

തയ്യാറാക്കിയത്:
ഡോ. ജി മഹേഷ് ദേവ് , അസിസ്റ്റൻറ് പ്രൊഫസർ 
ശ്വാസകോശരോഗവിഭാഗം, അസീസിയ മെഡിക്കൽകോളേജ് 
കൊല്ലം.
ജോയിന്റ് സെക്രട്ടറി, ഐ.എം.എ കൊട്ടാരക്കര.

നിപ വെെറസ് പകരുന്നത് എങ്ങനെ? രോ​ഗലക്ഷണങ്ങൾ എന്തൊക്കെ?

 

Latest Videos
Follow Us:
Download App:
  • android
  • ios