Asianet News MalayalamAsianet News Malayalam

മുള്‍ട്ടാന്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്‍റെ ബാസ്ബോളിന് ബ്രേക്കിട്ട് പാകിസ്ഥാന്‍ സ്പിന്നർമാര്‍,ബാറ്റിംഗ് തകര്‍ച്ച

പാകിസ്ഥാനെതിരായ മുൾട്ടാന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനും ബാറ്റിംഗ് തകര്‍ച്ച.

Pakistan vs England, 2nd Test - Live Updates, England Loss 6 wickets
Author
First Published Oct 16, 2024, 6:43 PM IST | Last Updated Oct 16, 2024, 6:43 PM IST

മുള്‍ട്ടാൻ:പാകിസ്ഥാനെതിരായ മുള്‍ട്ടാൻ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച. പാകിസ്ഥാന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 366 റണ്‍സിന് മറുപടിയായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ദിനം കളി നിര്‍ത്തുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സെന്ന നിലയിലാണ്. 224-3 എന്ന മികച്ച നിലയില്‍ നിന്ന് ഒരു റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായതാണ് ഇംഗ്ലണ്ടിനെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടത്. സെഞ്ചുറി നേടിയ ഓപ്പണര്‍ ബെന്‍ ഡക്കറ്റ് ഒഴികെ മറ്റ് ബാറ്റര്‍മാരാരും നിലയുറപ്പിക്കാതെ മടങ്ങിയത് ബാസ്ബോള്‍ കളിക്കാനിറങ്ങിയ ഇംഗ്ലണ്ടിന് തിരിച്ചടിയായി. പാകിസ്ഥാനുവേണ്ടി ഓഫ് സ്പിന്നര്‍ സാജിദ് ഖാന്‍ നാലു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇടം കൈയന്‍ സ്പിന്നറായ നൗമാന്‍ അലി രണ്ട് വിക്കറ്റെടുത്തു.

പാകിസ്ഥാന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 366 റണ്‍സിന് മറുപടി പറയാനിറങ്ങിയ ഇംഗ്ലണ്ട് പതിവുപോലെ ബാസ്ബോള്‍ ശൈലിയില്‍ തകര്‍ത്തടിച്ചാണ് തുടങ്ങിയത്. ഓപ്പണ‍ർമാരായ ബെന്‍ ഡക്കറ്റും സാക്ക് ക്രോളിയും ചേര്‍ന്ന് 12 ഓവറില്‍ 73 റണ്‍സടിച്ചശേഷമാണ് വേര്‍പിരിഞ്ഞത്. പാക് പേസര്‍മാര്‍ക്ക് യാതൊരു പ്രഭാവവും ഉണ്ടാക്കാന്‍ കഴിയാഞ്ഞതോടെ സ്പിന്നര്‍മാരെ നേരത്തെ പന്തേല്‍പ്പിച്ച ക്യാപ്റ്റന്‍ ഷാന്‍ മസൂദിന്‍റെ തന്ത്രമാണ് ഫലം കണ്ടത്. 27 റണ്‍സെടുത്ത സ്ക് ക്രോളിയെ വീഴ്ത്തി നൗമാന്‍ അലിയാണ് ഇംഗ്ലണ്ടിന്‍റെ തകര്‍ച്ചക്ക് തുടക്കമിട്ടത്.

ജഡേജയും കോലിയുമല്ല, ലോകത്തിലെ ഏറ്റവും ധനികനായ ക്രിക്കറ്റ് താരത്തിന്‍റെ ആസ്തി 20000 കോടി; അതും ഒരു ഇന്ത്യക്കാരൻ

ഒല്ലി പോപ്പുമായി ചേര്‍ന്ന് ഡക്കറ്റ് ഇംഗ്ലണ്ടിനെ 100 കടത്തി. 29 റണ്‍സെടുത്ത ഒല്ലി പോപ്പിനെ സാജിദ് ഖാന്‍ ബൗള്‍ഡാക്കി. പിന്നീട് ബെന്‍ ഡക്കറ്റ് മിന്നും ഫോമിലുള്ള ജോ റൂട്ടിനെ കൂട്ടുപിടിച്ച്  ഇംഗ്ലണ്ടിനെ 200 കടത്തിയെങ്കിലും സാജിദ് ഖാന്‍ തന്നെ പാകിസ്ഥാന്‍റെ രക്ഷക്കെത്തി. 34 റണ്‍സെടുത്ത റൂട്ടിനെയും  പിന്നാലെ കഴിഞ്ഞെ ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയ ഹാരി ബ്രൂക്കിനെയും(9) സെഞ്ചുറിയുമായി ക്രീസില്‍ നിന്ന ബെന്‍ ഡക്കറ്റിനെയും(124) ഒരു രണ്‍സെടുക്കുന്നതിനിടെ മടക്കി സാജിദ് ഖാൻ ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. സ്കോര്‍ ബോര്‍ഡില്‍ ഒരു റണ്‍ പോലും കൂട്ടിച്ചേര്‍ക്കും മുമ്പ് ക്യാപ്റ്റൻ ബെന്‍ സ്റ്റോക്സിനെ(1) നൗമാന്‍ അലിയും വീഴ്ത്തിയതോടെ ഇംഗ്ലണ്ട് 224-2 ൽ നിന്ന് 225-6ലേക്ക് കൂപ്പുകുത്തി.

ബെംഗളൂരു ടെസ്റ്റിൽ ആദ്യ ദിനം നഷ്ടമായി, ഇനി ബംഗ്ലാദേശിനെ അടിച്ചിട്ടപ്പോലെ അടിക്കണം; മഴ ഇന്ത്യയ്ക്ക് പണി തരുമോ?

രണ്ടാം ദിനം അവസാനിക്കുമ്പോള്‍ 12 റണ്‍സുമായി വിക്കറ്റ് കീപ്പര്‍ ജാമി സ്മിത്തും രണ്ട് റണ്‍സോടെ ബ്രൗഡണ്‍ കാഴ്സുമാണ് ക്രീസില്‍. നാലു വിക്കറ്റ് ശേഷിക്കെ പാകിസ്ഥാന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറിനൊപ്പമെത്താന്‍ ഇംഗ്ലണ്ടിനിനിയും 127 റണ്‍സ് കൂടി വേണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios