പല സ്ഥലം പല നിരക്ക്, ദന്തചികിത്സാ ചെലവുകള്‍ വ്യത്യസ്തമാവാന്‍ കാരണമെന്താണ്?

പല നാട്ടിലും ദന്തചികിത്സാ ചെലവുകള്‍ വ്യത്യസ്തമാണ്. അതിന്‍റെ കാരണമെന്താണ്? മട്ടന്നൂര്‍ മള്‍ട്ടിസ്പെഷ്യാലിറ്റി ഡെന്റല്‍ ക്ലിനിക്കിലെ ചീഫ് ഡെന്റല്‍ സര്‍ജന്‍ ഡോ. കീര്‍ത്തി പ്രഭ എഴുതുന്നു

dental treatment expense different cost article by dr keerthi prabha

മറ്റ് ആരോഗ്യ മേഖലകളെ അപേക്ഷിച്ച് ദന്തചികിത്സയയുമായി ബന്ധപ്പെട്ട് ഏറ്റവും ചര്‍ച്ച ചെയ്യുന്ന വിഷയമാണ് ചികിത്സാ ചെലവ്. പല ക്ലിനിക്കുകളിലും പല ചാര്‍ജുകള്‍, ചിലയിടങ്ങളില്‍ ഉയള്‍ന്ന നിരക്ക് എന്നിങ്ങനെ പരാതികള്‍ നിരവധിയാണ്. റൂട്ട് കനാല്‍ ചെയ്യാന്‍, ഒരു പല്ല് വച്ചു പിടിപ്പിക്കാന്‍, ക്ലീന്‍ ചെയ്യാന്‍, പല്ല് അടയ്ക്കാന്‍, കൃത്രിമ പല്ല് വയ്ക്കാന്‍ തുടങ്ങി എല്ലാ ചികിത്സയ്ക്കും ചിലവ് എത്ര വരും എന്നാണ് രോഗികളില്‍ ഭൂരിഭാഗം പേരും ആദ്യം ചോദിക്കുക. പലപ്പോഴും, അത് ചികില്‍സയ്ക്കുള്ള പണം മുന്‍കൂട്ടി കരുതി വയ്ക്കാന്‍ ആണ്.  എങ്കിലും, ഡെന്റല്‍ ക്ലിനിക്കുകള്‍ കയറിയിറങ്ങി ഏറ്റവും ചിലവ് കുറഞ്ഞ സ്ഥലത്ത് ചികിത്സ നേടുക എന്നത് പൊതുവേയുള്ള ഒരു പ്രവണതയാണ്.

ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ള ദന്ത ചികിത്സാ കേന്ദ്രങ്ങളിലും സ്വകാര്യ ദന്തല്‍ ക്ലിനിക്കുകളിലുമുള്ള ചികിത്സാ ചിലവുകള്‍ താരതമ്യപ്പെടുത്താന്‍ സാധിക്കില്ല. കാരണം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചികിത്സാ കേന്ദ്രങ്ങള്‍ ഏറ്റവും മിനിമം നിരക്കില്‍ രോഗികളെ ചികിത്സിക്കാന്‍ ശ്രമിക്കുന്ന ഒരു സ്ഥാപനമാണ്. മറ്റിടങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ അത് പരമാവധി മികച്ച രീതിയില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നുമുണ്ട്. അവിടെയുള്ള ചികിത്സാ നിരക്കുകള്‍ രോഗികളെ ആശങ്കാകുലരാക്കില്ല എന്നതിനാല്‍ അതേക്കുറിച്ച് വിവരിക്കുന്നില്ല. സ്വകാര്യ ക്ലിനിക്കുകളിലെ നിരക്കുകളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

എന്തുകൊണ്ട് പല വില?

ക്ലിനിക് സ്ഥിതി ചെയ്യുന്ന നഗരം, ക്ലിനിക്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടം, അവിടുത്തെ വാടക, ചെയ്യുന്ന ഡോക്ടറുടെ കാര്യക്ഷമതയും എക്‌സ്പീരിയന്‍സും, ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളുടെയും വസ്തുക്കളുടെയും ഗുണമേന്മ, ക്ലിനിക്കിലെ അത്യാധുനിക ഉപകരണങ്ങളുടെ ലഭ്യത, നൂതന സൗകര്യങ്ങള്‍, വിവിധ ദന്തചികിത്സകള്‍ക്കുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ ലഭ്യത ഇങ്ങനെ വിവിധ ഘടകങ്ങളെ ആശ്രയിച്ചാണ് ഒരു സ്വകാര്യ ദന്തല്‍ ക്ലിനിക്കിലെ ചികിത്സാ നിരക്കുകള്‍ തീരുമാനിക്കുന്നത്. അതിനാലാണ് സ്വകാര്യ ക്ലിനിക്കുകളിലെ ചികിത്സാ നിരക്കുകള്‍ ഫിക്‌സഡ് റേറ്റ് ആയി പറയാന്‍ സാധിക്കാത്തത്. ഇന്ത്യയിലെ ദന്തല്‍ പ്രൊഫഷണലുകളെ പ്രതിനിധീകരിക്കുന്ന സംഘടനയായ ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ സ്വകാര്യ ദന്തല്‍ ക്ലിനിക്കുകളില്‍ ലഭ്യമാകുന്ന എല്ലാ ദന്ത ചികിത്സകള്‍ക്കും ഒരു ന്യായവില തീരുമാനിച്ചിട്ടുണ്ട്. അത് ഓരോ വര്‍ഷവും പുതുക്കപ്പെടും. വിവേചനങ്ങള്‍ ഇല്ലാതെ ഗുണമേന്മയുള്ള ചികിത്സ എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതാണ് അത്തരം ഒരു തീരുമാനത്തിന് പുറകില്‍.

റൂട്ട് കനാലിന്റെ നിരക്ക്...

ഏറ്റവും അധികം ആളുകള്‍ ചോദിക്കാറുള്ളത് ആഴത്തില്‍ കേടുകള്‍ ഉള്ള പല്ലുകള്‍ക്ക് ചെയ്യുന്ന റൂട്ട് കനാല്‍ ട്രീറ്റ്‌മെന്റിന് എത്ര ചിലവ് വരും എന്നാണ്. ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ റൂട്ട് കനാല്‍ ചികിത്സ ലഭ്യമാക്കുന്നതിനുള്ള ഏറ്റവും മിനിമം ചാര്‍ജ് നിജപ്പെടുത്തിയിട്ടുണ്ട്. അതില്‍ കുറഞ്ഞ നിരക്കില്‍ റൂട്ട് കനാല്‍ ട്രീറ്റ്‌മെന്റ് ചെയ്യുന്ന ക്ലിനിക്കുകള്‍ ഉണ്ടാകാം. പക്ഷേ നിങ്ങള്‍ക്ക് ലഭ്യമാകുന്ന ചികിത്സയ്ക്ക് നിശ്ചിത ഗുണനിലവാരം ഉറപ്പ് വരുത്താനാവണം എന്നില്ല. ഗുണമേന്മയുള്ള മികച്ച കമ്പനികള്‍ നിര്‍മിക്കുന്ന ഉത്പന്നങ്ങളും നൂതനമായ സാങ്കേതിക രീതികളും ഉപയോഗിച്ച് റൂട്ട് കനാല്‍ ചികിത്സ ചെയ്യുന്നതും  ഡോക്ടറുടെ ദീര്‍ഘ നാളത്തെ പ്രവൃത്തി പരിചയവുമായിരിക്കും കൂടുതല്‍ ചാര്‍ജിന് കാരണമാവുന്നത്. മൈക്രോസ്‌കോപ്പുകളും ലേസര്‍ മെഷീനുകളും ഒക്കെ ഉപയോഗിച്ച് റൂട്ട് കനാല്‍ ചികിത്സ ചെയ്യുന്ന ക്ലിനിക്കുകളില്‍ ചാര്‍ജ് കൂടുതല്‍ ആവാം.

റൂട്ട് കനാല്‍ ചികിത്സയില്‍ വേരിനുള്ളിലെ അണുബാധയെ നീക്കം ചെയ്ത് അവിടം അണുവിമുക്തമാക്കാനും ആ പ്രത്യേക ഭാഗം രൂപപ്പെടുത്തുവാനും ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ പല ഗുണമേന്മ ഉള്ളതും വിവിധ കമ്പനികളുടേതും ലഭ്യമാണ്. ഒരു ഡോക്ടര്‍ ഇതില്‍ ഏത് ഉപയോഗിക്കുന്നു എന്നതിന് അനുസരിച്ച് അവിടുത്തെ ചികിത്സാ നിരക്ക് വ്യത്യസപ്പെടാം. റൂട്ട് കനാല്‍ ചികിത്സ കഴിഞ്ഞ് നിങ്ങള്‍ക്ക് നഷ്ടമായ പല്ലിന്റെ ഭാഗങ്ങളെ പുനസ്ഥാപിക്കാന്‍ വ്യത്യസ്തങ്ങളായ ഗുണമേന്മയുള്ള ദന്തല്‍ സിമന്റുകള്‍ ലഭ്യമാണ്. ഓരോ ഡോക്ടറും ഉപയോഗിക്കുന്ന പദാര്‍ത്ഥങ്ങളുടെ ഗുണമേന്മയ്ക്ക് അനുസരിച്ചാണ്  നിരക്കുകള്‍ തീരുമാനിക്കുക.

പല്ല് അടയ്ക്കുന്നതിനുള്ള ചാര്‍ജ്, കേടിന്റെ ആഴം, വ്യാപ്തി, സ്ഥാനം, അടയ്ക്കാന്‍ ഉപയോഗിക്കുന്ന പദാര്‍ത്ഥത്തിന്റെ ഇനം, ഗുണനിലവാരം, ദൃഢത, ബ്രാന്‍ഡ്, പല്ല് അടയ്ക്കാന്‍ സ്വീകരിക്കുന്ന മാര്‍ഗം, നൂതന സാങ്കേതിക ഉപകരണങ്ങളുടെ ലഭ്യത, ഡോക്ടറുടെ നൈപുണ്യം ഇങ്ങനെ ഒരുപാട് ഘടകങ്ങളെ ആശ്രയിച്ചിരിക്കും ചാര്‍ജ് നിരക്ക്. സാധാരണ പല്ല് അടക്കല്‍ രീതിയില്‍ നിന്ന് വ്യത്യസ്തമായി പല്ലിന്റെ സ്വാഭാവിക ഘടന നിലനിര്‍ത്തുന്ന ബയോമിമെറ്റിക് അടയ്ക്കല്‍ രീതികള്‍ക്ക് നിരക്ക് കൂടുതല്‍ ആയിരിക്കും. കേട് മൂലം നഷ്ടപ്പെട്ട പല്ലിന്റെ വ്യത്യസ്ത പാളികളെ ഓരോ പാളിയുടെയും സവിശേഷതകളോട് ചേര്‍ന്ന് നില്‍ക്കുന്ന വിഭിന്നങ്ങളായ ഡെന്റല്‍ സിമന്റുകള്‍ ഉപയോഗിച്ച് വിവിധ പാളികളായി അടയ്ക്കുന്ന രീതിയാണത്.

രണ്ട് പല്ലുകള്‍ക്കിടയിലെ കേടുകള്‍ ഏറ്റവും മിനുസമായും ദൃഢമായും അടച്ചു വെക്കാന്‍ സാധാരണ രീതികള്‍ അല്ലാതെ ബയോക്ലിയര്‍ മാട്രിക്‌സ് പോലെ ഉയര്‍ന്ന നിലവാരമുള്ള ചികിത്സാ രീതികള്‍ നിലവിലുണ്ട്. അതൊക്കെ സാധാരണയില്‍ നിന്നും ഉയര്‍ന്ന ചാര്‍ജ് ആവശ്യമുള്ള ചികിത്സയാണ്. ഒരു ഡോക്ടര്‍ ഇതില്‍ ഏത് പല്ല് അടയ്ക്കല്‍ രീതികള്‍ തിരഞ്ഞെടുക്കുന്നു, അതിന് ഏത് ഗുണനിലവാരം ഉള്ള സിമന്റുകള്‍ ഉപയോഗിക്കുന്നു, എന്തൊക്കെ നൂതന സംവിധാനങ്ങള്‍ ഉപയോഗിക്കുന്നു, എന്നതിനൊക്കെ അനുസരിച്ചാവും ആ ക്ലിനിക്കിലെ പല്ല് അടയ്ക്കല്‍ നിരക്ക്.

പല്ലിനെ സംരക്ഷിച്ചു നിര്‍ത്താന്‍ ഉപയോഗിക്കുന്ന ക്യാപ്പുകള്‍ അഥവാ ക്രൗണുകള്‍ അതുണ്ടാക്കാന്‍ ഉപയോഗിക്കുന്ന മെറ്റീരിയലുകളുടെ ഗുണനിലവാരം അനുസരിച്ച് വിവിധ നിരക്കുകളില്‍ ലഭ്യമാണ്. മെറ്റല്‍, സെറാമിക്, സിര്‍കോണിയ തുടങ്ങി വിവിധതരത്തിലുള്ള ക്യാപ്പുകള്‍ക്ക് അവ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പദാര്‍ത്ഥം, അതിന്റെ ഗുണമേന്മ, ദൃഢത, പല്ലിന്റെ സ്വാഭാവികത നിലനിര്‍ത്താനുള്ള കഴിവ് ആ ക്യാപ്പ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ, അത് നിര്‍മിക്കുന്ന ലാബിന്റെ നിലവാരം ഇതൊക്കെ അനുസരിച്ച് നിരക്ക് വ്യത്യാസപ്പെടും.

സാധാരണ ക്യാപ്പുകള്‍ പല്ല് മുഴുവനായും ചെറുതാക്കി അതിനുമുകളില്‍ ഉറപ്പിക്കുമ്പോള്‍ പല്ലിന്റെ ദൃഢമായ ഭാഗങ്ങള്‍ അതുപോലെ കാത്തുസൂക്ഷിച്ചുകൊണ്ട് ദുര്‍ബലമായ ഭാഗങ്ങള്‍ മാത്രം കവര്‍ ചെയ്യുന്ന രീതിയാണ് ഓവര്‍ ലേ. കാര്യക്ഷമമായ ചികിത്സാ രീതിയാണെങ്കിലും സാധാരണ ക്യാപ്പുകള്‍ ചെയ്യുന്നതിനേക്കാള്‍ ഉയര്‍ന്ന വില ആയതുകൊണ്ട് പല ദന്തല്‍ ക്ലിനിക്കുകളിലും വരുന്ന രോഗികള്‍ അത് സ്വീകരിക്കാന്‍ മടി കാണിക്കുന്നു. ഉയര്‍ന്ന ചികിത്സ ചെലവുകള്‍ രോഗികള്‍ അംഗീകരിക്കില്ല എന്ന ഒരു പൊതുബോധം നിലനില്‍ക്കുന്നതിനാലാണ് വലിയ ഗുണനിലവാരമുള്ള അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചു കൊണ്ടുള്ള മികച്ച ദന്തചികിത്സ പല രോഗികള്‍ക്കും ലഭിക്കാതെ പോകുന്നത്.

നമ്മുടെ ശരീരത്തിലെ ഏറ്റവും ദൃഢമായ, നമ്മുടെ ദഹനപ്രക്രിയയുടെ ആദ്യപടിയായ ഭക്ഷണം ചവച്ചരയ്ക്കാന്‍ ആവശ്യമായ പല്ല് എന്ന ഭാഗത്തിന് നല്‍കേണ്ട പ്രാധാന്യം വലുതാണ്. ചികിത്സാ ചിലവുകള്‍ താങ്ങാന്‍ സാധിക്കാത്തവരിലേക്ക് മികച്ച ഗുണമേന്മയുള്ള അത്യാധുനിക ടെക്‌നോളജികള്‍ ഉപയോഗിച്ചുള്ള ദന്ത ചികിത്സ എത്തിക്കാന്‍ സാധിക്കുന്നില്ല എന്നതും ഒരു പ്രതിസന്ധിയാണ്. പക്ഷേ കുറഞ്ഞ ഗുണനിലവാരമുള്ള ഒരു ചികിത്സ സ്വീകരിച്ച് ജീവിതാവസാനം വരെ ഒരു ദന്തരോഗിയായി ക്ലിനിക്കുകള്‍ തോറും കയറിയിറങ്ങേണ്ടി വരിക എന്നതിനേക്കാള്‍ എത്രയോ നല്ലതാണ് മികച്ച, ഗുണമേന്മയുള്ള ദന്ത ചികിത്സ സ്വീകരിക്കുക എന്നത്.

പല്ല് ക്ലീനിംഗിന് എന്താണ് പല വില?

പല്ല് ക്ലീന്‍ ചെയ്യുന്നതിന്റെ നിരക്കുകളെ സംബന്ധിച്ചും പലര്‍ക്കും സംശയങ്ങളാണ്. പല്ല് ക്ലീന്‍ ചെയ്യല്‍ പലതരത്തില്‍ ഉണ്ട് എന്നാണ് ആദ്യം മനസ്സിലാക്കേണ്ടത്. അത് രോഗിയുടെ ഇച്ഛയ്ക്കനുസരിച്ച് തിരഞ്ഞെടുക്കാന്‍ പറ്റില്ല. ചിലരുടെ വായില്‍ പ്ലാക്ക് എന്ന് പറയുന്ന മൃദുവായ അഴുക്കുകളും, മറ്റു ചിലരില്‍ കാല്‍കുലസ് എന്ന് പറയുന്ന കട്ടിയുള്ളതും മഞ്ഞനിറത്തിലോ ബ്രൗണ്‍ നിറത്തിലുള്ളതോ ആയ അഴുക്കുകളും, ചിലരില്‍ നേരിയ കറകളും, ചിലരില്‍ കഠിനമായ കറകളും തുടങ്ങി പലതരം അവസ്ഥകളാണ് ഉണ്ടാവുക. ഇതിന്റെയൊക്കെ തീവ്രത അനുസരിച്ച് ചികിത്സാ നിരക്കില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകും. ഈ അഴുക്കുകള്‍ യഥാസമയം ക്ലീന്‍ ചെയ്ത് നീക്കം ചെയ്യാത്തവരില്‍ മോണ രോഗം ബാധിച്ചിട്ടുണ്ടാവാം. മോണ രോഗം ബാധിച്ചവരില്‍ ചെയ്യേണ്ടത് സാധാരണ രീതിയിലുള്ള ക്ലീനിങ് അല്ല. മോണയ്ക്കുള്ളില്‍ ക്ലീന്‍ ചെയ്യുന്ന രീതിയായ സബ്ജിഞ്ചൈവല്‍ സ്‌കെയിലിംഗ്, പല്ലിന്റെ വേരിനടിയില്‍ വരെ ക്ലീന്‍ ചെയ്യുന്ന രീതിയായ റൂട്ട് പ്ലെയിനിങ് തുടങ്ങിയ ചികിത്സകള്‍ ചെയ്യേണ്ടതായി വരും. കഠിനമായ മോണ രോഗം ബാധിച്ചവര്‍ക്ക് ഈ ചികിത്സകള്‍ കൂടാതെ മോണയിലെ സര്‍ജറി, ബോണ്‍ ഗ്രാഫ്റ്റിംഗ് തുടങ്ങിയവയും ആവശ്യമായി വന്നേക്കാം. ഇത്തരം ചികിത്സകള്‍ക്ക് ഒക്കെ സാധാരണ ക്ലീനിങ്ങിനേക്കാള്‍ ചാര്‍ജ് വളരെയധികം കൂടുതലായിരിക്കും .നിങ്ങളുടെ പല്ലിലെയും മോണയിലെയും പ്രശ്‌നങ്ങള്‍ കണ്ടെത്തി ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന രീതിയിലാവണം ഇത്തരം ചികിത്സകള്‍ നേടേണ്ടത്.

പല്ലില്‍ കമ്പി ഇടലും നിരക്കു വ്യത്യാസവും

പല്ലില്‍ കമ്പി ഇടുന്നതിന്റെ നിരക്കുകളും ഇതുപോലെ പല രോഗികള്‍ തമ്മിലും വ്യത്യാസപ്പെടാം. കമ്പിയിടാന്‍ ഉപയോഗിക്കുന്ന മെറ്റീരിയലുകളിലെ വ്യത്യാസങ്ങള്‍ അനുസരിച്ചും അവയുടെ ഗുണമേന്മയിലുള്ള വ്യത്യാസങ്ങള്‍ അനുസരിച്ചും രോഗിയുടെ പല്ലിന്റെ ഘടന അനുസരിച്ചും ദന്തരോഗ വിദഗ്ധന്റെ നൈപുണ്യമനുസരിച്ചും നിരക്കുകളില്‍ മാറ്റങ്ങള്‍ ഉണ്ടാകും. കമ്പി ഇടാതെ തന്നെ പല്ല് നേരെയാക്കാന്‍ സാധിക്കുന്ന ക്ലിയര്‍ അലൈനേര്‍സിന് സാധാരണ കമ്പി ഇടുന്നതിനേക്കാള്‍ ചിലവ് കൂടുതലായിരിക്കും. ചിലവ് കൂടുതലാണെങ്കിലും സാധാരണ പല്ല് കമ്പി ഇടുന്നതിനേക്കാള്‍ എത്രയോ മടങ്ങ് ആശ്വാസവും ആത്മവിശ്വാസവും പ്രയോജനങ്ങളുമാണ് ക്ലിയര്‍ അലൈനേര്‍സ് നിങ്ങള്‍ക്ക് നല്‍കുക.

വെപ്പുപല്ലുകളുടെ വിലക്കൂടുതല്‍

വെപ്പു പല്ലുകള്‍ വെക്കാനുള്ള ചാര്‍ജും ഇതുപോലെ തന്നെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്. വെപ്പ് പല്ല് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന മെറ്റീരിയലിന്റെ ഗുണമേന്മ, അത് ഏത് ലാബിലാണ് നിര്‍മ്മിക്കുന്നത്, എത്ര പല്ല് പുനസ്ഥാപിക്കണം, ക്ലിനിക്കില്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ നിലവാരം എന്നതിനെയൊക്കെ ആശ്രയിച്ചിരിക്കും ചാര്‍ജ്. ഊരിയെടുക്കാന്‍ സാധിക്കുന്ന വെപ്പ് പല്ലുകളുടെ ചാര്‍ജ്ജും അവയുണ്ടാക്കാന്‍ ഉപയോഗിക്കുന്ന വസ്തുവിന്റെ ഗുണനിലവാരമനുസരിച്ച് വ്യത്യാസപ്പെടും. ഉറപ്പിച്ചു വെക്കുന്ന പല്ലുകളുടെ നിരക്കില്‍ അവ ഏതു പദാര്‍ത്ഥം കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്, ഉണ്ടാക്കുന്ന ലാബ്, മാറ്റി സ്ഥാപിക്കേണ്ട പല്ലുകളുടെ എണ്ണം എന്നതിനൊക്കെ അനുസരിച്ച് മാറ്റമുണ്ടാകും. നഷ്ടമായ പല്ലുകള്‍ക്ക് പകരം എല്ലുകള്‍ക്കുള്ളില്‍ സ്‌ക്രൂ ചെയ്ത് കൃത്രിമ പല്ലുകള്‍ ഉറപ്പിച്ചു വെക്കുന്ന രീതിയായ ഇംപ്ലാന്റ് ചികിത്സയ്ക്ക് മറ്റുചികിത്സാ രീതികളേക്കാള്‍ ചാര്‍ജ് കൂടുതലായിരിക്കും.

ജി എസ് ടി എന്ന വില്ലന്‍!

ഇന്ത്യന്‍ ദന്തല്‍ അസോസിയേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ എല്ലാത്തരം ദന്ത ചികിത്സകളുടെയും ന്യായവില നിങ്ങള്‍ക്ക് അറിയാന്‍ സാധിക്കും. ഒരുനിശ്ചിത ഗുണനിലവാരം ഉറപ്പുവരുത്തുന്ന ദന്ത ചികിത്സകള്‍ നിങ്ങള്‍ക്ക് ലഭ്യമാകണമെങ്കില്‍ അതാണ് ഏറ്റവും കുറഞ്ഞ വില എന്നും മനസ്സിലാക്കുക.

പല്ലടയ്ക്കാന്‍ ഉപയോഗിക്കുന്ന മെറ്റീരിയലുകള്‍ക്ക് 12%,സാധാരണ ഉപകരണങ്ങള്‍ക്ക് 18%, വലിയ ഉപകരണങ്ങള്‍ക്ക് 28 ശതമാനം, ചുരുക്കം ചില വസ്തുക്കള്‍ക്ക് അഞ്ച് ശതമാനം എന്നിങ്ങനെയാണ്  ജി എസ് ടി. 20 ലക്ഷത്തിനു മുകളില്‍ വാര്‍ഷിക വരുമാനമുള്ള ഡെന്റല്‍ ക്ലിനിക്കുകള്‍ മാത്രമാണ് നിലവില്‍ ജി എസ് ടി യുടെ പരിധിയില്‍ വരുന്നത്. സാധാരണ ദന്തല്‍ ക്ലിനിക്കുകള്‍ ജിഎസ്ടിയുടെ പരിധിയിലില്ല. പക്ഷേ ക്ലിനിക്കിലേക്ക് വാങ്ങേണ്ടി വരുന്ന മെറ്റീരിയലുകള്‍ക്കും ഉപകരണങ്ങള്‍ക്കും ഉയര്‍ന്ന ജി എസ് ടി നല്‍കാന്‍ നിര്‍ബന്ധിതരാകുന്നതു കൊണ്ടാണ് ഗുണമേന്മയുള്ളതും ആധുനിക ടെക്‌നോളജികള്‍ ഉപയോഗിച്ചുമുള്ള ചികിത്സകള്‍ക്ക് വലിയ ചാര്‍ജുകള്‍ ഈടാക്കേണ്ടി വരുന്നത്.

നിലവില്‍ ഇന്ത്യന്‍ ദന്തല്‍ അസോസിയേഷന്‍ നല്‍കുന്ന മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് സ്വകാര്യ ദന്തല്‍ ക്ലിനിക്കുകളിലെ ചികിത്സാ നിരക്ക് തീരുമാനിക്കപ്പെടേണ്ടത്. പക്ഷേ പല ദന്തല്‍ ക്ലിനിക്കുകളിലും ന്യായവിലയിലും എത്രയോ കുറഞ്ഞാണ് ചാര്‍ജ് ചെയ്യുന്നത്. കുറഞ്ഞ വിലയില്‍ വലിയ ഗുണമേന്മ ഇല്ലാത്തതും കാലത്തിന് മെച്ചപ്പെടാത്തതും നൂതന ഉപകരണങ്ങള്‍ ഉപയോഗിക്കാത്തതുമായ ദന്ത ചികിത്സ ഉണ്ടാവുന്നത് ദന്ത ചികിത്സയ്ക്ക് ഒരു പരിധിയിലപ്പുറം പ്രാധാന്യം കൊടുക്കുവാന്‍ ജനങ്ങള്‍ തയ്യാറാവാത്തത് കൊണ്ട് കൂടിയാണ്.

 

Also read: ഫോണിലൂടെ രോഗലക്ഷണങ്ങൾ ടൈപ്പ് ചെയ്തു കൊടുത്താൽ മതി, ആരോഗ്യ സംരക്ഷണം എത്ര എളുപ്പം; ഡോക്ടര്‍ എഴുതുന്നു...

 

 

Latest Videos
Follow Us:
Download App:
  • android
  • ios