Dengue Fever : ഡെങ്കിപ്പനിക്ക് ശേഷം മുടികൊഴിച്ചില്‍ ഉണ്ടാകുമോ? അറിയേണ്ട ചിലത്...
ഡെങ്കിപ്പനിക്ക് ശേഷം ശരീരത്തിന് മതിയായ വിശ്രമം നല്‍കിക്കൊണ്ടാണ് ആരോഗ്യത്തെ വീണ്ടെടുക്കാന്‍ ശ്രമിക്കേണ്ടത്. ധാരാളം വെള്ളം കുടിക്കുക. ജ്യൂസുകള്‍, ഇളനീര്‍ പോലുള്ള പാനീയങ്ങള്‍ കഴിക്കുക. ആരോഗ്യകരമായ ഡയറ്റ് പാലിക്കുക
ഡെങ്കിപ്പനിയുടെ ( Dengue Fever ) സീസണ്‍ ആണിത്. മറ്റ് പല സംസ്ഥാനങ്ങള്‍ക്കുമൊപ്പം കേരളത്തിലും ഡെങ്കു കേസുകള്‍ കാര്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. കൊവിഡ് 19 ( covid Crisis ) പ്രതിസന്ധികള്‍ക്കിടയില്‍ കൊതുക് നിവാരണ പരിപാടികള്‍ അടക്കമുള്ള ശുചിത്വപ്രവര്‍ത്തനങ്ങള്‍ മുടങ്ങിയതും മഴ നീണ്ടുനിന്നതുമാണ് ഡെങ്കു കേസുകള്‍ വര്‍ധിക്കാനിടയാക്കിയതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
എന്തായാലും ഡെങ്കു കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഈ രോഗത്തെ കുറിച്ചും ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ചും കൃത്യമായി അവബോധമുണ്ടാകേണ്ടതുണ്ട്.
ഡെങ്കിപ്പനി ജീവന് ഭീഷണിയോ?
ഡെങ്കു കേസുകള്‍ കാര്യമായി വര്‍ധിക്കുന്നുണ്ടെങ്കിലും മരണനിരക്ക് ഉയരാത്തത് വലിയ ആശ്വാസമാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത്. എന്നാല്‍ ഡെങ്കു ജീവന് ഭീഷണി ഉയര്‍ത്താത്തൊരു രോഗമാണെന്ന സങ്കല്‍പം വേണ്ട.
പല സന്ദര്‍ഭങ്ങളിലും ഡെങ്കു അപകടകാരിയായി മാറാറുണ്ട്. പ്രത്യേകിച്ച് രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും നേരത്തേ മറ്റ് രോഗങ്ങള്‍ ഉള്ളവരിലുമാണ് ഇത് തീവ്രമായി മാറുന്നത്. പ്ലേറ്റ്‌ലെറ്റ് രക്താണുക്കളുടെ എണ്ണം ഗണ്യമായി കുറയുന്നതും ഡെങ്കുവിന്റെ സവിശേഷതയാണ്.
ഇതും നിയന്ത്രണത്തില്‍ നിന്നില്ലെങ്കില്‍ അപകടം തന്നെ.
രോഗം ഭേദമായ ശേഷവും നീണ്ടുനില്‍ക്കുന്ന ലക്ഷണങ്ങള്‍...
കൊവിഡിന്റെ കാര്യത്തിലെന്ന പോലെ തന്നെ, ഡെങ്കിപ്പനിയിലും രോഗാവസ്ഥയില്‍ കാണപ്പെടുന്ന ചില ലക്ഷണങ്ങള്‍ രോഗശേഷവും നീണ്ടുനില്‍ക്കാറുണ്ട്. കടുത്ത ക്ഷീണമാണ് ഇത്തരത്തില്‍ ഏറെ നാള്‍ നീണ്ടുനില്‍ക്കുന്നൊരു ആരോഗ്യപ്രശ്‌നം.
അതിതീവ്രമായ പനിയാണ് ഡെങ്കുവിന്റെ പ്രധാന ലക്ഷണം. 102-104 ഡിഗ്രിഫാരന്‍ഹീറ്റ് വരെ ഡെങ്കു പനിയില്‍ രേഖപ്പെടുത്താറുണ്ട്. പനിക്കൊപ്പം തന്നെ അസഹ്യമായ ക്ഷീണം, സന്ധിവേദന, പേശിവേദന, തലവേദന, കണ്ണുവേദന എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളും അനുഭവപ്പെടാം. ഇതില്‍ ക്ഷീണവും ശരീരവേദനയും രോഗം മാറിയ ശേഷവും ചിലരില്‍ ഏറെ നാളത്തേക്ക് കാണാം.
ഡെങ്കിപ്പനി മുടികൊഴിച്ചിലിന് കാരണമാകുമോ?
ഒരു വിഭാഗം പേരില്‍ ഡെങ്കിപ്പനി വന്നുപോയ ശേഷം മുടികൊഴിച്ചില്‍ ഉണ്ടാകാം. 1-2 മാസം വരെ ഇത് തുടരാം. ഈ സമയങ്ങളില്‍ കാര്യമായ രീതിയില്‍ തന്നെ മുടികൊഴിച്ചില്‍ ഉണ്ടാകാനുള്ള സാധ്യതകളുണ്ട്.
ചിലരില്‍ പ്രത്യേക ഭാഗങ്ങളിലായാണ് മുടി കൊഴിച്ചില്‍ ഉണ്ടാവുക. ഇത് അണുബാധയുടെ തീക്ഷണത മൂലവും, മരുന്നുകളുടെ റിയാക്ഷനായും, ഹോര്‍മോണ്‍ വ്യതിയാനത്തെ തുടര്‍ന്നും, ഡയറ്റിലെ പ്രശ്‌നങ്ങള്‍ മൂലവുമെല്ലാമാണ് സംഭവിക്കുന്നത്.
അണുബാധ സമയത്ത് വിശപ്പ് കുറയുന്നതും ഭക്ഷണം ഒഴിവാക്കുന്നതും വണ്ണം കുറയുന്നതിനും പോഷകാഹാരക്കുറവിനും കാരണമായി വരാം. ഇതും മുടി കൊഴിച്ചില്‍ വര്‍ധിപ്പിക്കാം.
എങ്ങനെ ആരോഗ്യം വീണ്ടെടുക്കാം?
ഡെങ്കിപ്പനിക്ക് ശേഷം ശരീരത്തിന് മതിയായ വിശ്രമം നല്‍കിക്കൊണ്ടാണ് ആരോഗ്യത്തെ വീണ്ടെടുക്കാന്‍ ശ്രമിക്കേണ്ടത്. ധാരാളം വെള്ളം കുടിക്കുക. ജ്യൂസുകള്‍, ഇളനീര്‍ പോലുള്ള പാനീയങ്ങള്‍ കഴിക്കുക. ആരോഗ്യകരമായ ഡയറ്റ് പാലിക്കുക. ദഹനത്തിന് സമയമെടുക്കുന്ന തരം ഭക്ഷണങ്ങള്‍ പരമാവധി കുറയ്ക്കുക. 'അയേണ്‍', 'ആന്റി ഓക്‌സിഡന്റുകള്‍', 'വൈറ്രമിന്‍ ബി 12' എന്നിവ അടങ്ങിയ ഭക്ഷണം നിര്‍ബന്ധമായും ഡയറ്റിലുള്‍പ്പെടുത്തുക.
ഡെങ്കിപ്പനി മാറിയ ശേഷം ഉടന്‍ തന്നെ കഠിനമായ വര്‍ക്കൗട്ടുകളിലോ ജോലിയിലോ സജീവമാകരുത്. ഇത് ശരീരത്തിന് ദോഷം ചെയ്‌തേക്കാം. ചെറിയ വ്യായാമങ്ങള്‍ ചെയ്യാം. പതിയെ ആരോഗ്യം വീണ്ടെടുക്കുന്നതിന് അനുസരിച്ച് പഴയ ജീവിതരീതിയിലേക്ക് മാറാം. ഡോക്ടര്‍ നിര്‍ദേശിച്ച സപ്ലിമെന്റുകളോ മരുന്നുകളോ ഉണ്ടെങ്കില്‍ അത് കൃത്യമായി കഴിക്കുക.
Also Read:- ഡെങ്കിപ്പനി; ദില്ലിയില്‍ ആറ് വര്‍ഷത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക്