കാൻസർ ബാധിതർ കൊവിഡ് പിടിപെടാതിരിക്കാൻ ശ്രദ്ധിക്കണം, കാരണം ഇതാണ്...
കാൻസർ രോഗികൾക്ക് കൊവിഡ് ബാധിച്ചാൽ മറ്റുള്ളവരെക്കാൾ മരണസാധ്യത ഏറെയാകാമെന്നാണ് ഗവേഷകർ സൂചിപ്പിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് അമേരിക്കയിലെ കൊവിഡ് 19 മരണനിരക്ക് 5.8 ശതമാനമാണ്.
കാൻസർ രോഗികൾക്ക് കൊവിഡ് -19 പിടിപെട്ടാൽ അപകടസാധ്യത കൂടുതലാണെന്ന് പഠനം. യുഎസിലെ ഇന്ത്യൻ വംശജരായ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ക്യാൻസർ രോഗികൾക്ക് പൊതുവേ പ്രതിരോധശേഷി കുറവായിരിക്കും. അത് കൊണ്ട് തന്നെ കൊവിഡ് അണുബാധ അവർക്ക് മാരകമാകാനുള്ള സാധ്യതയുണ്ടെന്നാണ് പഠനത്തിൽ പറയുന്നത്. കാൻസർ രോഗികളിൽ മറ്റുള്ളവരെ അപേക്ഷിച്ച് കൊവിഡ് 19 മരണസാധ്യത കൂട്ടുമെന്നും പഠനത്തിൽ ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
''ഞങ്ങളുടെ കണ്ടെത്തലുകൾ കാൻസർ രോഗികളിൽ കൊവിഡ് 19 ബാധിക്കുന്നത് തടയേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ് പറയുന്നത്. രോഗികളിൽ തുടക്കത്തിൽ തന്നെ അപകടകരമായ ലക്ഷണങ്ങൾ തിരിച്ചറിയുകയും സൂക്ഷ്മമായി നിരീക്ഷിക്കുകയുമാണ് വേണ്ടത്..''- പഠനത്തിന് നേതൃത്വം നൽകിയ യുഎസിലെ ആൽബർട്ട് ഐൻസ്റ്റൈൻ കോളേജ് ഓഫ് മെഡിസിനിലെ എഴുത്തുകാരൻ വികാസ് മേത്ത പറയുന്നു''.
കൊവിഡ് 19; കാൻസർ രോഗികൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ...
പഠനത്തിനായി, മാർച്ച് 18 മുതൽ ഏപ്രിൽ 8 വരെ ന്യൂയോർക്കിലെ മോണ്ടെഫോർ മെഡിക്കൽ സെന്ററിൽ കൊവിഡ് -19 തിരിച്ചറിഞ്ഞ 218 കാൻസർ രോഗികളെ നിരീക്ഷിച്ചു വരികയായിരുന്നു ഗവേഷകർ. ഇതിൽ 61 കാൻസർ രോഗികൾ കൊവിഡ് 19 മൂലം മരിച്ചു. രക്താർബുദം പിടിപെട്ടവരിലാണ് ഏറ്റവും ഉയർന്ന മരണനിരക്ക് കണ്ടതെന്നും പഠനം വിശദീകരിക്കുന്നു. 37%, അതായത്, 54 രോഗികളിൽ 20 പേർ എന്നതായിരുന്നു മരണനിരക്കിന്‍റെ തോത്.
ശ്വാസകോശ അർബുദം ബാധിച്ചവരിൽ ഈ മരണനിരക്ക് 55 ശതമാനം ആയിരുന്നു. വൻകുടൽ കാൻസർ ബാധിച്ചവരിൽ 38 ശതമാനവും, സ്തനാർബുദം ബാധിച്ചവരിൽ 14 ശതമാനവും, പ്രോസ്റ്റേറ്റ് കാൻസർ ബാധിച്ചവരിൽ 20 ശതമാനവുമായിരുന്നു മരണനിരക്ക്.