ഓക്സ്ഫോഡ് കൊവിഡ് വാക്സിന്‍ പരീക്ഷിച്ചയാള്‍ക്ക് വന്ന 'അജ്ഞാത രോഗം' ഇതാണ്.!
ലണ്ടൻ: ലോകം ഏറെ പ്രത്യാശയോടെ ഉറ്റുനോക്കിയ കൊവിഡ് വാക്‌സിന്റെ പരീക്ഷണം ഓക്സ്ഫോഡ് സർവകലാശാല നിർത്തിവെച്ചു എന്ന വാര്‍ത്ത ഏറെ വാര്‍ത്ത പ്രധാന്യമാണ് നേടിയത്. ബ്രിട്ടീഷ് സ്വീഡിഷ് ബഹുരാഷ്ട്ര മരുന്ന് കമ്പനിയായ അസ്ട്ര സെനേക്കയുമായി ചേർന്ന് വികസിപ്പിച്ച വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് നിർത്തിയത്.
വാക്സിൻ കുത്തിവെച്ച സന്നദ്ധ സേവകരില്‍ ഒരാൾക്ക് 'അജ്ഞാത രോഗം' ബാധിച്ചതിനാലാണ് പരീക്ഷണം നിർത്തുന്നതെന്ന് കമ്പനി ഇന്നലെ അറിയിച്ചത്.
ഇപ്പോഴിതാ എന്താണ് 'അജ്ഞാത രോഗം' എന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. ട്രാൻവേഴ്സ് മൈലൈറ്റീസ് എന്ന രോഗമാണ് ഇയാള്‍ക്ക് ബാധിച്ചത് എന്നാണ് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്താണ് ട്രാൻവേഴ്സ് മൈലൈറ്റീസ് - സുഷുമ്ന നാഡിയെ സംരക്ഷിക്കുന്ന മൈലിനുണ്ടാകുന്ന വീക്കമാണ് ട്രാൻവേഴ്സ് മൈലൈറ്റീസ് എന്ന് പറയുന്നത്. എന്നാല്‍ ഇതുവരെ വാക്സിന്‍ ഉപയോഗിച്ചതു കൊണ്ടാണോ ഇത് വന്നത് എന്ന് സംബന്ധിച്ച് സ്ഥിരീകരണം വന്നിട്ടില്ല.
പരീക്ഷണം നിലച്ചതിൽ ആശങ്കപ്പെടേണ്ടെന്നും സാധാരണ നടപടിക്രമം മാത്രമെന്നും അസ്ട്രസെനേക അറിയിച്ചു. പാർശ്വഫലമെന്ന് സംശയിക്കുന്ന രോഗം പഠിച്ചശേഷം പരീക്ഷണം തുടരും. എന്നാണ് അസ്ട്രസെനേകയുടെ നിലപാട്.
വൈദ്യ ശാസ്ത്ര രംഗത്തെ വിദഗ്ധരുടെ അഭിപ്രായ പ്രകാരം വാക്സിന്‍ എടുത്ത വ്യക്തിയില്‍ ട്രാൻവേഴ്സ് മൈലൈറ്റീസ് എന്ന അവസ്ഥയ്ക്ക് കാരണമായി പറയുന്നത് ഇതൊക്കെ. വാക്സിന്‍ എടുത്ത ശേഷം ശരീരത്തിലെ പ്രതിരോധ ശേഷിയിലുണ്ടായ മാറ്റം മൂലം ഇങ്ങനെ സംഭവിക്കാം, നിര്‍ജീവമായ വൈറസുകള്‍ വീണ്ടും സജീവമായ അവസ്ഥയില്‍ ഇത് ഉണ്ടാകാം, ഓട്ടോ ഇമ്യൂണ്‍ എന്ന അവസ്ഥയില്‍ ഇത്തരം അവസ്ഥയുണ്ടാകാം - ഇവയെല്ലാം പരിശോധിക്കപ്പെടും.
ഏപ്രിലിൽ ആദ്യ ഘട്ട പരീക്ഷണ സമയത്തും വൊളന്റിയർമാരിലൊരാൾക്കു വിപരീത ഫലമുണ്ടായി പരീക്ഷണം നിർത്തിയിരുന്നു.
വാർത്ത പുറത്തു വന്നതോടെ അസ്ട്രസെനേകയുടെ ഓഹരികളിൽ ഇടിവ് ഉണ്ടായി.
അതേ സമയം ആസ്ട്ര സെനേക കൊവിഡ് പരീക്ഷണം നിർത്തിയ നടപടി രാജ്യത്തെ മരുന്ന് പരീക്ഷണത്തെ ബാധിച്ചിട്ടില്ലെന്ന് പൂണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്.
രാജ്യത്ത് 17 സെന്‍ററുകളിൽ മുന്നാംഘട്ട പരീക്ഷണം തുടരുകയാണ്. കേന്ദ്ര സർക്കാർ പരീക്ഷണം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും പൂണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പി സി നമ്പ്യാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.