നാസയ്ക്ക് പാറകള്‍ ആവശ്യമുണ്ട്, ഭൂമിയിലെ അല്ല ചന്ദ്രനിലേത്, 'ക്വട്ടേഷന്‍' നല്‍കുന്നത് ഇങ്ങനെ.!
നാസയ്ക്ക് പാറകള്‍ ആവശ്യമുണ്ട്? പാറമടകള്‍ ഉള്ളവര്‍ അപേക്ഷിക്കാന്‍ ഓടണ്ട. അവര്‍ക്കു ഭൂമിയിലെ പാറകളല്ല ആവശ്യം. ചന്ദ്രനിലെ പാറകള്‍ ആവശ്യമുണ്ടെന്നു കാണിച്ച് നാസ സ്വകാര്യ കമ്പനികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുകയാണ്. കാലം പോയ പോക്കേ എന്നു വിചാരിക്കണ്ട. ചാന്ദ്ര ഖനന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനായി സ്വകാര്യ കമ്പനികളില്‍ നിന്ന് ചന്ദ്രനിലെ പാറകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നതായി നാസ ഔദ്യോഗിമായി തന്നെ അറിയിച്ചിട്ടുണ്ട്.
റോബോട്ടിക് ഉപരിതല റോവറുകള്‍ ഉപയോഗിച്ച് ചന്ദ്രനില്‍ നിന്ന് എങ്ങനെ പാറ ശേഖരിക്കും എന്നതിനെക്കുറിച്ച് ബഹിരാകാശ ഏജന്‍സി സ്വകാര്യ കമ്പനികള്‍ക്കു നിര്‍ദേശങ്ങള്‍ നല്‍കുന്നുമുണ്ട്. 50 മുതല്‍ 500 ഗ്രാം വരെ സാമ്പിളുകള്‍ 15,000 മുതല്‍ 25,000 ഡോളര്‍ വരെ വാങ്ങാനാണ് നാസയുടെ പദ്ധതി. അതിനായി മുന്‍കൂര്‍ പണം നല്‍കാനും നാസ റെഡി!
ചന്ദ്രനില്‍ ബഹിരാകാശ വാണിജ്യം നടത്തുന്നതിനുള്ള ആശയത്തിന്‍റെ വ്യക്തമായ തെളിവാണ് ചാന്ദ്ര പാറ ശേഖരിക്കുന്നതും ഉടമസ്ഥാവകാശം നാസയിലേക്ക് മാറ്റുന്നതും, നാസ പറഞ്ഞു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ബഹിരാകാശ ഏജന്‍സികളും 'ബഹിരാകാശ സംരംഭകര്‍' തമ്മിലുള്ള ഖനന പ്രവര്‍ത്തനങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്നതിന്റെ ആദ്യകാല തത്വങ്ങള്‍ സ്ഥാപിക്കാന്‍ ഈ സംരംഭം സഹായിക്കും, ഇത് ഭാവിയിലെ ബഹിരാകാശ പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണം ചെയ്യും. 2024 ന് മുമ്പ് മനുഷ്യനെ ചന്ദ്രനിലേക്ക് വരാനും പോകാനും പദ്ധതിയിട്ടിരിക്കുമ്പോള്‍ നിര്‍ണ്ണായകമാണ് പുതിയ നീക്കം.
ആ നിലയ്ക്ക് പാറകള്‍ മാത്രമല്ല ചന്ദ്രനില്‍ നിന്നും ശേഖരിക്കാന്‍ നാസ ഒരുങ്ങുന്നതെന്നും അറിയുക. പാറകള്‍ക്കു പുറമേ മറ്റ് ചാന്ദ്ര വസ്തുക്കളും നാസ വാങ്ങും. ചന്ദ്രവിഭവങ്ങള്‍ സ്വകാര്യമായി വേര്‍തിരിച്ചെടുക്കുന്നതിനുള്ള പദ്ധതിയും നാസ തയ്യാറാക്കുന്നുണ്ട്. ഇതിനായി സ്വകാര്യ കമ്പനികളില്‍ നിന്ന് വൈകാതെ ക്വട്ടേഷന്‍ ക്ഷണിച്ചേക്കുമെന്നാണു സൂചന. കമ്പനികള്‍ ചന്ദ്രന്റെ ഉപരിതലത്തിലെ ഏതെങ്കിലും സ്ഥലത്ത് നിന്ന് ചന്ദ്രന്റെ പാറകള്‍ ശേഖരിക്കേണ്ടിവരുമെങ്കിലും അവ ഭൂമിയിലേക്ക് തിരികെ കൊണ്ടു വരേണ്ടതില്ല. എന്നാല്‍ ഓരോ കമ്പനിയും ഈ ശേഖരത്തിന്റെ ഇമേജറിയും ശേഖരണ സ്ഥാനം തിരിച്ചറിയുന്ന ഡാറ്റയും നാസയ്ക്ക് നല്‍കേണ്ടതുണ്ട്. തുടക്കത്തില്‍ സാമ്പിള്‍ മാത്രം മതി. അതായത്, സാമ്പിള്‍ 50 മുതല്‍ 500 ഗ്രാം വരെയായിരിക്കണമത്രേ. ഭാവിയിലെ ഒരു ദൗത്യം നടപ്പാക്കാന്‍ വേണ്ടിയുള്ളതാണിത്. പിന്നീട് ശേഖരണ രീതികള്‍ നാസ നിര്‍ണ്ണയിക്കും.
''മനുഷ്യരാശിക്കെല്ലാവര്‍ക്കും പ്രയോജനകരമാകുന്ന പര്യവേക്ഷണത്തിന്റെയും കണ്ടെത്തലിന്റെയും ഒരു പുതിയ യുഗത്തിന് ഊര്‍ജ്ജം പകരുന്നതിനാണ് ഞങ്ങളുടെ നയങ്ങള്‍ പ്രയോഗത്തില്‍ വരുത്തുന്നത്,'' നാസ അഡ്മിനിസ്‌ട്രേറ്റര്‍ ജിം ബ്രിഡന്‍സ്‌റ്റൈന്‍ ഒരു ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു. എന്നാല്‍ ഇത്തരത്തിലുള്ള നാസയുടെ പദ്ധതികള്‍ 1967 ലെ ബഹിരാകാശ ഉടമ്പടി ലംഘിക്കില്ലെന്ന് ബ്രിഡന്‍സ്‌റ്റൈന്‍ പറഞ്ഞു, ഇത് ആകാശഗോളങ്ങളെയും സ്ഥലത്തെയും ദേശീയ ഉടമസ്ഥാവകാശ അവകാശങ്ങളില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. ബഹിരാകാശ വിഭവങ്ങള്‍ എക്സ്ട്രാക്റ്റുചെയ്യാനും വ്യാപാരം ചെയ്യാനുമുള്ള നിയന്ത്രണ ഉറപ്പ് സ്ഥാപിക്കേണ്ട സമയമാണിതെന്ന് നാസ അഡ്മിനിസ്‌ട്രേറ്റര്‍ ജിം ബ്രിഡെന്‍സ്‌റ്റൈന്‍ പറഞ്ഞു.
കരാറില്‍ യഥാര്‍ത്ഥത്തില്‍ ചന്ദ്രനിലേക്ക് മനുഷ്യന്‍ പോയി ഖനനനം നടത്തണം എന്നല്ല ഉദ്ദേശിക്കുന്നത്. പകരം, നാസയ്ക്ക് ചന്ദ്രനിലേക്ക് വിക്ഷേപിക്കാന്‍ കഴിയുന്ന ഖനനത്തിന് സഹായിക്കുന്ന റോബോട്ട് രൂപകല്‍പ്പന ചെയ്യാനാണ് ലോകമെമ്പാടുമുള്ള കമ്പനികളില്‍ നിന്നുള്ള നിരവധി നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ നാസ തയ്യാറാകുന്നത്. നാസയുമായി ബിസിനസ്സ് നടത്താന്‍, ഒരു കമ്പനിക്ക് ചന്ദ്ര ഉപരിതലത്തിലെ ഏതെങ്കിലും സ്ഥലത്ത് നിന്ന് ചെറിയ അളവില്‍ ചന്ദ്ര മണ്ണോ പാറകളോ ശേഖരിക്കാം. ഇതിന് ചാന്ദ്ര പാറയുടെയോ പാറകളുടെയോ ഉടമസ്ഥാവകാശം നാസയിലേക്ക് കൈമാറേണ്ടതുണ്ട്.
കമ്പനികള്‍ക്ക് 20 ശതമാനം അപ് ഫ്രണ്ട് (10 ശതമാനം അവാര്‍ഡിന്, 10 ശതമാനം ലോഞ്ചിന് നല്‍കപ്പെടും) ആയി നല്‍കും. ബാക്കി ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം നല്‍കും. കൈമാറ്റം ചെയ്യപ്പെട്ട ചാന്ദ്ര സാമ്പിളുകള്‍ എങ്ങനെ വീണ്ടെടുക്കാമെന്നതും അതിനു വേണ്ടിയുള്ള രീതികളും ഏജന്‍സി പിന്നീട് തീരുമാനിക്കും. ചന്ദ്രനില്‍ നിന്ന് കണ്ടെത്തിയേക്കാവുന്ന ഐസ് പോലുള്ള വിഭവങ്ങളും നാസ വാങ്ങുമെന്ന് ബ്രിഡെന്‍സ്‌റ്റൈന്‍ പറഞ്ഞു.
2024 ല്‍ മനുഷ്യരെ ചന്ദ്രനിലേക്ക് മടക്കി അയയ്ക്കാനുള്ള പദ്ധതി പൂര്‍ത്തിയാക്കിയതിനു ശേഷം, വര്‍ഷത്തില്‍ ഒരിക്കല്‍ ബഹിരാകാശയാത്രികരെ ചന്ദ്രനിലേക്ക് സ്ഥിരമായി അയയ്ക്കാനും 2028 ഓടെ ചന്ദ്ര പര്യവേക്ഷണം നടത്താനും നാസ പദ്ധതിയിടുന്നു. 2030 കളില്‍ ചൊവ്വയിലേക്ക് യാത്ര സംഘങ്ങളെ അയയ്ക്കാനുള്ള നാസയുടെ പദ്ധതികള്‍ക്ക് അടിസ്ഥാനമാകും ഈ പ്രോഗ്രാമുകള്‍. ''ഇന്‍-സിറ്റു റിസോഴ്‌സസ് യൂട്ടിലൈസേഷന്‍ (ഐഎസ്ആര്‍യു) നടത്താനുള്ള കഴിവ് ചൊവ്വയില്‍ അവിശ്വസനീയമാംവിധം പ്രാധാന്യമര്‍ഹിക്കുന്നതാണ്, അതിനാലാണ് സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതിനും ചന്ദ്രന്‍റെ ഉപരിതലത്തില്‍ ഐഎസ്ആര്‍യുവുമായി അനുഭവം നേടുന്നതിനും ഞങ്ങള്‍ പരീക്ഷണങ്ങളുമായി മുന്നോട്ട് പോകുകയാണ്,'' ബ്രിഡന്‍സ്‌റ്റൈന്‍ കൂട്ടിച്ചേര്‍ത്തു.
2024 ലെ ചന്ദ്ര ദൗത്യത്തിന്‍റെ എല്ലാവര്‍ക്കും ബാധകമാകുന്ന പൊതുതത്വങ്ങള്‍ ഉള്‍പ്പെടുന്ന ആര്‍ടെമിസ് കരാര്‍ സൃഷ്ടിക്കുന്നതായി മെയ് മാസത്തില്‍ നാസ പ്രഖ്യാപിച്ചിരുന്നു. ജോലി സുതാര്യത, അവശിഷ്ടങ്ങള്‍ ശരിയായി നീക്കംചെയ്യല്‍, ഒരു ദൗത്യത്തില്‍ അപകടത്തിലായ ബഹിരാകാശയാത്രികര്‍ക്ക് സഹായം നല്‍കുക തുടങ്ങിയ 10 അടിസ്ഥാന മാനദണ്ഡങ്ങള്‍ ഈ കരാറില്‍ ഉള്‍പ്പെടുന്നു.