ബാബറില്ലാത്ത പാകിസ്ഥാന്‍ സിംബാബ്‌വെയോടും തോറ്റു! ആദ്യ ഏകദിനത്തില്‍ കൂറ്റന്‍ തോല്‍വി
സ്‌കോര്‍ സൂചിപ്പിക്കും പോലെ മോശം തുടക്കമായിരുന്നു പാകിസ്ഥാന്. ഓപ്പണര്‍മാരായ സെയിം അയൂബ് (11), അബ്ദുള്ള ഷെഫീഖ് (1) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല.
ഹരാരെ: പാകിസ്ഥാനെതിരായ ആദ്യ ഏകദിനത്തില്‍ സിംബാബ്‌വെയ്ക്ക് ജയം. ബുലവായോ ക്വീന്‍ സ്‌പോര്‍ട്‌സ് ക്ലബില്‍ നടന്ന മത്സരത്തില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 80 റണ്‍സിനായിരുന്നു ആതിഥേയരുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ സിംബാബ്‌വെ 40.2 ഓവറില്‍ 205 എല്ലാവരും പുറത്തായിരുന്നു. 48 റണ്‍സ് നേടിയ റിച്ചാര്‍ഡ് ഗവാരയാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറര്‍. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ അഗ സല്‍മാന്‍, ഫൈസല്‍ അക്രം എന്നിവരാണ് സിംബാബ്‌വെയെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ 21 ഓവറില്‍ ആറിന് 60 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മഴയെത്തിയത്. പിന്നീട് മത്സരം തുടരാന്‍ സാധിച്ചില്ല. ഇതോടെ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ആതിഥേയര്‍ വിജയകളായി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ സിംബാബ്‌വെ മുന്നിലെത്തി.
സ്‌കോര്‍ സൂചിപ്പിക്കും പോലെ മോശം തുടക്കമായിരുന്നു പാകിസ്ഥാന്. ഓപ്പണര്‍മാരായ സെയിം അയൂബ് (11), അബ്ദുള്ള ഷെഫീഖ് (1) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. തുടര്‍ന്നെത്തിയ കമ്രാന്‍ ഗുലാം (17) നേരിയ പ്രതീക്ഷ നല്‍കി. എന്നാല്‍ സീന്‍ വില്യംസ് മടക്കിയയച്ചു. തുടര്‍ന്നെത്തിയ ആര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചില്ല. അഗ സല്‍മാന്‍ (4), ഹസീബുള്ള ഖാന്‍ (0), ഇര്‍ഫാന്‍ ഖാന്‍ (7) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അമേര്‍ ജമാല്‍ (0), ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന്‍ (19) പുറത്താവാതെ നിന്നു. സിംബാബ്‌വെയ്ക്ക് വേണ്ടി ബ്ലെസിംഗ് മുസറബാനി, സീന്‍ വില്യംസ്, സിക്കന്ദര്‍ റാസ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ഭേദപ്പെട്ട തുടക്കമായിരുന്നു സിംബാബ്‌വെയ്ക്ക്. ഓപ്പണര്‍മാരായ ജോയ്‌ലോര്‍ഡ് ഗുംബി (15) - തദിവാന്‍ഷെ മറുമാനി (29) എന്നിവര്‍ക്ക് 40 റണ്‍സ് ചേര്‍ക്കാനായി. തുടര്‍ന്നെത്തിയ ഡിയോണ്‍ മ്യേഴ്‌സ് (8), ക്രെയ്ഗ് ഇര്‍വിന്‍ (6) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഇതിനിടെ മറുമാനി മടങ്ങി. ഇതോടെ അഞ്ചിന് 99 എന്ന നിലയിലായി സിംബാബ്‌വെ. പിന്നാലെ സീന്‍ വില്യംസ് (23) - റാസ (39) സഖ്യം 25 റണ്‍സ് കൂട്ടിചേര്‍ത്തു. വില്യംസിനെ പുറത്താക്കി അഗ സല്‍മാന്‍ പാകിസ്ഥാന് ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ ക്രീസിലെത്തിയ ബ്രയാന്‍ ബെന്നെറ്റ് (20) മോശമല്ലാത്ത പ്രകടനം പുറത്തെടുത്തു. ഇതിനിടെ ബ്രന്‍ഡന്‍ മവൂട്ട (1)യുടെ വിക്കറ്റും സിംബാബ്‌വെയ്ക്ക് നഷ്ടമായി.
തുടര്‍ന്ന് റാസ - ഗവാര സഖ്യം 62 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതുതന്നെയാണ് സിംബാബ്‌വെയ്ക്ക് മോശമല്ലാത്ത സ്‌കോര്‍ സമ്മാനിച്ചതും. ഇരുവരും മടങ്ങിയെങ്കിലും സ്‌കോര്‍ 200 കടത്താന്‍ അവര്‍ക്ക് സാധിച്ചിരുന്നു. മുസറബാനിയാണ് പുറത്തായ മറ്റൊരു താരം. ട്രവര്‍ ഗ്വാണ്ടു (3) പുറത്താവാതെ നിന്നു.