ടെന്നീസ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് ടീം ഇന്ത്യയിലേക്ക്; സിനിമാക്കഥയെ വെല്ലുന്ന നടരാജന്‍റെ കരിയര്‍
ദുബായ്: ഐപിഎല്ലിലെ യോര്‍ക്കര്‍ രാജയായ തങ്കവേലു നടരാജന്‍ ഒടുവില്‍ ഇന്ത്യയുടെ നീല ജേഴ്സി അണിയാനൊരുങ്ങുകയാണ്. ഓസ്ട്രേലിയന്‍ പര്യടനത്തിനുളള ഇന്ത്യയുടെ ടി20 ടീമിലേക്ക് നടരാജന്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അത് ഇന്ത്യന്‍ ടീം സ്വപ്നം കാണുന്ന ഏത് കുട്ടി ക്രിക്കറ്റര്‍ക്കുമുള്ള വലിയ പ്രചോദനമാണ്. കാരണം, സിനിമാക്കഥയെ വെല്ലുന്ന കരിയറിനൊടുവിലാണ് നടരാജന്‍ ഇന്ത്യന്‍ ടീമിന്‍റെ വാതില്‍ തള്ളിത്തുറന്ന് അകത്തേക്ക് കയറുന്നത് എന്നത് തന്നെയാണ്.
ദിവസവേതനത്തിന് ജോലിചെയ്യുന്ന നിര്‍മാണത്തൊഴിലാളിയായിരുന്നു നടരാജന്‍റെ അച്ഛന്‍. അമ്മയാകട്ടെ തെരുവില്‍ വൈകുന്നേരങ്ങളില്‍ മാംസ കച്ചവടം ചെയ്താണ് കുടുംബത്തില്‍ പിതാവിനെ സഹായിച്ചിരുന്നത്. അതുകൊണ്ടുതന്നെ ചെറുപ്പത്തില്‍ ദാരിദ്ര്യവും പട്ടിണിയുമെല്ലാം നടരാജന്‍ അടുത്തറിഞ്ഞിട്ടുണ്ട്. ജീവിത പ്രതിന്ധികളില്‍ നിന്നുള്ള ആശ്വാസമായാണ് നടരാജന്‍ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയത്. സേലത്തിന് അടുത്ത് ചിന്നപ്പാംപട്ടിയെന്ന ഗ്രാമത്തിലായിരുന്നു നടരാജന്‍ ആദ്യം പന്തുകള്‍കൊണ്ട് എതിരാളികളെ പ്രതിരോധം തകര്‍ത്തുതുടങ്ങിയത്.
സേലത്ത് ടെന്നീസ് ബോള്‍ ക്രിക്കറ്റില്‍ തിളങ്ങിയിരുന്ന നടരാജന്‍ പരിശീലകനായ എ ജയപ്രകാശിന്‍റെ കണ്ണിലുടക്കിയതോടെയാണ് കരിയര്‍ മറ്റൊരു തലത്തിലേക്ക് ഉയര്‍ന്നത്. മാതാപിതാക്കളോട് നടരാജന്‍റെ പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുത്തോളാമെന്ന് ജയപ്രകാശ് പറഞ്ഞു. പിന്നീട് അദ്ദേഹം നടരാജനെ സേലത്തു നിന്ന് ചെന്നൈയിലേക്ക് പറിച്ചുനട്ടു. നടരാജന്‍റെ കരിയര്‍ ഇതോടെ മാറിമറിയുകയായിരകുന്നു. ചെന്നൈയില്ഡ കളിക്കുന്ന ക്ലബ്ബിന്‍റെ ഒറ്റ മുറി ഗസ്റ്റ് ഹൗസിലായിരുന്നു ആദ്യകാലങ്ങളില്‍ താമസം.
ടെന്നീസ് ബോളില്‍ യോര്‍ക്കറുകള്‍ എറിഞ്ഞ് തകര്‍ത്തിരുന്ന നടരാജന്‍ തുകല്‍ പന്തിലേക്ക് മാറിയപ്പോള്‍ കട്ടറുകളും പ്രധാന ആയുധമാക്കി. ഡിവിഷന്‍ ലീഗുകളില്‍ കളിച്ച് നടന്നിരുന്ന നടരാജനെ 2016ല്‍ തമിഴ്നാട് പ്രീമിയര്‍ ലീഗ് തുടങ്ങിയപ്പോള്‍ അഞ്ചോളം ടീമുകളാണ് ട്രയല്‍സിന് ക്ഷണിച്ചത്.ഡിണ്ടിഗല്‍ ഡ്രാഗണ്‍സിലും ലൈക്ക കോവൈ കിംഗ്സനുവേണ്ടി നടത്തിയ മിന്നുന്ന ബൗളിംഗാണ് ഐപിഎല്‍ ടീമുകളുടെ ശ്രദ്ധയിലേക്ക് നടരാജനെ കൊണ്ടുവന്നത്.
2017ലെ ഐപിഎല്‍ താരലേലത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് നടരാജനെ കൈയൊടെ പൊക്കി. മൂന്ന് കോടി നല്‍കി ടീമിലെടുത്തു. ആറ് മത്സരങ്ങള്‍ മാത്രം കളിച്ച നടരാജന് രണ്ട് വിക്കറ്റ് മാത്രമെ സ്വന്തമാക്കാനായുള്ളു. റണ്‍ വഴങ്ങുന്നതില്‍ ധാരാളിയെന്ന ചീത്തപ്പേരും കിട്ടി.
തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ അഭിനവ് മുകുന്ദും വാഷിംഗ്ടണ്‍ സുന്ദറും അടങ്ങിയ ടീമിനെതിരെ ഒരു മത്സരത്തില്‍ സൂപ്പര്‍ ഓവറില്‍ തുടര്‍ച്ചയായി ആറ് യോര്‍ക്കറുകള്‍ എറിഞ്ഞതോടെയാണ് നടരാജന്‍ ഐപിഎല്‍ ടീമുകളുടെ നോട്ടപ്പുള്ളിയായി. യോര്‍ക്കറുകളും കട്ടറുകളും കൊണ്ട് ഇന്ത്യയുടെ മുസ്തഫിസുര്‍ റഹ്മാന്‍ എന്ന വിളിപ്പേരും കിട്ടി.
ക്രിക്കറ്റ് താരമായിരുന്നില്ലെങ്കില്‍ പിതാവിനെപ്പോലെ താനുമൊരു കൂലിപ്പണിക്കാരനാവുമായിരുന്നുവെന്ന് കോടികള്‍ നല്‍കി കിംഗ്സ് ഇലവന്‍ പഞ്ചാബ് ടീമിലെടുത്തപ്പോള്‍ നടരാജന്‍ പറഞ്ഞിരുന്നു.
2017ല്‍ തമിഴ്നാട് രഞ്ജി ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും കൈമുട്ടിലെ പരിക്ക് വില്ലനായി. ഒറ്റ മത്സരത്തില്‍പോലും പന്തെറിയാനായില്ല.
ഇതോടെ 2018ലെ താരലേലത്തില്‍ നടരാജന്‍റെ വില കുത്തനെ ഇടിഞ്ഞു. അങ്ങനെ വെറും 40 ലക്ഷം രൂപ മുടക്കി നടരാജനെ സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമിലെടുത്തു.
എന്നാല്‍ ആദ്യ രണ്ട് സീസണുകളിലും ഒറ്റ മത്സരത്തില്‍പോലും നടരാജന്‍ പ്ലേയിംഗ് ഇലവനില്‍ അവസരമില്ലായിരുന്നു. ക്യാപ്റ്റനായിരുന്ന കെയ്ന്‍ വില്യസണ് നടരജാന്‍റെ മികവില്‍ അത്ര വിശ്വാസമില്ലായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
കഴിഞ്ഞ വര്‍ഷത്തെ സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ തമിഴ്നാടിനായി പന്തെറിയാനെത്തിയ നടരാജന്‍ പക്ഷെ പഴയ ബൗളറല്ലായിരുന്നു. ഫൈനലിലെത്തിയ തമിഴ്നാട് ടീമിന്‍റെ പ്രധാന ഡെത്ത് ബൗളറായി നടരാജന്‍ മാറിയിരുന്നു.
ഇതോടെ നടരാജനിലെ മികവ് തിരിച്ചറിഞ്ഞ വാര്‍ണറും സംഘവും ഇത്തവണ നടരാജന് പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കി. അത് ഇരുകൈയും നീട്ടി സ്വീകരിച്ച നടരാജന്‍ 70ലേറെ യോര്‍ക്കറുകളുമായി ഈ ഐപിഎല്ലിലെ യോര്‍ക്കര്‍രാജനായി.
ഐപിഎല്ലിലെ മിന്നുന്ന പ്രകടനം ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ നെറ്റ് ബൗളര്‍മാരുടെ പട്ടികയില്‍ നടരാജന് ഇടം നല്‍കി. എന്നാല്‍ ഐപിഎല്ലിലെ മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ പരിക്ക് ഒടുവില്‍ ഇന്ത്യന്‍ ടീമിലേക്കുള്ള വിളിയായി മാറി.
ഐപിഎല്ലിലെ മിന്നുന്ന പ്രകടനം ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ നെറ്റ് ബൗളര്‍മാരുടെ പട്ടികയില്‍ നടരാജന് ഇടം നല്‍കി. എന്നാല്‍ ഐപിഎല്ലിലെ മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ പരിക്ക് ഒടുവില്‍ ഇന്ത്യന്‍ ടീമിലേക്കുള്ള വിളിയായി മാറി.
ക്രിക്കറ്റിലെ മിസ്റ്റര്‍ 360 ഡിഗ്രിയായ എ ബി ഡിവില്ലിയേഴ്സിന്‍റെ പ്രതിരോധം തകര്‍ത്ത് യോര്‍ക്കറിലൂടെ നടരാജന്‍ നേടിയ വിക്കറ്റ് ഈ ഐപിഎല്ലിലെ സുന്ദരകാഴ്ച്ചകളിലൊന്നായിരുന്നു.