അപൂര്‍വനേട്ടത്തിന്‍റെ നെറുകയില്‍ മീശപിരിച്ച് ധവാന്‍, കോലിയും, രോഹിത്തും, റെയ്നയുമെല്ലാം ഇനി ധവാന് പിന്നില്‍
ദുബായ്: ഐപിഎല്ലില്‍ അപൂര്‍വനേട്ടത്തിന്‍റെ നെറുകയില്‍ മീശപിരിച്ചിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ ശീഖര്‍ ധവാന്‍. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ഈ സീസണ്‍ ഐപിഎല്ലിലെ തന്‍റെ ആദ്യ അര്‍ധസെഞ്ചുറി നേടിയ ധവാന്‍ ഇന്നലെ രാജസ്ഥാന്‍ റോയല്‍സിനെതിരെയും അര്‍ധസെഞ്ചുറി നേടി ടീമിന്‍റെ പ്രധാന വിജയശില്‍പിയായിരുന്നു. ഇതിനൊപ്പം മറ്റൊരു അപൂര്‍വനേട്ടവും ധവാനെ തേടിയെത്തി.
മുംബൈക്കെതിരെ 52 പന്തില്‍ 69 റണ്‍സ് നേടിയെങ്കിലും ധവാന്‍റെ മെല്ലെപ്പോക്കിനെതിരെ വിമര്‍ശനവും ട്രോളുകളും ഉയര്‍ന്നിരുന്നു. അവസാന ഓവറുകളിലെ ധവാന്‍റെ മെല്ലെപ്പോക്കും ധാരണപ്പിശകില്‍ സ്റ്റോയിനസിനെ റണ്ണൌട്ടാക്കിയതും ഡല്‍ഹി സ്കോറിംഗിനെ ബാധിച്ചിരുന്നു.
എന്നാല്‍ വിമര്‍ശനങ്ങളെയെല്ലാം അടിച്ചുപറത്തി ഇന്നലെ രാജസ്ഥാനെതിരെ 30 പന്തിലാണ് ധവാന്‍ അര്‍ധ സെഞ്ചുറി നേടിയത്. തുടക്കത്തിലെ പൃഥ്വി ഷായെയും അജിങ്ക്യാ രഹാനെയയും നഷ്ടമായി സമ്മര്‍ദ്ദത്തിലായ ഡല്‍ഹിയെ കരകയറ്റിയത് ധവാന്‍റെ കടന്നാക്രമണമായിരുന്നു.
മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കൊപ്പം 85 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ ധവാന്‍ ഡല്‍ഹിയെ സുരക്ഷിത സ്കോറിലെത്തിച്ചു.
33 പന്തില്‍ 57 റണ്‍സെടുത്ത ധവാന്‍ ആറ് ഫോറും രണ്ട് സിക്സും പറത്തി.
ഐപിഎല്ലിലെ 39ാം അര്‍ധസെഞ്ചുറിയാണ് ധവാന്‍ ഇന്നലെ കുറിച്ചത്. ഇതോടെ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ചുറികള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും ധവാന്‍ സ്വന്തമാക്കി. വിരാട് കോലി, രോഹിത് ശര്‍മ, സുരേഷ് റെയ്ന എന്നിവരെയാണ് ധവാന്‍ ഒറ്റ ഫിഫ്റ്റിയിലൂടെ പിന്നിലാക്കിയത്.
കോലിക്കും, രോഹിത്തിനും റെയ്നക്കും ഐപിഎല്ലില്‍ 38 അര്‍ധസെഞ്ചുറികളാണുള്ളത്.
167 മത്സരങ്ങളില്‍ നിന്നാണ് ധവാന്‍ 39 അര്‍ധെസഞ്ചുറികള്‍ സ്വന്തമാക്കിയത്.
എന്നാല്‍ കോലി 184 മത്സരങ്ങളില്‍ നിന്നും സുരേഷ് റെയ്ന 193 മത്സരങ്ങളില്‍ നിന്നും രോഹിത് ശര്‍മ 195 മത്സരങ്ങളില്‍ നിന്നുമാണ് 38 അര്‍ധസെഞ്ചുറികള്‍ നേടിയത്.
39 അര്‍ധസെഞ്ചുറികളുണ്ടെങ്കിലും ഐപിഎല്ലില്‍ ധവാന് ഇതുവരെ സെഞ്ചുറി നേടാനായിട്ടില്ല. 97 ആണ് ഐപിഎല്ലിലെ ധവാന്‍റെ ഉയര്‍ന്ന സ്കോര്‍.
രാജസ്ഥാന്‍ ഇന്നിംഗ്സിനിടെ നായകന്‍ ശ്രേയസ് അയ്യര്‍ പരിക്കേറ്റ് മടങ്ങിയപ്പോള്‍ ഡല്‍ഹിയെ വിജയത്തിലേക്ക് നയിച്ചതും ധവാനായിരുന്നു.
കോലിയെയും രോഹിത്തിനെയും റെയ്നയെയും പിന്നിലാക്കിയെങ്കിലും ഐപിഎല്ലിലെ അര്‍ധസെഞ്ചുറിവേട്ടയില്‍ ധവാന്‍ ഒന്നാമനല്ല. അവിടെ വേറൊരു ഇടംകൈയനുണ്ട്. സണ്‍റൈസേഴ്സ് ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണര്‍.
134 മത്സരങ്ങളില്‍ നിന്നാണ് വാര്‍ണര്‍ 46 അര്‍ധസെഞ്ചുറികള്‍ സ്വന്തമാക്കിയത്.
36 അര്‍ധസെഞ്ചുറികളുള്ള എ ബി ഡിവില്ലിയേഴ്സ് ഇവര്‍ക്കെല്ലാം തൊട്ടുപുറകിലുണ്ട്.