'മണ്ടന്‍ തീരുമാനം'; കെ എല്‍ രാഹുലിനെ റോസ്റ്റ് ചെയ്‌ത് ആരാധകര്‍, വിമര്‍ശിച്ച് മുന്‍താരങ്ങളും
അബുദാബി: ഐപിഎല്‍ പതിമൂന്നാം സീസണില്‍ ഡെത്ത് ഓവറുകളിലെ റണ്ണൊഴുക്ക് കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് വീണ്ടും തിരിച്ചടിയാകുമ്പോള്‍ നായകന്‍ കെ എല്‍ രാഹുലിന്‍റെ തന്ത്രങ്ങളിലെ വീഴ്‌ച ചര്‍ച്ചയാവുന്നു. മുംബൈ ഇന്ത്യന്‍സിനെതിരെ അവസാന അഞ്ച് ഓവറില്‍ 89 റൺസ് പഞ്ചാബ് വഴങ്ങി. കൂറ്റനടിക്കാരായ കീറോണ്‍ പൊള്ളാര്‍ഡും ഹര്‍ദിക് പാണ്ഡ്യയും ക്രീസില്‍ നില്‍ക്കേ കൃഷ്‌ണപ്പ ഗൗതമിനെ പന്തേല്‍പിച്ച രാഹുലിന്‍റെ പാളിയ തന്ത്രം വലിയ വിമര്‍ശനമാണ് നേരിടുന്നത്. അവസാന ഓവറില്‍ ഗൗതം പന്തെറിയുന്ന കാഴ്‌ച സച്ചിന്‍ ടെന്‍ഡുല്‍ക്കറെ പോലും അമ്പരപ്പിച്ചു.
മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിലും ഡെത്ത് ഓവറുകളിലെ പഞ്ചാബിന്‍റെ ദൗര്‍ബല്യം വെളിച്ചത്തായി.
കിംഗ്‌സ് ഇലവന്‍ ബൗളര്‍മാര്‍ അവസാന ആറ് ഓവറിൽ വഴങ്ങിയത് 104 റൺസ്.
15-ാം ഓവറില്‍ സ്‌പിന്നര്‍ രവി ബിഷ്‌ണോയ് രണ്ട് സിക്‌സ് സഹിതം 15 റണ്‍സ് വിട്ടുകൊടുത്തു.
തൊട്ടടുത്ത ഓവറില്‍ ജിമ്മി നീഷാം രണ്ട് വീതം സിക്‌സും ഫോറും സഹിതം 22 റണ്‍സ് വഴങ്ങി.
17 ഓവര്‍ എറിയാനെത്തിയ മുഹമ്മദ് ഷമി അഞ്ച് റണ്‍സില്‍ ഒതുക്കി പഞ്ചാബിന് പ്രതീക്ഷ നല്‍കി.
എന്നാല്‍ അടുത്ത ഓവറില്‍ വീണ്ടും പന്തെടുത്തപ്പോള്‍ നീഷമിനെ ഒരു സിക്‌സും രണ്ട് ഫോറും അടക്കം 18 റണ്‍സടിച്ചു പാണ്ഡ്യയും പൊള്ളാര്‍ഡും.
19-ാം ഓവറില്‍ ഷമിയും കണക്കിന് വാങ്ങി. 19 റണ്‍സ്.
അവസാന ഓവര്‍ എറിയാന്‍ സ്‌പിന്നര്‍ കൃഷ്‌ണപ്പ ഗൗതമിനെ പന്തേല്‍പിച്ച കെ എല്‍ രാഹുലിന്‍റെ തീരുമാനം അമ്പേ പാളി.
നാല് സിക്‌സ് സഹിതം ഈ ഓവറില്‍ 25 റണ്‍സ് പൊള്ളാര്‍ഡും പാണ്ഡ്യയും ചേര്‍ത്തു.
മുംബൈ ഇന്ത്യന്‍സ് ആരാധകരെ ത്രസിപ്പിച്ച് പൊള്ളാര്‍ഡിന്‍റെ ഹാട്രിക് സിക്‌സും ഇതിലുണ്ടായിരുന്നു.
കെ എല്‍ രാഹുലിന്‍റെ തീരുമാനം കണ്ട് കണ്ണുതള്ളി ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍.
തെറ്റായ ഓവറിലാണ് ഗൗതം പന്തെടുത്തത് എന്ന വിമര്‍ശനവുമായി മുന്‍താരം ആകാശ് ചോപ്രയും രംഗത്തെത്തി.
കൃഷ്‌ണപ്പ ഗൗതമിനെ അവസാന ഓവര്‍ ഏല്‍പിച്ചത് മണ്ടന്‍ തീരുമാനമെന്ന് ആരാധകരും വിമര്‍ശിച്ചു
സാമൂഹ്യമാധ്യമങ്ങളില്‍ നിരവധി ട്വീറ്റുകളും ട്രോളുകളുമാണ് പ്രത്യക്ഷപ്പെട്ടത്.
കഴിഞ്ഞ മത്സരത്തില്‍ അടിവാങ്ങിയ കോട്രലിന്‍റെ ഓവര്‍ നേരത്തെ എറിഞ്ഞ് തീര്‍ത്തതും പഞ്ചാബിന് തിരിച്ചടിയായി.