ബാംഗ്ലൂരിന്‍റേത് സ്വപ്‌നക്കുതിപ്പ്; സീസണിലെ അമ്പരപ്പിക്കുന്ന പ്രകടനത്തിന് പിന്നില്‍
അബുദാബി: ആരാധകരെപ്പോലും അമ്പരപ്പിക്കുന്ന പ്രകടനമാണ് ഈ സീസണിൽ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റേത്. മുന്നിൽ നിന്ന് നയിക്കുന്ന ക്യാപ്റ്റൻ വിരാട് കോലി തന്നെയാണ് ബാംഗ്ലൂരിന്റെ കരുത്ത്.
വമ്പൻ താരങ്ങൾ ഏറെയുണ്ടെങ്കിലും പേരിനൊത്ത പ്രകടനം പുറത്തെടുക്കാത്ത താരങ്ങളുടെ ടീം എന്നായിരുന്നു റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ നേരിട്ട പ്രധാന വിമർശനം.
ഐപിഎൽ പതിമൂന്നാം സീസണിലേക്ക് എത്തിയപ്പോൾ വിമർശനങ്ങളെല്ലാം ബൗണ്ടറി കടത്തിയിരിക്കുകയാണ് വിരാട് കോലിയും സംഘവും.
പതിനൊന്ന് കളിയിൽ ഏഴിലും ജയിച്ച് പ്ലേ ഓഫിന് അരികിലാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ്.
ടീമിനെ ഒറ്റക്കെട്ടായി നയിക്കുന്ന കോലി ബാറ്റിംഗിലും ഉഗ്രൻ ഫോമിൽ.
ആദ്യ മൂന്ന് കളിയിൽ പതിനെട്ട് റൺസ് മാത്രമേ നേടാനായുള്ള എങ്കിലും 11 കളി പിന്നിട്ടപ്പോൾ കോലിയുടെ പേരിനൊപ്പം മൂന്ന് അർധസെഞ്ചുറികളോടെ 415 റൺസായി.
റൺവേട്ടക്കാരുടെ പട്ടികയിൽ ആദ്യ മൂന്നിലുമുണ്ട് ബാംഗ്ലൂർ നായകൻ.
സൂപ്പർ താരം മികച്ച ഫോമിലാണെങ്കിലും പരിശീലനത്തിൽ ഒട്ടും വീഴ്‌ചയ്‌ക്ക് തയ്യാറല്ല വിരാട് കോലി. ബാറ്റിംഗിലും ഫീൽഡിംഗിലുമെല്ലാം എന്നും എപ്പോഴും കഠിന പരിശീലനം.
കളത്തിനകത്തും പുറക്കും കോലി മാതൃകയായി നിൽക്കുമ്പോൾ സഹതാരങ്ങൾക്കും അലസൻമാരാവാൻ കഴിയില്ല. ഇത് ഈ സീസണിലെ കളികളിലും വ്യക്തം.
ഐപിഎല്ലിൽ മുംബൈ ഇന്ത്യന്‍സിനെ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നേരിടും. അബുദാബിയിൽ വൈകിട്ട് ഏഴരയ്‌ക്കാണ് കളി തുടങ്ങുക.
ചെന്നൈയ്‌ക്ക് മുന്നിൽ മുട്ടുകുത്തിയ കോലിപ്പട ആദ്യ രണ്ട് സ്ഥാനത്ത് എത്താനുള്ള ശ്രമത്തിലാണ്.