ധോണിയും രോഹിത്തുമുള്ള അപൂര്‍വ പട്ടികയില്‍ ഇടംപിടിച്ച് പുരാന്‍
ഷാര്‍ജ: ഐപിഎൽ ചരിത്രത്തിൽ അവസാന പന്തിൽ സിക്സർ പറത്തി ജയം നേടുന്ന ഒൻപതാമത്തെ മത്സരമായിരുന്നു ഇന്നലത്തേത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിനെ സിക്സർ പറത്തി നിക്കോളാസ് പുരാനാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ വിജയത്തിലെത്തിച്ചത്. ഐപിഎല്ലിലെ വമ്പന്‍ താരങ്ങളുള്ള പട്ടികയില്‍ ഇതോടെ പുരാന്‍ ഇടംപിടിച്ചു.
നേരത്തേ, രോഹിത് ശർമ്മ മൂന്ന് തവണ സിക്സറിലൂടെ ടീമിനെ വിജയത്തിൽ എത്തിച്ചിട്ടുണ്ട്.
അമ്പാട്ടി റായിഡു, സൗരഭ് തിവാരി, ഡ്വെയിൻ ബ്രാവോ, എം എസ് ധോണി, മിച്ചൽ സാന്റ്നർ എന്നിവരും നിക്കോളാസിന് മുൻപ് സിക്സർ പറത്തി ടീമിനെ ലക്ഷ്യത്തിൽ എത്തിച്ചവരാണ്.
എന്നാല്‍ ഈ ഐപിഎല്ലില്‍ സിക്‌സര്‍ പറത്തി ടീമിനെ ജയത്തിലെത്തിക്കുന്ന ആദ്യതാരമാണ് പുരാന്‍.
ഈ സീസണില്‍ റൺ പിന്തുടർന്ന് നേടുന്ന ഏറ്റവും വലിയ മൂന്നാമത്തെ ജയംകൂടിയാണ് പഞ്ചാബ് നേടിയത്.
ഐപിഎല്ലിൽ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ കീഴടക്കി പഞ്ചാബ് സീസണിലെ രണ്ടാം ജയം സ്വന്തമാക്കി.
എട്ട് വിക്കറ്റിനാണ് ജയം. ബാംഗ്ലൂരിന്റെ 171 റൺസ് അവസാന പന്തില്‍ പുരാന്‍റെ സിക്‌സറിലാണ് പഞ്ചാബ് മറികടന്നത്.
കെ എല്‍ രാഹുലിനൊപ്പം ഓപ്പണറായി ഇറങ്ങിയ മായങ്ക് അഗര്‍വാള്‍ 25 പന്തില്‍ 45 റണ്‍സെടുത്തു.
സീസണിലാദ്യമായി കളത്തിലിറങ്ങിയ ക്രിസ് ഗെയ്‌ല്‍ 45 പന്തില്‍ അഞ്ച് സിക്‌സും ഒരു ഫോറും സഹിതം 53 റണ്‍സും നേടി.
ഓപ്പണറായിറങ്ങി 49 പന്തില്‍ പുറത്താകാതെ 61 റണ്‍സെടുത്ത കെ എല്‍ രാഹുലാണ് കളിയിലെ താരം.
39 പന്തില്‍ 48 റണ്‍സെടുത്ത വിരാട് കോലിയാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍